ഒട്ടാവ: നായയ്ക്ക് പകരം കാമുകന്റെ കഴുത്തിൽ ചങ്ങലയിട്ട് പ്രഭാത സവാരിയ്ക്കിറങ്ങി കനേഡിയൻ യുവതി. കാനഡയിൽ കൊവിഡ് പ്രോട്ടോക്കോളിന്റെ ഭാഗമായി രാത്രി എട്ട് മുതൽ പുലർച്ചെ അഞ്ച് വരെ കർഫ്യു പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാൽ, അവശ്യ സാധനങ്ങൾ വാങ്ങാൻ ഇറങ്ങുന്നവർക്കും നായ്ക്കളെ പുറത്ത് കൊണ്ടു പോകുന്നവർക്കും ഇളവുകളുണ്ട്. ഇതിനിടയിലാണ് കാമുകനും കാമുകിയും കൂടി സവാരിക്കിറങ്ങിയത്. കാമുകന്റെ സമ്മതത്തോടെയാണ് കഴുത്തിൽ ചങ്ങല കെട്ടിയത്. എന്നാൽ, സംഭവം കണ്ട് എത്തിയ പൊലീസ് ഇരുവരെയും തടഞ്ഞു. എന്തുകൊണ്ടാണ് കർഫ്യൂ ലംഘിക്കുന്നതെന്ന് പൊലീസുകാർ ചോദിച്ചപ്പോൾ തന്റെ നായയുമായി സവാരിക്ക് ഇറങ്ങിയതാണെന്നാണ് യുവതി മറുപടി നൽകിയത്. കാമുകൻ നായയല്ലെന്ന് പൊലീസുകാർ പറഞ്ഞപ്പോൾ യുവതി ക്ഷുഭിതയായി. തുടർന്ന്, ഇരുവരോടും പിഴ അടയ്ക്കണമെന്ന് പൊലീസുകാർ ആവശ്യപ്പെടുട്ടു. 1500 ഡോളറാണ് (1,09,742 ഇന്ത്യൻ രൂപ) പിഴത്തുക. എന്നാൽ, പിഴ അടയ്ക്കില്ലെന്ന നിലപാടിലാണ് യുവതിയെന്നാണ് റിപ്പോർട്ടിൽ.