trump

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെയും അദ്ദേഹവുമായി ബന്ധപ്പെട്ടവരുടേയും സമൂഹമാദ്ധ്യമ അക്കൗണ്ടുകൾ മരവിപ്പിച്ചതിനെ തുടർന്ന്

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അട്ടിമറി അഭ്യൂഹങ്ങളുടേയും ആരോപണങ്ങളുടേയും സാമൂഹമാദ്ധ്യമങ്ങളിലൂടെയുള്ള പ്രചാരണത്തിൽ 73 ശതമാനത്തോളം കുറവ് രേഖപ്പെടുത്തി

യെന്ന് സാൻഫ്രാൻസിസ്കോ ആസ്ഥാനമായുള്ള സിഗ്നൽ ലാബ്സിന്റെ റിപ്പോർട്ട്. അപകടകരമായ സാമൂഹിക ചർച്ചകൾ കുറയ്ക്കുന്നതിൽ ടെക് കമ്പനികളുടെ നിർണായക തീരുമാനം ഏറെ സഹായകമാണെന്ന് പഠനത്തിൽ പറയുന്നു.
ട്രംപിന്റെ ട്വിറ്റർ മരവിപ്പിച്ച് ഒരാഴ്ച പിന്നിടുമ്പോൾ തിരഞ്ഞെടുപ്പ് അട്ടിമറികളുമായി ബന്ധപ്പെട്ട പരാമർശങ്ങൾ 2.5 ദശലക്ഷത്തിൽ നിന്ന് 6,88,000 ആയി കുറഞ്ഞു.വിലക്കിനെ തുടർന്ന് ട്വിറ്ററിലും മറ്റ് പ്ലാറ്റുഫോമുകളിലും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ചർച്ചകളിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തി.

വിവിധ പ്ലാറ്റ്ഫോമുകൾ ട്രംപിനും കൂട്ടാളികൾക്കും വിലക്കേർപ്പെടുത്തിയതോടെ വ്യാജ വാർത്തകളുടെ പ്രചാരണത്തിലുണ്ടായ കുറവ് സൂചിപ്പിക്കുന്നത്, സാമൂഹിക മാദ്ധ്യമ ഇടപാടുകളിൽ ടെക് കമ്പനികൾക്ക് സമയോചിതമായ തീരുമാനമെടുത്ത് വ്യാജ വാർത്തകളും വസ്തുതകളും പ്രചരിക്കുന്നത് തടയാമെന്നാണെന്നും റിപ്പോർട്ടിൽ പറയുന്നു.

ട്രംപിന്റെ അക്കൗണ്ടിനൊപ്പം 70,000 അക്കൗണ്ടുകളാണ് ട്വിറ്റർ മരവിപ്പിച്ചത്. അതിക്രമവുമായി ബന്ധപ്പെട്ട് പ്രചരിച്ച ഹാഷ് ടാഗുകളിലും 95 ശതമാനത്തോളം കുറവ് വന്നതായി റിപ്പോർട്ട് സൂചിപ്പിക്കുന്നു.

ട്രംപിന്റെ ട്വീറ്റുകൾ വൻതോതിലാണ് റീട്വീറ്റ് ചെയ്യപ്പെട്ടിരുന്നത്. എന്നാൽ, റീട്വീറ്റ് ചെയ്യപ്പെടുന്ന ട്രംപിന്റെ ട്വീറ്റുകളിൽ ഉൾപ്പെട്ടിരുന്ന വിഷയങ്ങൾ അപ്രസക്തമായവയാണെന്നാണ് പഠനത്തിൽ പറയുന്നത്.

അതേസമയം, വിലക്കിൽ കുരുങ്ങിയതോടെ ട്രംപ് പുതിയൊരു പ്ലാറ്റ്ഫോം തിരയുകയാണെന്നാണ് വിവരം. പാർലർ,ഗാബ്, ടെലഗ്രാം എന്നീ ആപ്പുകളിലാണ് ട്രംപിന്റെ നോട്ടം. ഗൂഗിളിന്റെയും ആപ്പിളിന്റെയും ആപ്പ് സ്റ്റോറുകളിൽ നിന്ന് നീക്കം ചെയ്യപ്പെട്ട പാർലർ തങ്ങളുടെ പ്രവർത്തനം പുനഃരാരംഭിക്കാനുള്ള ശ്രമത്തിലാണ്.