indians-in-team-biden

വാഷിംഗ്ടൺ: വീണ്ടും ഇന്ത്യൻ വംശജരെ ഉന്നതസ്ഥാനങ്ങളിൽ നിയമിച്ച് നിയുക്ത അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. സമീറ ഫാസിലിയെ​ ദേശീയ സാമ്പത്തിക കൗൺസിൽ ഡെപ്യൂട്ടി ഡയറക്​ടറായും ഹെൽത്ത് പോളിസി വിദഗ്ദ്ധൻ വിദുർ ശർമ്മയെ കൊവിഡ് റെസ്‌പോണ്ട്സ് ടീമിന്റെ ടെസ്റ്റിംഗ് ഉപദേശകനായും നിയമിച്ചു. ഒബാമ - ബൈഡൻ ഭരണകൂടത്തിൽ ദേശീയ സാമ്പത്തിക കൗൺസിലിൽ സീനിയർ പോളിസി ഉപദേഷ്​ടാവായിരുന്നു ഫാസിലി​. ദേശീയ സാമ്പത്തിക കൗൺസിലിനാണ്​ ഭരണകൂടത്തിന്റെ സാമ്പത്തിക നയ രൂപവത്​കരണ ചുമതല. പ്രസിഡന്റിന്​ സാമ്പത്തിക ഉപദേശം നൽകുന്നതും കൗൺസിലാണ്.

ബൈഡൻ- ഹാരിസ്​ കൂട്ടുകെട്ടിന്റെ ഇക്കണോമിക്​ ഏജൻസി മേധാവിയാണ്​ നിലവിൽ ഫാസിലി. ​അറ്റ്​ലാന്റ ഫെഡറൽ റിസർവ്​ ബാങ്കിൽ മുതിർന്ന ഉദ്യോഗസ്ഥയായും യേൽ ലോ സ്​കൂൾ ക്ലിനിക്കൽ ലക്​ചററായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. യേൽ ലോ സ്​കൂൾ, ഹാർവാർഡ്​ കോളജ്​ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി.

ഒബാമയുടെ ഭരണകാലത്ത് ഹെൽത്ത് പോളിസി അഡ്‌വൈസറായിരുന്നു വിദുർ ശർമ്മ. ഹാർവാഡ് ടി.എച്ച് ചാൻ സ്‌കൂൾ ഒഫ് പബ്ലിക് ഹെൽത്ത്, സെന്റ് ലൂയിസ് യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കി.