malabar-express

വർക്കല: മംഗലാപുരം – തിരുവനന്തപുരം മലബാർ എക്സ്പ്രസിൽ തീപിടിത്തം. എന്‍ജിന് പിന്നിലെ പാര്‍സല്‍ ബോഗിക്കാണ് തീ പിടിച്ചത്. ട്രെയിൻ വർക്കല ഇടവയിൽ നിർത്തിയിട്ടിരിക്കുകയാണ്. രാവിലെ 7.45 ഓടെയായിരുന്നു സംഭവം.


യാത്രക്കാരാണ് തീ ഉയരുന്നത് ആദ്യം കണ്ടത്. ഉടൻ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തി അധികൃതരെ വിവരമറിയിക്കുകയായിരുന്നു. യാത്രക്കാരെ സുരക്ഷിതമായി തീവണ്ടിയില്‍ നിന്ന് പുറത്തിറക്കി. അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു. ആളപായമില്ല.

മുപ്പത് മിനിറ്റുകൊണ്ട് തീയണക്കാന്‍ സാധിച്ചു. തീപിടിച്ച ബോഗി മറ്റ് കോച്ചുകളില്‍ നിന്ന് ഉടൻ വേര്‍പ്പെടുത്താന്‍ കഴിഞ്ഞതോടെ തീപടരാനുള്ള സാദ്ധ്യത ഇല്ലാതാക്കി. തീപിടിത്തമുണ്ടായ ബോഗിയില്‍ ബൈക്കുകളുണ്ടായിരുന്നു. മൂന്ന് ബൈക്കുകൾ കത്തി നശിച്ചു. ബൈക്കുകൾ തമ്മിൽ ഉരസിയപ്പോഴുള്ള തീപ്പൊരിയിൽ നിന്നാണ് തീപിടിച്ചതെന്നാണ് പ്രാഥമിക നിഗമനം.