ബർലിൻ: ഒന്നര പതിറ്റാണ്ട് ജർമൻ ചാൻസലർ പദവിയിലിരുന്ന ആംഗല മെർക്കൽ സെപ്തംബറിലെ ഫെഡറൽ തിരഞ്ഞെടുപ്പോടെ ഒഴിയുമെന്ന് പ്രഖ്യാപിച്ചതിനാൽ അർമിൻ ലാഷെറ്റിനെ പാർട്ടി തലവനായി തിരഞ്ഞെടുത്ത് ഭരണകക്ഷിയായ ക്രിസ്റ്റ്യൻ ഡെമോക്രാറ്റുകൾ. ഇന്നലെ നടന്ന യോഗത്തിലാണ് തലവനെ തിരഞ്ഞെടുത്തത്. മന്ത്രികൂടിയാണദ്ദേഹം. സി.ഡി.യു ഓൺലൈനായി നടത്തുന്ന സമ്മേളനത്തിൽ പങ്കെടുത്ത 1,001 പ്രതിനിധികളാണ് പുതിയ തലവനെ തിരഞ്ഞെടുത്തത്. തിരഞ്ഞെടുപ്പ് ജയിച്ചാൽ തലവൻ തന്നെ സാധാരണഗതിയിൽ ചാൻസലർ പദവിയിലെത്തും. ഫ്രഡറിക് മെർസ്, നോർബർട്ട് റോട്ട്ഗെൻ എന്നിവരും മത്സരരംഗത്തെത്തുണ്ടായിരുന്നു. പട്ടികയിൽ ഇടം പിടിച്ചില്ലെങ്കിലും ജനപ്രിയനായ മാർകസ് സോഡറും സജീവ പരിഗണനയിലുണ്ടായിരുന്നു. അതേസമയം, ചാൻസലർ പദവിയിലേക്ക് നിലവിലെ ആരോഗ്യ മന്ത്രി ജെൻസ് സ്പാനിന്റെ പേരും പറഞ്ഞുകേൾക്കുന്നുണ്ട്.
ആംഗല എന്ന ഉരുക്കുവനിത
2005 മുതൽ ചാൻസലർ പദവിയിലിരുന്ന ആംഗല മെർക്കൽ ജർമനിയെ സാമ്പത്തികമായി ഏറെ ഉന്നതിയിലെത്തിച്ചിരുന്നു. അഭയാർത്ഥി പ്രശ്നത്തിൽ യൂറോപ്പ് വലഞ്ഞപ്പോൾ 10 ലക്ഷം അഭയാർത്ഥികളെ മാസങ്ങൾക്കകം രാജ്യത്തെത്തിച്ച് സ്വീകരണമൊരുക്കി മെർക്കൽ താരമായി. അതിന്റെ പേരിൽ വംശീയ ചേരിതിരിവ് സൃഷ്ടിച്ച് രാജ്യത്ത് അട്ടിമറി നടത്താൻ തീവ്ര വലതുപക്ഷം നടത്തിയ ശ്രമങ്ങൾ വിജയിച്ചില്ല. മൃദു സമീപനവും ഉറച്ച നേതൃത്വവും ശരിയായ തീരുമാനങ്ങളും കൊണ്ട് ജർമൻ ജനതയുടേയും ലോകരാജ്യങ്ങളുടേയും ആദരം ആംഗല നേടിയിരുന്നു.