കല്ലമ്പലം: നവവധുവിനെ ഭർതൃഗൃഹത്തിൽ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ. വെട്ടൂർ വെന്നികോട് വലയന്റെകുഴി ശാന്താമന്ദിരത്തിൽ ഷാജി ശ്രീന ദമ്പതികളുടെ മകൾ ആതിരയെയാണ് (24) ചെമ്മരുതി മുത്താന ഗുരുമുക്കിനു സമീപം സുനിതാ ഭവനിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
മകൾ ആത്മഹത്യ ചെയ്യില്ലെന്നും, അവൾക്ക് രക്തം പേടിയാണെന്നും യുവതിയുടെ അമ്മ പറഞ്ഞു.ഒരു മുള്ളു കൊണ്ടാൽ പോലും അവൾക്ക് എടുക്കാൻ സാധിക്കില്ലെന്നും അവർ കൂട്ടിച്ചേർത്തു. മകൾക്ക് സ്വയം ഈ കൃത്യം ചെയ്യാനാകില്ലെന്നും സംഭവത്തിൽ ദുരൂഹതയുണ്ടെന്നും ആരോപിച്ച് പിതാവ് ഷാജി വർക്കല പൊലീസിൽ പരാതി നൽകി. ഭർതൃമാതാവിന്റെ ശല്യം ഉണ്ടായിരുന്നതായി മകൾ പറഞ്ഞിരുന്നതായും പരാതിയിൽ പറയുന്നു.
അതേസമയം ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ബലപ്രയോഗം നടന്നതിന്റെ അടയാളങ്ങളൊന്നും ശരീരത്തിലില്ല, കത്തികൊണ്ടുണ്ടായ മുറിവാണ് കഴുത്തിലും കൈത്തണ്ടകളിലുമെന്ന് പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു കുളിമുറി. മരണം നടന്നതായി കരുതുന്ന സമയം ആരും വീട്ടിലില്ലായിരുന്നുവെന്ന് മൊഴികളില്‍ നിന്ന് വ്യക്തമായിട്ടുണ്ട്. ഇതൊക്കെയാണ് ആത്മഹത്യയെന്ന നിഗമനത്തിൽ പൊലീസെത്താൻ കാരണം.
വെള്ളിയാഴ്ച രാവിലെ 11.45 ഓടെ കുളിമുറിയിലാണ് കൈകളുടെ ഞരമ്പും കഴുത്തും മുറിച്ച് മരിച്ച നിലയിൽ ആതിരയെ കണ്ടെത്തിയത്.കഴിഞ്ഞ നവംബർ 30 നായിരുന്നു ചെമ്മരുതി സ്വദേശി ശരത്തുമായുള്ള ആതിരയുടെ വിവാഹം. ആതിര സ്വന്തം വീട്ടിൽ വരുന്നത് ഭർതൃ മാതാവിന് ഇഷ്ടമല്ലായിരുന്നെന്നും ഇതിനെച്ചൊല്ലി തർക്കമുണ്ടായിരുന്നെന്നും പറയുന്നു. തുടർന്ന് ഭർത്താവിന്റെ മാതാപിതാക്കൾ സമീപത്തെ കുടുംബ വീട്ടിലേക്ക് മാറി.
സംഭവ ദിവസം മകളെ കാണാനെത്തിയ മാതാവ് ശ്രീനയും സഹോദരൻ ആകാശും ആളും അനക്കവുമില്ലാത്ത വീടാണ് കണ്ടത്.
പരിസരവാസികളെ കൂട്ടി തെരച്ചിൽ നടത്തിയപ്പോഴാണ് ആതിരയെ കുളിമുറിയിൽ രക്തത്തിൽ കുളിച്ച് മരിച്ച നിലയിൽ കണ്ടത്. ഞരമ്പുകൾ മുറിക്കാനുപയോഗിച്ച കത്തി ആതിരയുടെ കൈയിലുണ്ടായിരുന്നെന്നും കൈകളും കഴുത്തും കാലും സ്വയം മുറിച്ചയാളുടെ കൈയിൽ ഭദ്രമായി കത്തിയുണ്ടാകില്ലെന്നും ബന്ധുക്കൾ പറയുന്നു. മറ്റാരോ കൃത്യം ചെയ്തിട്ട് കത്തി കൈയിൽ പിടിപ്പിച്ചതാകാമെന്നാണ് ഇവരുടെ സംശയം.
സംഭവത്തിൽ ഭർത്താവിനെയും മാതാവിനെയും പൊലീസ് ചോദ്യം ചെയ്യും.
ഫോറൻസിക് വിഭാഗവും തെളിവെടുപ്പ് നടത്തി. ഇന്നലെ വൈകിട്ട് 4ഓടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് പോസ്റ്റ്‌മോർട്ടം കഴിഞ്ഞു ബന്ധുക്കൾക്ക് വിട്ടുനൽകിയ മൃതദേഹം വൈകിട്ട് 6ന് ആതിരയുടെ കുടുംബവീട്ടിൽ സംസ്‌കരിച്ചു.