ശ്രീലങ്കയ്ക്ക് എതിരായ ആദ്യടെസ്റ്റിൽ ഇംഗ്ളണ്ട് ക്യാപ്ടൻ ജോ റൂട്ടിന് ഇരട്ട സെഞ്ച്വറി
ഗോൾ : ഇരട്ടസെഞ്ച്വറി നേടിയ നായകൻ ജോ റൂട്ടിന്റെ(228) മികവിൽ ശ്രീലങ്കയ്ക്ക് എതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ളണ്ട് 286 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടി.ആദ്യ ഇന്നിംഗ്സിൽ ലങ്ക 135 റൺസിന് ആൾഔട്ടായപ്പോൾ ഇംഗ്ളണ്ട് 421 റൺസെടുത്തു.ഡാൻ ലാറൻസ് 73 റൺസുമായി ക്യാപ്ടന് പിന്തുണ നൽകി. രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ലങ്ക മൂന്നാം ദിവസം കളി നിറുത്തുമ്പോൾ 156/2 എന്ന നിലയിലാണ്.കുശാൽ പെരേര(62), കുശാൽ മെൻഡിസ് (15) എന്നിവരുടെ വിക്കറ്റുകളാണ് ലങ്കയ്ക്ക് നഷ്ടമായത്.76 റൺസുമായി ലാഹിരു തിരിമന്നെ ക്രീസിലുണ്ട്.
228
റൺസാണ് ജോ റൂട്ട് അടിച്ചുകൂട്ടിയത്. 321 പന്തുകൾ നേരിട്ട റൂട്ട് 18ബൗണ്ടറികളും ഒരു സിക്സും പായിച്ചു.
4
റൂട്ടിന്റെ നാലാമത്തെ ടെസ്റ്റ് ഡബിളാണിത്. ശ്രീലങ്കയ്ക്ക് എതിരെ നേടുന്ന രണ്ടാമത്തേതും.
2014
ൽ ശ്രീലങ്കയ്ക്ക് എതിരെ ലോഡ്സ് ടെസ്റ്റിൽ റൂട്ട് പുറത്താകാതെ 200 റൺസ് നേടിയിരുന്നു.
258
പാകിസ്ഥാനെതിരെ 2016ൽ മാഞ്ചസ്റ്ററിൽ നേടിയതാണ് കരിയറിലെ ഉയർന്ന സ്കോർ.
226
ന്യൂസിലൻഡിനെതിരെ 2019 നവംബറിലാണ് ഇതിന് മുമ്പ് ഇരട്ടസെഞ്ച്വറി നേടിയത്.
8000
ടെസ്റ്റ് ക്രിക്കറ്റിൽ എണ്ണായിരം റൺസ് തികയ്ക്കുന്ന ഏഴാമത്തെ ഇംഗ്ളണ്ട് ബാറ്റ്സ്മാൻ എന്ന നാഴികക്കല്ലും റൂട്ട് സ്വന്തമാക്കി.