biden

ജനുവരി 20 ന് അമേരിക്കയിൽ നടക്കുന്ന അധികാര കൈമാറ്റത്തിൽ പുതിയ പ്രസിഡന്റ് ജോ ബൈഡൻ നേരിടുന്ന ഏറ്റവും കടുപ്പമേറിയ വെല്ലുവിളിയാണ് അമേരിക്കയ്‌ക്ക് ചൈനയുമായുള്ള ബന്ധം. ട്രംപിന്റെ കടന്നുകയറ്റത്തിൽ താളംതെറ്റിയ ചൈനാ ബന്ധം സാമ്പത്തികവും രാഷ്‌ട്രീയവുമായ തലങ്ങളിൽ സംതുലിതമാക്കുക എന്നതാണ് ഏറ്റവും പ്രധാനം. സംഹാരതാണ്‌ഡവമാടുന്ന കൊവിഡ് 19 മഹാമാരിയെയും തകർന്നടിഞ്ഞ അമേരിക്കൻ സമ്പദ് വ്യവസ്ഥയെയും പോലെ കടുപ്പമേറിയതാണ് ലോകത്തെ രണ്ടാമത്തെ സാമ്പത്തികശക്തിയായ ചൈനയുമായുള്ള വിഷലിപ്തമായ ബന്ധം ശരിയാക്കുക എന്നത് . പ്രധാനമായും മൂന്ന് തലങ്ങളിലാണ് ഇത് വെല്ലുവിളി ഉയർത്തുന്നത്,- സാമ്പത്തികരംഗം,​ മനുഷ്യാവകാശം,​ ഭൗമരാഷ്‌ട്രീയം എന്നിവയാണത്.

സാമ്പത്തികബന്ധങ്ങൾ

ട്രംപ് ഭരണകൂടം ചൈനീസ് ഉത്‌പന്നങ്ങളുടെ മേൽ ഏർപ്പെടുത്തിയിട്ടുള്ള കോടിക്കണക്കിന് രൂപയുടെ നികുതി,​ ചൈനീസ് കമ്പനികളുടെ മേൽ ഏർപ്പെടുത്തിയിട്ടുള്ള ഉപരോധം,​ അമേരിക്കൻ സാങ്കേതികവിദ്യകൾ വാങ്ങുന്നതിൽ ചൈനീസ് കമ്പനികൾക്കുമേലുള്ള തടസം എന്നിവയാണ് ചൈന - അമേരിക്ക സാമ്പത്തികബന്ധം വഷളാക്കിയത്. കൂടാതെ,​ ചൈനീസ് സൈന്യവുമായി ബന്ധപ്പെട്ടിട്ടുള്ള കമ്പനികളിൽ അമേരിക്കക്കാർ നിക്ഷേപം നടത്തുന്നത് നിരോധിച്ചതും ട്രംപിന്റെ നേട്ടമായാണ് കാണുന്നത്. പ്രായോഗിക തലത്തിൽ ട്രംപ് ചൈനയ്‌ക്കെതിരെ ഏർപ്പെടുത്തിയിട്ടുള്ള ഈ സാമ്പത്തിക ഉപരോധം നിലനില്‌ക്കെത്തന്നെ ബന്ധം സാധാരണനിലയിലാക്കുക എന്നതാണ് ബൈഡൻ നേരിടുന്ന വെല്ലുവിളി. ഇക്കാര്യത്തിൽ ഇളവുകൾ അനുവദിച്ചാൽ തീവ്രവലതുപക്ഷത്തിന്റെ ക്രോധത്തിന് ഇരയാകും.

ട്രംപിന്റെ ചൈനാ നയത്തോട് ബൈഡന് മതിപ്പില്ല. തന്ത്രപരമായ പരാജയമെന്നും ദീർഘകാലത്തേക്ക് ഗുണകരമല്ല എന്നതുമാണ് ബൈഡന്റെ വാദം. അദ്ദേഹം കുറച്ചുകൂടി ക്രിയാത്മക സമീപനമാണ് വിഭാവനം ചെയ്യുന്നത്. അതേസമയം മൃദുസമീപനം സ്വീകരിക്കാൻ ഉദ്ദേശിക്കുന്നുമില്ല. 2020 ജനുവരിയിൽ ഫോറിൻ അഫയേഴ്‌സ് ജേർണലിൽ ചൈനീസ് കമ്മ്യൂണിസ്‌റ്റ് പാർട്ടിയുടെ ഏകാധിപത്യത്തെ വിമർശിച്ചും ഷീജിൻപിങിനെ കൊള്ളക്കാരനെന്ന് വിശേഷിപ്പിച്ചും ചൈനയ്‌ക്കെതിരെ കടുത്ത നയം വേണമെന്ന് അഭിപ്രായപ്പെട്ട് ജോ ബൈഡൻ ലേഖനമെഴുതിയിരുന്നു. ട്രംപിന്റെ ചൈനാവിരുദ്ധ നിലപാടിൽ നിന്ന് പൂർണമായും വ്യതിചലിക്കുക ബൈഡന് എളുപ്പമല്ല. മഹാമാരിയെയും മറ്റ് ആഗോളപ്രശ്‌നങ്ങളെയും ചൈനയുമായി ചേർന്ന് നേരിടുന്നതിനൊപ്പം സൈനികവും സാങ്കേതികവുമായ രംഗത്ത് ചൈനയുമായി മത്സരിക്കേണ്ടതുമുണ്ട്.

ബൈഡന്റെ വിദേശകാര്യ സെക്രട്ടറിയായി പറഞ്ഞുകേൾക്കുന്ന ആന്റണി ബ്ളിൻകെന്റെ അഭിപ്രായത്തിൽ അമേരിക്കയുടെ പരമ്പരാഗത കൂട്ടാളികളായ യൂറോപ്യൻ രാജ്യങ്ങൾ, ജപ്പാൻ, ഓസ്‌ട്രേലിയ കൂടാതെ ഇന്ത്യയുമായും ചേർന്ന് ചൈനയെ നേരിടുക എന്നതാണ് പുതിയനയം. ചൈനയിൽ സാമ്പത്തിക പരിഷ്‌കാരങ്ങൾ കൊണ്ടുവരിക, കമ്മ്യൂണിസ്‌റ്റ് പാർട്ടിയുടെ ഏകാധിപത്യത്തെ നേരിടുക, ബൗദ്ധികസ്വത്തവകാശ നിയമലംഘനങ്ങൾ തടയുക തുടങ്ങിയവ കൂട്ടായ സമ്മർദ്ദത്തിലൂടെ നേടിയെടുക്കുക എന്നതാണ് ബൈഡന്റെ ലക്ഷ്യം. ഇതിലേറ്റവും പ്രധാനപ്പെട്ടത് റീജിയണൽ കോംപ്രിഹെൻസീവ് ഇക്കണോമിക് പാർട്‌നർഷിപ്പിലൂടെയും ബെൽറ്റ് ആൻഡ് റോ‌ഡ് പദ്ധതിയിലൂടെയും ഏഷ്യയിൽ ചൈനയ്‌ക്ക് കൈവന്നിട്ടുള്ള സാമ്പത്തിക മേൽക്കൈ തടയുക എന്നതാണ്.

മനുഷ്യാവകാശ പ്രശ്‌നങ്ങൾ

മനുഷ്യാവകാശ ലംഘനങ്ങളെ ജോ ബൈഡനും കമലാഹാരിസും കടുത്തഭാഷയിൽ വിമർശിച്ചിട്ടുണ്ട്. ട്രംപ് ഭരണകൂടം മനുഷ്യാവകാശങ്ങളുടെ പേരിൽ ചൈനയെ നിശിതമായി വിമർശിക്കുക മാത്രമല്ല, മനുഷ്യാവകാശലംഘനം നടത്തിയ ചൈനീസ് ഉദ്യോഗസ്ഥർ, ഏജൻസികൾ, കമ്പനികൾ എന്നിവർക്കെതിരെ ഉപരോധവും ഏർപ്പെടുത്തിയിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണവേളയിൽത്തന്നെ ജോ ബൈഡൻ ഉയ്‌ഗുർ മുസ്ളിങ്ങൾ, ടിബറ്റൻ ജനത തുടങ്ങിയവർ നേരിടുന്ന മനുഷ്യാവകാശപ്രശ്‌നങ്ങൾ വലിയരീതിയിൽ ഉന്നയിച്ചിരുന്നു. ഹോങ്കോംഗിൽ ഏർപ്പെടുത്തിയിട്ടുള്ള പുതിയ സുരക്ഷാനിയമം ജനാധിപത്യ പ്രതീക്ഷ അവസാനിപ്പിക്കുന്നതാണെന്നാണ് ബൈഡന്റെ അഭിപ്രായം. ചൈനയിലെ രാഷ്‌ട്രീയ തടവുകാരെ മോചിപ്പിക്കുക, ചൈനാ വിമതർക്ക് രാഷ്ട്രീയ അഭയം നല്‌കുക, ചൈനയിലെ പൗരസമൂഹ സ്വാതന്ത്ര്യത്തെ ഉയർത്തിപ്പിടിക്കുക , കമ്മ്യൂണിസ്‌റ്റ് പാർട്ടിയുടെ മനുഷ്യാവകാശ ലംഘനങ്ങളെ തള്ളിപ്പറയുക, തുടങ്ങിയ നയങ്ങൾ ബൈഡൻ തുടരും. ഹോങ്കോംഗിൽ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾ നിശ്ചയമായും യു.എന്നിൽ ചർച്ചാവിഷയമാകും. ചൈനീസ് കമ്മ്യൂണിസ്‌റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ ഒട്ടനവധി മാദ്ധ്യമപ്രവർത്തകരെയും ചിന്തകരെയും കലാകാരന്മാരെയും മതപുരോഹിതരെയും ജയിലിൽ അടച്ചിട്ടുണ്ട്. അമേരിക്കയിൽ പ്രവർത്തിക്കുന്ന ചൈനീസ് കമ്പനികളുടെ മനുഷ്യാവകാശ ലംഘനവും ഉഭയകക്ഷി ബന്ധങ്ങളിൽ കടന്നുവന്നേക്കാം. ഇതൊക്കെ പറയുമ്പോഴും ട്രംപിന്റെ കുടിയേറ്റ നയവും വിസ നിയന്ത്രണങ്ങളും വംശീയവിദ്വേഷവുമൊക്കെ മനുഷ്യാവകാശ ലംഘനത്തിൽ അമേരിക്കയെയും പ്രതിക്കൂട്ടിലാക്കുന്നു. ഇവ രണ്ടിനെയും ബാലൻസ് ചെയ്‌ത് ചൈനയെ പ്രതിരോധത്തിലാക്കുക എന്നതാണ് ബൈഡൻ നേരിടുന്ന വെല്ലുവിളി.

ചൈന എന്ന എതിരാളി

ലോകരാഷ്‌ട്രീയത്തിൽ അമേരിക്ക നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ചൈന എന്ന പുതുശക്തി. അമേരിക്കയുടെ ലോകരാഷ്‌ട്രീയ മേധാവിത്വം, അന്താരാഷ്‌ട്ര സംഘടനകളിലുള്ള അധീശത്വം, ഏഷ്യൻ രാഷ്‌ട്രീയത്തിലെ മുൻതൂക്കം ഇവയെല്ലാം ചൈന ചോദ്യം ചെയ്യുകയാണ്. ഒരുകാലത്ത് സോവിയറ്റ് യൂണിയനെ പേടിച്ചിരുന്നതു പോലെയാണ് ഇന്ന് അമേരിക്ക ചൈനയെ പേടിക്കുന്നത്. യഥാർത്ഥത്തിൽ സോവിയറ്റ് യൂണിയൻ ഉയർത്തിയതിനേക്കാൾ വലിയ വെല്ലുവിളിയാണ് ചൈന ഉയർത്തുന്നത്. ദക്ഷിണ ചൈനാ കടൽ , കിഴക്കൻ ചൈനാ കടൽ, ഇൻഡോ പസഫിക്, തെക്കേ ഏഷ്യ തുടങ്ങിയ പ്രദേശങ്ങളെല്ലാം തന്നെ ചൈനീസ് സ്വാധീനത്തിലേക്ക് വഴുതി വീഴുകയാണ്. ഈ പ്രദേശങ്ങളെല്ലാം രണ്ടാംലോക മഹായുദ്ധത്തിന് ശേഷം അമേരിക്കൻ സ്വാധീനത്തിലായിരുന്നു. അമേരിക്കയുടെ നഷ്‌ടപ്പെടുന്ന സ്വാധീനം നിലനിറുത്താൻ വേണ്ടിയാണ് ഇൻഡോ പസഫിക്കിൽ അമേരിക്ക 'ക്വാഡ് ' എന്ന ചതുർരാഷ്‌ട്ര സഖ്യത്തിന് രൂപം നല്‌കിയിട്ടുള്ളത്. കൊവിഡ് 19 മഹാമാരിയെ തുടർന്ന് ചൈന ഇന്ത്യയോടും തായ്‌വാനോടും തെക്ക് ചൈനാ കടലിലും നടത്തിയ അതിർത്തി കടന്നുകയറ്റങ്ങളിൽ അമേരിക്ക എടുത്ത ചൈനാ വിരുദ്ധ നിലപാട് ശ്രദ്ധേയമാണ്. ഡബ്ള്യു. എച്ച്.ഒ പോലുള്ള അന്താരാഷ്‌ട്ര സംഘടനകളിൽ അമേരിക്കയ്‌ക്കുണ്ടായിരുന്ന സ്വാധീനം നഷ്‌ടപ്പെടുന്ന ചിത്രം ലോകം കണ്ടുകഴിഞ്ഞു. രണ്ടാംലോക മഹായുദ്ധത്തിന് ശേഷം എന്തൊക്കെ സംവിധാനങ്ങളാണോ അമേരിക്കയെ ഒന്നാമനാക്കിയത് , അവിടെയെല്ലാം ചൈന കടന്നുകയറുകയാണ്. ചൈന എന്ന വമ്പൻ എതിരാളിയെ എങ്ങനെ ബൈഡൻ നേരിടും എന്നതാണ് ലോകം ഉറ്റുനോക്കുന്നത്. നഷ്‌ടപ്പെടാൻ സാദ്ധ്യതയുള്ള ഒന്നാംസ്ഥാനം നിലനിറുത്തി ചൈനയെ പിടിച്ചുകെട്ടുക എന്നതാണ് ബൈഡന്റെ വിദേശനയത്തെ സങ്കീർണമാക്കുന്നത്.

ലോകരാഷ്‌ട്രീയം ഒരു നിർണായക ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. കൊവിഡിനെ ഒരു സുവർണാവസരമായി കണ്ട് ലോകത്ത് അധീശത്വം ഉറപ്പിക്കാൻ ശ്രമിക്കുകയാണ് ചൈന. അതുകൊണ്ടുതന്നെ ചൈന - അമേരിക്ക ബന്ധം സംഘർഷപൂരിതമായിരിക്കും. ലോകത്തിനാവശ്യം ആഗോളപ്രശ്‌നങ്ങൾ പരിഹരിക്കാൻ പരസ്‌പരം സഹകരിക്കുന്ന അമേരിക്കയും ചൈനയുമാണ്. ലോകത്തിന്റെ സാമ്പത്തിക ഭദ്രത, സമാധാനം, സൈബർ സുരക്ഷ, പാരിസ്ഥിതിക സന്തുലിതാവസ്ഥ തുടങ്ങിയവ ഈ രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തിലധിഷ്‌ഠിതമാണ്. ഇത് ഉറപ്പാക്കാൻ ബൈഡന്റെ ചൈനാ നയത്തിന് കഴിയുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.