rajnath-singh-

ലക്‌നൗ : ഏതെങ്കിലും മഹാശക്തി ഇന്ത്യയുടെ അഭിമാനം വ്രണപ്പെടുത്താൻ ശ്രമിച്ചാൽ അതിന് സൈനികർ ഉചിതമായ മറുപടി നൽകുമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ചൈനയുമായുള്ള അതിർത്തി സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പേരെടുത്ത് പറയാതെയായിരുന്നു രാജ്‌നാഥ് സിംഗിന്റെ മുന്നറിയിപ്പ്.. ലക്നൗവിൽ നടന്ന പൊതുപരിപാടിയിലായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം.

ചൈനയുമായുള്ള അതിർത്തി സംഘർഷത്തിൽ കരസേനയുടെ 'കരിസ്മാറ്റിക്' പ്രകടനം രാജ്യത്തിന്റെ മനോവീര്യം ഉയർത്തിയെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. കരസേനയുടെ പ്രകടനം ഇന്ത്യൻ പൗരൻമാർക്ക് തല ഉയർത്തി നടക്കാനുള്ള അവസരം ഉണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു. ഉറച്ച നിലപാടെടുക്കാനും തങ്ങളുടെ പ്രദേശം സംരക്ഷിക്കാനുമുള്ള ഇന്ത്യയുടെ തീരുമാനം രാജ്നാഥ് സിംഗ് ആവർത്തിച്ചു. കരസേനാമേധാവി ജനറൽ എം എം നരവാനെയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ചടങ്ങിൽ സന്നിഹിതരായിരുന്നു.

ജൂണിൽ ഗാൽവാൻ താഴ്വരയിൽ ചൈനയുമായുണ്ടായ ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികരാണ് വീരമൃത്യുവരിച്ചത്.