വഡോദര : ഇന്ത്യൻ ക്രിക്കറ്റിലെ സഹോദര താരങ്ങളായ ഹാർദിക് പാണ്ഡ്യയുടെയും ക്രുനാൽ പാണ്ഡ്യയുടെയും പിതാവ് ഹിമാൻഷു പാണ്ഡ്യ അന്തരിച്ചു. 71 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം.
സെയ്ദ് മുഷ്താഖ് അലി ട്രോഫിയിൽ ബറോഡയെ നയിക്കുന്ന ക്രുനാൽ പാണ്ഡ്യ പിതാവിന്റെ മരണവാർത്തയറിഞ്ഞ് വീട്ടിലേക്ക് മടങ്ങി. ആസ്ട്രേലിയയിൽ പര്യടനം കഴിഞ്ഞെത്തിയ ഇളയ മകൻ ഹാർദിക് പാണ്ഡ്യ നാട്ടിലുണ്ട്. ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിൽ ഇടം ലഭിക്കാതിരുന്ന പാണ്ഡ്യ, ലിമിറ്റഡ് ഓവർ മത്സരങ്ങൾ അവസാനിച്ചതിനു പിന്നാലെ നാട്ടിലേക്ക് മടങ്ങിയിരുന്നു.ഹാർദിക് മുഷ്താഖ് അലി ട്രോഫിയിൽ കളിക്കുന്നില്ല.
പാണ്ഡ്യ സഹോദരൻമാരുടെ ക്രിക്കറ്റ് കരിയറിൽ നിർണായക സ്വാധീനം ചെലുത്തിയ വ്യക്തിയാണ് പിതാവ് ഹിമാൻഷു . സൂറത്തിൽ ബിസിനസ് നടത്തിയിരുന്ന ഹിമാൻഷു മക്കളുടെ ക്രിക്കറ്റ് കരിയർ ലക്ഷ്യമിട്ട് ബിസിനസ് ഉപേക്ഷിച്ചാണ് വഡോദരയിലേക്ക് താമസം മാറിയത്. അവിടെ മുൻ ഇന്ത്യൻ താരം കിരൺ മോറെയുടെ ക്രിക്കറ്റ് അക്കാദമിയിലൂടെയാണ് ഹാർദിക്കും ക്രുനാലും കരിയർ ആരംഭിച്ചത്.