മകനെ കാണാതായിട്ട് വർഷങ്ങൾ പിന്നിട്ടു. പലയിടങ്ങളിലും ഒരുപാട് അന്വേഷിച്ചെങ്കിലും പ്രിയപുത്രനെ കാണാതായ വിഷമത്തിലായിരുന്നു വൃദ്ധദമ്പതികൾ. ഒടുവിൽ മകൻ മരിച്ചുകാണും എന്ന് വിശ്വസിച്ചിരുന്ന മാതാപിതാക്കൾക്ക് മുന്നിൽ മകനെത്തുന്നു, അതും നീണ്ട പത്തു വർഷങ്ങൾക്ക് ശേഷം. പറഞ്ഞുവന്നത് ഒരു സിനിമാക്കഥയല്ല, യഥാർത്ഥസംഭവമാണ്.
ബ്രസീലിലെ ഗോയിനിയ എന്ന സ്ഥലത്ത് തെരുവിലൂടെ അലഞ്ഞുനടന്ന, താടിയും മുടിയും നീട്ടിയ ഒരാൾ ഒരു കടയുടെ മുന്നിലെത്തി. അയാളോട് ഭക്ഷണം കഴിച്ചോ എന്ന കടയുടമയുടെ ചോദ്യമാണ് ഒരു കുടുംബത്തിന് കാണാതായ അവരുടെ പ്രിയപ്പെട്ട മകനെ തിരികെ നൽകിയത്.
നാളുകളായി തെരുവിൽ ആക്രി പെറുക്കി ജീവിക്കുകയാണ് ജോവോ കോയൽഹോ എന്നയാൾ.
തെരുവിലൂടെ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന ഇയാൾ ആരെങ്കിലുമൊക്കെ വാങ്ങി നൽകുന്ന ഭക്ഷണം കഴിച്ചാണ് ജീവിക്കുന്നത്. അങ്ങനെ അലഞ്ഞുനടന്ന അയാൾ ഒരിക്കൽ തെരുവിലെ അലസാൻഡ്രോ ലോബോയുടെ ബാർബർ ഷോപ്പിനു മുന്നിലെത്തി. ഇയാളുടെ അവസ്ഥ കണ്ട ലോബോ ഭക്ഷണം വേണോ എന്ന് ചോദിച്ചപ്പോൾ, തനിക്ക് ഭക്ഷണം വേണ്ട പകരം തന്റെ താടിയും മുടിയും വെട്ടിത്തരാമോ എന്ന മറുചോദ്യമാണ് ജോവോ ചോദിച്ചത്. മറ്റൊന്നും ആലോചിക്കാതെ അദ്ദേഹത്തെ തന്റെ കടയിലേക്ക് കൂട്ടിക്കൊണ്ടുപോയ ലോബോ അയാളുടെ താടിയും മുടിയും വെട്ടി വൃത്തിയാക്കി.
വളരെ സ്റ്റൈലിഷായി താടിയും മുടിയും മുറിച്ചശേഷം അദ്ദേഹത്തിന് മൂന്ന് ജോഡി പുതിയ വസ്ത്രങ്ങളും സമ്മാനിച്ചു. ജോവോയുടെ ഈ മേക്കോവർ ചിത്രങ്ങൾ അദ്ദേഹം സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചപ്പോൾ നിരവധിപ്പേരാണ് ലോബോയെ അഭിനന്ദിച്ച് രംഗത്തെത്തിയത്. എന്നാൽ, ഈ ചിത്രങ്ങൾ കണ്ടതോടേ ഇത് തങ്ങളുടെ കാണാതായ മകനാണെന്ന് ജോവോയുടെ അമ്മ തിരിച്ചറിയുകയായിരുന്നു. ഉടൻതന്നെ ലോബോയെ ബന്ധപ്പെട്ട് ഈ അമ്മ പത്ത് വർഷങ്ങൾക്ക് മുൻപ് തങ്ങൾക്ക് നഷ്ടപ്പെട്ട മകനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി.