vote

തിരുവനന്തപുരം: കേരളത്തിൽ മാറി മാറി അധികാരം പിടിക്കുന്ന എൽ.ഡി.എഫിനും യു.ഡി.എഫിനും ലഭിക്കുന്ന മൊത്തം വോട്ട് വിഹിതത്തിന്റെ മുഖ്യ അടിത്തറ പിന്നാക്ക സമുദായങ്ങളാണെന്ന് ഇതു സംബന്ധിച്ച പഠനം വ്യക്തമാക്കുന്നു. വോട്ട് വിഹിതത്തിലെ അന്തരം പലപ്പോഴും ഒന്നോ രണ്ടോ ശതമാനം മാത്രമായിരിക്കുകയും ചെയ്യും. അതേസമയം, സംഘടനാ നേതൃതലത്തിലും സ്ഥാനാർത്ഥിത്വത്തിലും മറ്റ് അധികാര സ്ഥാനങ്ങളിലും പിന്തള്ളപ്പെടുന്നത് ഈഴവ സമുദായം ഉൾപ്പെടെയുള്ള പിന്നാക്ക വിഭാഗങ്ങളാണ്. എൽ.ഡി.എഫിന് നേതൃത്വം നൽകുന്ന സി.പി.എമ്മിനെ അപേക്ഷിച്ച് യു.ഡി.എഫിന് നേതൃത്വം നൽകുന്ന കോൺഗ്രസിലാണ് സമീപകാലത്തായി വെട്ടിനിരത്തൽ ഏറെ ഭീകരമെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

പാർട്ടിയുടെയും യുവജന, വിദ്യാർത്ഥി വിഭാഗങ്ങളുടെയും നേതൃനിരയിൽ കഴിവും സംഘടനാശേഷിയുമുള്ള പിന്നാക്കക്കാർ പോലും അവഗണിക്കപ്പെടുന്നതിനു പിന്നിൽ ബോധപൂർവമായ നീക്കങ്ങളുണ്ടെന്നാണ് ആക്ഷേപം. 2011ലെ സെൻസസ് അടിസ്ഥാനമാക്കി, സംസ്ഥാനത്ത് നിലവിലെ ജനസംഖ്യയിൽ (ഏകദേശ കണക്ക് ) ഈഴവ- തീയ്യ- ബില്ലവ വിഭാഗം 28 ശതമാനമാണ്. വിശ്വകർമ്മജരും ധീവരരും മറ്റും ചേർന്നാൽ ഹിന്ദു പിന്നാക്ക ജനസംഖ്യ 30% വരും.

മുസ്ലിം സമുദായം 27 %. ക്രിസ്ത്യൻ, നാടാർ വിഭാഗം 18%. നായർ, ബ്രാഹ്മണ സമുദായങ്ങൾ ഉൾപ്പെടെ മുന്നാക്ക വിഭാഗങ്ങൾ 17%. പട്ടികജാതി, പട്ടികവർഗം 8%. സംസ്ഥാനത്ത് ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എയുടെ വോട്ട് വിഹിതം പത്തിൽ നിന്ന് 15 ശതമാനമായി ഉയർന്നിട്ടും എൽ.ഡി.എഫും യു.ഡി.എഫും ഏതാണ്ട് തുല്യശക്തികളായി തുടരുന്നു. 40 മുതൽ 42 വരെയാണ് രണ്ട് മുന്നണികളുടെയും ശരാശരി വോട്ട് വിഹിതം.

മുസ്ലിംലീഗിന്റെയും ചെറിയ തോതിൽ കോൺഗ്രസിന്റെയും പ്രാതിനിദ്ധ്യം ലഭിക്കുന്നതിനാൽ യു.ഡി.എഫ് സ്ഥാനാർത്ഥി നിർണയത്തിൽ മുസ്ലിം സമുദായത്തിന് കാര്യമായ പോറലേൽക്കാറില്ല. അതുപോലെ, നിർബന്ധിത സംവരണമുള്ളതിനാൽ മാത്രം രണ്ടു മുന്നണകളിലെയും പട്ടികവിഭാഗത്തിനും. ജനസംഖ്യയിലും വോട്ട് വിഹിതത്തിലും കൂടുതലുള്ള പിന്നാക്ക വിഭാഗങ്ങൾ പിന്തള്ളപ്പെടുമ്പോൾ, കൂടുതൽ പ്രാമുഖ്യവും പ്രാതിനിദ്ധ്യവും ലഭിക്കുന്നത് ഏറെ താഴെ വരുന്ന മുന്നാക്ക, ക്രിസ്ത്യൻ വിഭാഗങ്ങൾക്കാണ്.

സംസ്ഥാനത്ത് കഴിഞ്ഞ പത്തു വർഷത്തിനിടെ നടന്ന നിയമസഭാ (2011, 2016), ലോക് സഭാ (2014, 2019) തിരഞ്ഞെടുപ്പുകളിൽ മൂന്ന് മുന്നണികൾക്കും ലഭിച്ച ശരാശരി വോട്ട് വിഹിതം സംബന്ധിച്ച് ഒരു സാമൂഹിക സന്നദ്ധസംഘടന നടത്തിയ പഠനത്തിലെ വിവരങ്ങൾ ചുവടെ:

ജനസംഖ്യ (ശതമാനം) വോട്ട് വിഹിതം (ശതമാനം)

എൽ.ഡി.എഫ് - യു.ഡി.എഫ് -എൻ.ഡി.എ

പിന്നാക്ക വിഭാഗം (30) 17 10 3

മുന്നാക്ക വിഭാഗം (17) 4 3 10

മുസ്ലിം (27) 9 15 (എസ്.ഡി.പി.ഐ, വെൽഫെയർ പാർട്ടി- 3)

ക്രിസ്ത്യൻ (18 ) 7 10 1

പട്ടിക വിഭാഗം (8) 4 3 1

ആകെ (100) 41 + 41+ 15 +