കൊച്ചി: പ്രളയസമയത്തുണ്ടായ ഭീമമായ നഷ്ടത്തിൽ നിന്നും കരകയറാൻ കാരണം സംസ്ഥാന സർക്കാർ നൽകിയ സഹായമാണെന്നറിയിച്ച് യുവാവ്. എറണാകുളം പറവൂരിൽ പ്രസ് നടത്തുന്ന ബിബിൻ ബോസ് ആണ് തന്റെ സോഷ്യൽ മീഡിയാ അക്കൗണ്ടിലൂടെ സർക്കാരിന് നന്ദി അറിയിച്ചുകൊണ്ട് രംഗത്തെത്തിയത്. പ്രളയത്തിൽ തന്റെ സ്ഥാപനത്തിലെ ലക്ഷങ്ങൾ വിലയുള്ള ഉപകരണങ്ങൾ വെള്ളം കയറി നശിച്ചപ്പോൾ സർക്കാരിന്റെ 'റീബിൽഡ് കേരള ഇനിഷ്യേറ്റീവി'ന് കീഴിലുള്ള 'ഉജ്ജീവനി' സ്‌കീം വഴി തനിക്ക് വായ്പ ലഭിച്ചുവെന്നും അതുവഴി ജീവിതം തിരികെ പിടിക്കാൻ സാധിച്ചുവെന്നും ബിബിൻ പറയുന്നു. ഈ ഘട്ടത്തിൽ തനിക്ക് താങ്ങായി നിന്ന മുഖ്യമന്ത്രിക്കും സംസ്ഥാന സർക്കാരിനുമാണ് ബിബിൻ നന്ദി അറിയിക്കുന്നത്. നന്നാക്കിയ തന്റെ പ്രസിന്റെ ചിത്രവും ബിബിൻ പോസ്റ്റിനൊപ്പം നൽകിയിട്ടുണ്ട്.
കുറിപ്പും ചിത്രവും ചുവടെ:
'കേരള സർക്കാരിന് ഒരു ബിഗ് സല്യൂട്ട്
എറണാകുളം ജില്ലയിലെ പറവൂർ താലൂക്കിൽ പ്രസ്സ് നടത്തുന്ന ഒരു ചെറുകിട വ്യവസായി ആണ് ഞാൻ. 2018 ഉണ്ടായ പ്രളയത്തിൽ വെള്ളം കയറിയപ്പോൾ എന്റെ സ്ഥാപനവും മുഴുവനായി വെള്ളത്തിൽ മുങ്ങി. ലക്ഷകണക്കിന് രൂപയുടെ നഷ്ടം സംഭവിച്ചു. പ്രിന്റിംഗ് മെഷീൻ ഉൾപ്പടെ എല്ലാത്തിനും കേടുപാടുകൾ ഉണ്ടായി. എന്റെയും അഞ്ച് തൊഴിലാളികളുടേയും കുടുംബങ്ങൾ ഈ സ്ഥാപനത്തെ ആശ്രയിച്ചാണ് ജീവിതം മുന്നോട്ട് കൊണ്ടുപോയിരുന്നത്. മെഷിനറി ശരിയാക്കി വർക്ക് പുനരാരംഭിക്കുന്നതിന് ഒരുപാട് പണം വേണ്ടതായി വന്നു.
പ്രിന്റേഴ്‌സ് അസോസിയേഷൻ അവരാലാവുന്ന സഹായം നൽകി. പിന്നെയും വേണ്ടി വന്നു ഒരുപാട് പണം. ഇത് എങ്ങനെ ഉണ്ടാക്കും എന്ന് വിചാരിച്ചു ഇരിക്കുമ്പോഴാണ് പ്രളയത്തിൽ തകച്ച നേരിട്ട ചെറുകിട വ്യവസായികളെ സഹായിക്കാൻ ഉജ്ജീവനി എന്ന പദ്ധതി പ്രിയങ്കരനായ മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. അത് കേട്ടപ്പോൾ ഒരു ആശ്വാസമായി എന്നാലും ഒരു ആശങ്ക ബാക്കിയായി. വ്യവസായ ഓഫീസറുമായി ബന്ധപ്പെട്ടപ്പോൾ ഈ പദ്ധതിയുടെ എല്ലാ കാര്യവും എനിക്ക് പറഞ്ഞു തന്നു.
അത് പ്രകാരം പറവൂർ വടക്കേക്കര സർവീസ് സഹകരണബാങ്ക് 3131ൽ നിന്നും 10 ലക്ഷം രൂപ ലോൺ എടുത്തു. ലോണിന്റ 20% സബ്സിഡി കിട്ടും എന്നാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. ലോൺ എടുത്തു മെഷിനറി നന്നാക്കി പ്രസ്സ് വർക്ക് പതുക്കെ സ്റ്റാർട്ട് ചെയ്തു വന്നപ്പോഴാണ് നമ്മുടെ നാടിനെ നടുക്കിയ കൊവിഡ്-19 വന്നത്.
പിന്നെയും വർക്ക് ആകെ കുറഞ്ഞു സാമ്പത്തിക പ്രതിസന്ധി ആയി ലോൺ അടവ് മുടങ്ങി. അങ്ങിനെ ഇരുന്നപ്പോൾ ബാങ്കിൽ നിന്നു സെക്രട്ടറി വിളിച്ചു ഉജ്ജീവനി ലോൺ സബ്സിഡി രണ്ട് ലക്ഷം പാസ്സായി വന്നിട്ടുണ്ട് എന്ന് പറഞ്ഞു. സത്യത്തിൽ ഒരുപാട് സന്തോഷം തോന്നി. ഇത്രയും സാമ്പത്തിക പ്രതിസന്ധിയിൽ നിൽക്കുമ്പോഴും സർക്കാർ ഞങ്ങളെപോലെയുള്ള ചെറുകിട വ്യവസായികളുടെ കാര്യത്തിലും കാണിച്ച കരുതൽ പ്രശംസനീയമാണ്.'