അബുദാബി: ബഹ്റൈനെ ഗ്രീൻ പട്ടികയിൽ ഉൾപ്പെടുത്തി അബുദാബി. ഇപ്പോൾ, 18 രാജ്യങ്ങളാണ് ഗ്രീൻ പട്ടികയിൽ ഉള്ളത്. ഈ രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് ക്വാറന്റൈൻ നിർബന്ധമില്ല. ബ്രൂണൈ,
ചൈന, ഹോങ്കോംഗ്, ഐൽ ഒഫ് മാൻ, കുവൈറ്റ്, മക്കാവോ,മൗറീഷ്യസ്, മംഗോളിയ,ന്യൂ കാലിഡോണിയ,ന്യൂസിലൻഡ്,ഒമാൻ,ഖത്തർ,സാവോ ടോം ആൻഡ് പ്രിൻസിപ്പി,സൗദി അറേബ്യ, സെന്റ് കിറ്റ്‌സ് ആൻഡ് നെവിസ്, തായ്‌പേയ്, തായ്‌ലൻഡ് എന്നിവയാണ് പട്ടികയിലുള്ള മറ്റ് രാജ്യങ്ങൾ. 16 നാണ് അബുദാബിയിലെ സാംസ്‌കാരിക, ടൂറിസം വകുപ്പ് ഗ്രീൻ രാജ്യങ്ങളുടെ പട്ടിക അപ്‌ഡേറ്റ് ചെയ്തത്.
2020 ഡിസംബർ 24 മുതലാണ് അബുദാബി അന്താരാഷ്ട്ര വിനോദ സഞ്ചാരികൾക്ക് പ്രവേശനം അനുവദിച്ചത്.
ഗ്രീൻ പട്ടികയിലുള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് സമർപ്പിച്ചാൽ രാജ്യത്തേയ്ക്ക് പ്രവേശിക്കാം. അതേസമയം, മറ്റ് രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർ 10 ദിവസം ക്വാറന്റൈനിൽ കഴിയണം. ഓരോ രണ്ടാഴ്ച കൂടുമ്പോഴും രാജ്യത്തിന്റെ വർഗീകരണം അവലോകനം ചെയ്യും.
ആറോ അതിലധികമോ ദിവസങ്ങൾ താമസിക്കുന്ന യാത്രക്കാർ ആറാം ദിവസം പി.സി.ആർ പരിശോധന നടത്തണം. അതുപോലെ, തുടർച്ചയായി 12 ദിവസമോ അതിലധികമോ ദിവസം താമസിക്കുന്നുണ്ടെങ്കിൽ 12ാം ദിവസം പരിശോധന നടത്തണം.അതേസമയം, മറ്റ് എമിറേറ്റുകളിൽ നിന്ന് അബുദാബിയിൽ എത്തുന്നവർക്കുള്ള നിബന്ധനകളിൽ ഇന്നലെ മുതൽ മാറ്റങ്ങൾ നിലവിൽ വന്നു.
48 മണിക്കൂറിനുള്ളിൽ ലഭിച്ച കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്കു മാത്രമേ അബുദാബിയിൽ പ്രവേശനം അനുവദിക്കൂ എന്നതാണ് മാറ്റങ്ങളിലൊന്ന്. പി.സി.ആർ, ഡി.പി.ഐ എന്നീ പരിശോധനകളിൽ ഏതെങ്കിലും നടത്തിയതിന്റെ റിസൽട്ടായിരിക്കണമെന്നും നിബന്ധനയുണ്ട്.
അബുദാബിയിൽ പ്രവേശിച്ച് നാലാമത്തെ ദിവസം വീണ്ടും ഈ ടെസ്റ്റുകളിൽ ഏതെങ്കിലുമൊന്ന് നടത്തണമെന്നതാണ് മറ്റൊരു നിബന്ധന. നാലിനും എട്ടിനുമിടയിൽ ദിവസം താമസിക്കുന്നവർക്കാണ് ഇത് ബാധകം. എന്നാൽ എട്ട് ദിവസമോ അതിലധികമോ തങ്ങുന്നവർ എട്ടാം ദിവസം വീണ്ടും ടെസ്റ്റ് നടത്തണം.
അതേസമയം, കൊവിഡ് പ്രതിരോധ വാക്‌സിൻ സ്വീകരിച്ചവർക്കും ക്ലിനിക്കൽ ട്രയലിന്റെ ഭാഗമായി വാക്‌സിൻ കുത്തിവയ്പ്പിന് വിധേയരായവർക്കും പുതിയ നിബന്ധനകൾ ബാധകമല്ല.