biju-prabhakar

തിരുവനന്തപുരം: കെ എസ് ആർ ടി സി എം ഡി ബിജുപ്രഭാകറിന് എതിരെ പ്രതിഷേധവുമായി ജീവനക്കാർ. തിരുവനന്തപുരം ട്രാൻസ്‌പോർട്ട് ഭവന് മുന്നിൽ ഐ എൻ ടി യു സിക്കാർ എം ഡിക്ക് എതിരെ പ്രതിഷേധിച്ചു. തിങ്കളാഴ്‌ച സംസ്ഥാന വ്യാപകമായി പ്രതിഷേധം നടത്തുമെന്ന് ഐ എൻ ടി യു സി അറിയിച്ചു. ജീവനക്കാർക്കെതിരെ പ്രതികരണം നടത്തിയ ബിജു പ്രഭാകറിന് എതിരെ വിവിധ യൂണിയനുകളുടെ ഭാഗത്ത് നിന്ന് ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.

കെ എസ് ആർ ടി സിയിലെ തട്ടിപ്പും ക്രമക്കേടും തുറന്നുപറഞ്ഞതാണ് ബിജുപ്രഭാകറിന് എതിരെ സംഘടനകൾ തിരിയാനുളള കാരണം. സ്ഥാപനം ചെളിക്കുണ്ടിൽ കിടക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് മാറ്റങ്ങളെ എതിർക്കുന്നത്. ഷോപ്പിംഗ് കോംപ്ലക്‌സുകൾ നിർമ്മിച്ചത് വേണ്ട പഠനമില്ലാതെയാണ്. ജീവനക്കാർ കൂടുതലാണ്. ചിലർ ജോലി ചെയ്യാതെ ഇഞ്ചിയും മഞ്ഞളും കൃഷി ചെയ്യുന്നു. അവർക്ക് പകരം എം പാനലുകാരാണ് ജോലി ചെയ്യുന്നത്. സി എൻ ജിയെ എതിർക്കുന്നത് ട്രിപ് ദൂരം കൂട്ടിക്കാണിച്ചുളള ഡീസൽ വെട്ടിപ്പ് തുടരാനാണെന്നും ബിജുപ്രഭാകർ ആരോപിച്ചിരുന്നു.

കെ എസ് ആർ ടി സിയിൽ സ്വിഫ്‌റ്റ് പദ്ധതി നടപ്പാക്കുകതന്നെ ചെയ്യുമെന്ന ബിജു പ്രഭാകറിന്റെ തീരുമാനമാണ് ജീവനക്കാരുമായുളള ശീതയുദ്ധത്തിന് വഴിത്തുറന്നത്. 2012–15 കാലത്ത് അക്കൗണ്ട്സ് മാനേജർ ആയിരുന്നപ്പോൾ 100 കോടിയുടെ തിരിമറി നടത്തിയ ഉദ്യോഗസ്ഥനടക്കം ഉളളവർക്കെതിരെ നടപടിയുണ്ടാകുമെന്ന്ബിജു പ്രഭാകർ വ്യക്തമാക്കിയിരുന്നു.