ലണ്ടൻ: കോടികൾ വിലവരുന്ന 7,500 ബിറ്റ്കോയിനുകളുടെ ഡിജിറ്റൽ ശേഖരം സൂക്ഷിച്ച കമ്പ്യൂട്ടർ ഹാർഡ് ഡ്രൈവ് അശ്രദ്ധമായി ചവറുകൂനയിലെറിഞ്ഞ് യുവാവ്. 2013ൽ, ബിറ്റ്കോയിനുകൾക്ക് മൂല്യമില്ലാതിരുന്ന സമയത്താണ് വെയിൽസ് സ്വദേശിയായ ജയിംസ് ഹോവെൽസ് ഹാർഡ് ഡ്രൈവ് മുനിസിപ്പാലിറ്റി ചവറുകൂനയിൽ കളഞ്ഞത്.പിന്നീട്, ബിറ്റ്കോയിനുകളുടെ വില കുത്തനെ ഉയർന്നപ്പോഴാണ് ജയിംസ് ഹാർഡ് ഡ്രൈവിനെക്കുറിച്ച് ഓർത്തതും തെരച്ചിൽ ആരംഭിച്ചതും. വെയിൽസിലെ ന്യൂപോർട്ട് സിറ്റി കൗൺസിലിനു കീഴിലെ മാലിന്യക്കൂനയിൽ ഹാർഡ് ഡ്രൈവ് ഇപ്പോഴും കാണുമെന്ന നിഗമനത്തിൽ അധികൃതരെ സമീപിച്ച ജയിംസ് അവർക്ക് വാഗ്ദാനം ചെയ്തത് ബിറ്റ്കോയിൻ ശേഖരത്തിന്റെ നാലിലൊന്നാണ്. 500 കോടിയിലേറെ രൂപ മൂല്യം ഇതിന് മാത്രം വരും. ഹാർഡ് ഡ്രൈവ് ഉണ്ടാകാൻ സാദ്ധ്യതയുള്ള ഭാഗം കുഴിക്കാൻ അനുവദിക്കണമെന്നാണ് ജയിംസിന്റെ അപേക്ഷ. നിലവിൽ ഒരു ബിറ്റ്കോയിൻ 37,000 ഡോളറിനാണ് വിൽക്കുന്നത്. എന്നുവെച്ചാൽ, 7500 ബിറ്റ്കോയിനുകളുടെ മൂല്യം കോടികളാണ്. തന്റെ ബിറ്റ്കോയിനുകൾക്ക് 90 ലക്ഷം ഡോളർ മൂല്യമുള്ള കാലത്തായിരുന്നു ഹാർഡ് ഡ്രൈവ് കാണാനില്ലെന്ന വിവരം യുവാവ് മനസിലാക്കിയത്. നിലവിലെ മൂല്യം കണക്കാക്കിയാൽ ഇവക്ക് 273 ദശലക്ഷം ഡോളർ വരും. 2013 മുതൽ ബിറ്റ്കോയിനുകൾ തിരഞ്ഞ് യുവാവ് തങ്ങളുടെ പിന്നാലെയുണ്ടെന്ന് ന്യൂപോർട്ട് സിറ്റി കൗൺസിൽ അധികൃതർ പറയുന്നു. അപേക്ഷ തള്ളിയിട്ടില്ലെങ്കിലും നിലവിൽ പരിസ്ഥിതി പ്രശ്ന മൂലം മാലിന്യശേഖരം കുഴിക്കാൻ അനുമതിയില്ലെന്ന് അധൃതർ പറയുന്നു.
ബിറ്റ്കോയിൻ
2009ൽ സതോഷി നകാമോട്ടായെന്നയാളാണ് ബിറ്റ്കോയിൻ എന്ന ഡിജിറ്റൽ കറൻസി വികസിപ്പിച്ചത്. സതോഷിയെക്കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും ലഭ്യമല്ല. ഇയാൾ ജപ്പാൻകാരനാണെന്നാണ് വിവരം. എന്നാൽ, ഇങ്ങനെയൊരാൾ യഥാർത്ഥത്തിൽ ജീവിച്ചിരിപ്പുണ്ടോയെന്ന് പോലും ഉറപ്പില്ല. ഓരോ വ്യക്തിയുടെയും സാങ്കേതിക ഉപകരണങ്ങളുടെ ഡിജിറ്റൽ വാലറ്റിൽ സൂക്ഷിച്ച കമ്പ്യൂട്ടർ ഫയലുകളാണ് ബിറ്റ്കോയിനുകൾ. ഇവ പിന്നീട് പണം കൈമാറ്റത്തിനുൾപ്പെടെ ഉപയോഗിക്കാം.