തിരുവനന്തപുരം: കെ എസ് ആർ ടി സിയിൽ ധനകാര്യ പരിശോധനാവിഭാഗം നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് ഗുരുതര പിഴവുകൾ. 100.75 കോടി രൂപ ചെലവാക്കിയതിന് കൃത്യമായ കണക്കുകളില്ലാതെയാണെന്നും വ്യക്തമായി. ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ റിപ്പോർട്ടിലാണ് ഇക്കാര്യമുളളത്.
2010 മുതൽ 2013 വരെയുള്ള വരവ് ചെലവ് കണക്കുകൾക്കാണ് വ്യക്തമായ രേഖയില്ലാത്തത്. ചീഫ് ഓഫീസിൽ നിന്ന് ഡിപ്പോകളിലേക്ക് നൽകിയ പണത്തിന് രേഖകൾ ഒന്നും ഇല്ല. അതിനാൽ വ്യത്യാസം വന്ന പണം സസ്പെൻഡ് എന്നപേരിൽ എഴുതി മാറ്റിയിരിക്കുകയാണ്. ഇതിനൊപ്പം ഈ കാലയളവിൽ ഓരോ ഡിപ്പോയിൽ നിന്നും ലഭിച്ച വരുമാനത്തെ സംബന്ധിച്ച രേഖകളും, ബാങ്ക്, ട്രഷറി ഇടപാടുകളുടെ രേഖകളും സൂക്ഷിച്ചിട്ടില്ല. കെ.ടി.ഡി.എഫ്.സിയുമായുള്ള പണമിടപാടുകൾ നടക്കുന്ന സമയമായിരന്നു ഇത്. രേഖകൾ സൂക്ഷിക്കാത്തതിന് കെ എം ശ്രീകുമാർ അടക്കം നാലു പേർ ഉത്തരവാദികളാണ്. ഇതിൽ കെ എം ശ്രീകുമാർ ഒഴികെയുളളവർ വിരമിച്ചു. അതിനാലാണ് കെ എം ശ്രീകുമാറിനെതിരെ നടപടിയെടുത്തത്. ഇവർ പണം തട്ടിയെടുത്തു എന്ന് രേഖകളിൽ പരാമർശമില്ല. സാമ്പത്തിക തട്ടിപ്പുനടത്താനാണോ ഇതെന്ന സംശയമാണ് റിപ്പോർട്ടിൽ ഉന്നയിക്കുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതിന് പ്രത്യേക സംഘം രൂപീകരിക്കണമെന്നും ഒരു മാസത്തിനകം രേഖകൾ കണ്ടെത്തണമെന്ന് കർശന നിർദ്ദേശം നൽകിയെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
കഴിഞ്ഞദിവസത്തെ കെ എസ് ആർ ടി സിയുടെ ബോർഡ് യോഗത്തിലും ഈ റിപ്പോർട്ട് ചർച്ചചെയ്തിരുന്നു. തുടർന്ന് ഉത്തരവാദികളായവർക്കെതിരെ കർശന നടപടിയെടുക്കാൻ ബോർഡ് നിർദ്ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ എക്സിക്യൂട്ടീവ് ഡയറക്ടർ കെ.എം. ശ്രീകുമാറിനെ അന്വേഷണത്തിന്റെ ഭാഗമായി സെൻട്രൽ സോണിലേക്ക് (എറണാകുളം) സ്ഥലം മാറ്റിയത്. 2012-15 കാലഘട്ടത്തിൽ ശ്രീകുമാറിനായിരുന്നു അക്കൗണ്ടിംഗ് വിഭാഗത്തിന്റെ ചുമതല. കെ.എസ്.ആർ.ടി.സിക്ക് നൽകിയ വായ്പയിൽ 350 കോടി രൂപ തിരികെ അടച്ചിട്ടില്ലെന്ന് ഏറെക്കാലമായി കെ.ടി.ഡി.എഫ്.സി പരാതിപ്പെടുന്നുണ്ട്.
ഇന്നലെ നടത്തിയ വാർത്താസമ്മേളനത്തിലാണ് കെ.എസ്.ആർ.ടി.സിയിൽ നടക്കുന്ന തട്ടിപ്പും സാമ്പത്തിക ക്രമക്കേടുകളും മാദ്ധ്യമങ്ങൾക്കു മുന്നിൽ ചെയർമാനും മാനേജിംഗ് ഡയക്ടറുമായ ബിജു പ്രഭാകർ തുറന്നടിച്ചത്. കെ.ടി.ഡി.എഫ്.സിയുമായുള്ള പണമിടപാടിൽ 100 കോടിയുടെ ക്രമക്കേട് സംഭവിച്ചതു മുതൽ ടിക്കറ്റ് മെഷീനിൽ ജീവനക്കാരൻ നടത്തിയ 45 ലക്ഷത്തിന്റെ തിരിമറിവരെ ബിജു പ്രഭാകർ ചൂണ്ടിക്കാട്ടി.