ഭോപ്പാൽ: മദ്ധ്യപ്രദേശിൽ പതിമൂന്നുകാരിയെ തട്ടിക്കൊണ്ടുപോയി ദിവസങ്ങളോളം കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തിൽ ഏഴുപേർ പിടിയിൽ. ശേഷിക്കുന്ന രണ്ടുപേർക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചു. ഉമറിയ ജില്ലയിലാണ് സംഭവം. സംസ്ഥാനത്ത് സ്ത്രീകൾക്കെതിരെയുളള അതിക്രമങ്ങൾ കൂടിവരുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ സ്പെഷ്യൽ കാമ്പയിൽ നടക്കുന്നതിനിടെയാണ് സംഭവം എന്നതാണ് ഏറെ ഞെട്ടിപ്പിക്കുന്നത്.
ജനുവരി നാലിന് പരിചയക്കാരനായ ഒരാളാണ് പെൺകുട്ടിയെ ആദ്യം തട്ടിക്കൊണ്ടുപോയത്. തുടർന്ന് ഉയാളും കൂട്ടുകാരായ ആറുപേരും ചേർന്ന് പീഡിപ്പിച്ചു. സംഭവം പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി പിറ്റേന്ന് ഇവർ പെൺകുട്ടിയെ പറഞ്ഞുവിട്ടു. ആറുദിവസം കഴിഞ്ഞപ്പോൾ സംഘത്തിലുണ്ടായിരുന്ന ഒരാൾ വീണ്ടും പെൺകുട്ടിയെ തട്ടിയെടുത്ത് തൊട്ടടുത്ത വനത്തിലെത്തിക്കുകയും അവിടെവച്ച് സംഘം ഊഴമിട്ട് പീഡിപ്പിക്കുകയും ചെയ്തു. പിന്നീട് പെൺകുട്ടിയെ ഇവർ വിട്ടയച്ചു. വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെൺകുട്ടിയെ വഴിയിൽ വച്ച് രണ്ട് ട്രക്ക് ഡ്രൈവർമാരും പീഡിപ്പിച്ചു. ഇവരുടെ പിടിയിൽ നിന്ന് രക്ഷപ്പെട്ട് വീട്ടിൽ തിരിച്ചെത്തി രക്ഷിതാക്കളോട് സംഭവത്തെക്കുറിച്ച് വിശദീകരിക്കുകയായിരുന്നു. പെൺകുട്ടിയുടെ പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഏഴുപേർ പിടിയിലായത്.
മദ്യപ്രദേശിൽ സ്ത്രീകൾക്കതിരെയുളള അതിക്രമങ്ങൾ കൂടിവരികയാണ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ ഉൾപ്പടെയുളള നിരവധിപേരാണ് നിത്യവും പീഡനങ്ങൾക്ക് ഇരയാകുന്നത്. പൊലീസ് ഇടപെടൽ കാര്യക്ഷമമല്ലെന്നും ആരോപണമുണ്ട്. പ്രശ്നത്തിന്റെ ഗൗരവം ഉൾക്കൊണ്ടാണ് സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുളള അതിക്രമങ്ങൾക്കെതിരെ രണ്ടാഴ്ച നീണ്ടുനിൽക്കുന്ന സ്പെഷ്യൽ കാമ്പയിൽ നടത്താൽ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ നേരിട്ട് രംഗത്തെത്തിയത്.