ലിവർപൂൾ ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിനെയും യുവന്റസ് ഇന്റർ മിലാനെയും നേരിടും
ലണ്ടൻ / മിലാൻ : യൂറോപ്യൻ ക്ളബ് ഫുട്ബാളിൽ ഇന്ന് സൂപ്പർ സൺഡേ. ഇംഗ്ളീഷ് പ്രിമിയർ ലീഗിൽ ലിവർപൂളും മാഞ്ചസ്റ്റർ യുണൈറ്റഡും തമ്മിലുള്ള പോരാട്ടവും ഇറ്റാലിയൻ സെരി എയിൽ യുവന്റസും ഇന്റർ മിലാനും തമ്മിലുള്ള പോരാട്ടവുമാണ് ഈ സൺഡേയെ സൂപ്പറാക്കുന്നത്.
പ്രിമിയർ ലീഗിലെ ഒന്നും രണ്ടാം സ്ഥാനക്കാർ തമ്മിലുള്ള പോരാട്ടം നടക്കുന്നത് ലിവർപൂളിന്റെ തട്ടകമായ ആൻഫീൽഡിലാണ്. ലീഗിലെ നിലവിലെ ചാമ്പ്യന്മാരായ ലിവർപൂളാണ് സീസണിന്റെ തുടക്കത്തിൽ പോയിന്റ് പട്ടികയിൽ മുന്നിട്ടുനിന്നത്. എന്നാൽ കഴിഞ്ഞമത്സരത്തിലെ വിജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് ലിവറിനെ മറികടന്ന് ഒന്നാമതെത്തി. 17 മത്സരങ്ങളിൽ നിന്ന് 36 പോയിന്റാണ് മാഞ്ചസ്റ്റർ യുണൈറ്റഡിനുള്ളത്. ലിവർപൂളിന് 33 പോയിന്റും.
സെരി എയിൽ വമ്പന്മാരുടെ പോരുനടക്കുന്നത് ഇന്റർ മിലാന്റെ തട്ടകത്തിലാണ് . പട്ടികയിൽ രണ്ടാം സ്ഥാനക്കാരാണ് ഇന്റർ.നിലവിലെ ചാമ്പ്യന്മാരായ യുവന്റസ് നാലാം സ്ഥാനക്കാരും.ഇന്ററിന് 17കളികളിൽ നിന്ന് 37 പോയിന്റും യുവന്റസിന് 16 കളികളിൽ നിന്ന് 33 പോയിന്റുമാണുള്ളത്. 17 മത്സരങ്ങളിൽ നിന്ന് 40 പോയിന്റുള്ള എ.സി മിലാനാണ് ഒന്നാം സ്ഥാനത്ത്.