തിരവനന്തപുരം: രാജ്ഭവൻ കോമ്പൗണ്ടിലെ 150 വർഷം പഴക്കമുള്ള മാവ് മുറിക്കുന്നതിനെതിരെ മുല്ലക്കര രത്നാകരൻ എം.എൽ.എ , മുൻ ചീഫ് സെക്രട്ടറി എസ്.എം.വിജയാനന്ദ് , പ്രൊഫ.ആർ.വി.ജി മേനോൻ തുടങ്ങിയ നൂറോളം പേർ ഗവർണറെ സമീപിച്ചു. രാജ്ഭവൻ വളപ്പിൽ ബി.ടൈപ്പ് ക്വാർട്ടേഴ്സിന് പിറകിലുള്ള മാവ് അപകടനിലയിലാണെന്നാണ് പൊതുമരാമത്ത് എൻജിനീയറും രാജ്ഭവൻ ഗാർഡൻ സൂപ്പർവൈസറും അറിയിച്ചത്. എന്നാൽ കെ.എഫ്.ആർ.ഐയിലെ വിദഗ്ദ്ധരുടെ അഭിപ്രായം കൂടി അറിഞ്ഞശേഷമേ മരം മുറിക്കുന്നത് സംബന്ധിച്ച തീരുമാനമെടുക്കാവൂ എന്ന് ഇവർ ആവശ്യപ്പെട്ടു. മരത്തിന് ചികിത്സ നടത്തുന്ന കോട്ടയത്തെ വിദഗ്ദ്ധരെ വിളിച്ചുവരുത്തണമെന്നും നിവേദനത്തിലുണ്ട്. ഒപ്പിട്ട നൂറ്പേരിൽ കുറച്ചുപേരെയെങ്കിലും മരം നേരിൽ കണ്ട് വിലയിരുത്താൻ അനുവാദം നൽകണമെന്നും അവർ ആവശ്യപ്പെട്ടു. വൃക്ഷ സ്നേഹികളുടെ സംഘടനയായ ട്രീവാക്ക് ആണ് ഈ കൂട്ടായ്മയ്ക്ക് നേതൃത്വം നൽകിയത്.