ഭോപ്പാൽ: മദ്ധ്യപ്രദേശിലെ ഉമരിയ ജില്ലയിൽ 13 വയസുകാരിയെ ഒമ്പത് പേർ തട്ടിക്കൊണ്ടുപോയി പലതവണ കൂട്ടബലാത്സംഗം ചെയ്തു.
സംസ്ഥാനത്ത് സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾക്കെതിരെ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തിൽ രണ്ടാഴ്ച നീണ്ടുനിൽക്കുന്ന 'സമൻ' കാമ്പയിൻ നടക്കവേയാണ് സംഭവം.
കഴിഞ്ഞ ആറ് ദിവസത്തിനിടെ മദ്ധ്യപ്രദേശിന്റെ വിവിധ ഭാഗങ്ങളിലായി നടക്കുന്ന നാലാമത്തെ അക്രമസംഭവമാണിത്.
പരിചയത്തിലുള്ള ഒരാളാണ് 13കാരിയെ ആദ്യം തട്ടിക്കൊണ്ടുപോയത്. ജനുവരി നാലിനായിരുന്നു അത്. പിന്നീട് ഇയാളും ആറ് സുഹൃത്തുക്കളും ചേർന്ന് രണ്ട് ദിവസം തുടർച്ചയായി കുട്ടിയെ ബലാത്സംഗം ചെയ്തുവെന്നാണ് പൊലീസ് പറയുന്നത്.
ജനുവരി 5നാണ് കുട്ടിയെ വിട്ടയയ്ക്കുന്നത്. ആരോടെങ്കിലും പറഞ്ഞാൽ കൊല്ലുമെന്ന് പ്രതികൾ ഭീഷണിപ്പെടുത്തി. അതിനാലാണ് കുട്ടി പരാതി നൽകാതിരുന്നത്.
പിന്നീട് ആറ് ദിവസത്തിന് ശേഷം ജനുവരി 11 ന് പ്രതികളിലൊരാൾ വീണ്ടും കുട്ടിയെ കൊണ്ടുപോയി. കാട്ടിലും റോഡരികിലും ബന്ദിയാക്കി മൂന്നുപേർ വീണ്ടും കുട്ടിയെ ബലാത്സംഗം ചെയ്തു.
അവിടെ നിന്ന് രക്ഷപ്പെട്ട കുട്ടിയെ വഴിമദ്ധ്യേ രണ്ട് ട്രക്ക് ഡ്രൈവർമാർ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു.
വെള്ളിയാഴ്ചയാണ് പൊലീസിന് പരാതി നൽകുന്നത്. പൊലീസ് പോക്‌സോ പ്രകാരം കേസെടുത്തു. ഇതിനോടകം ആറ് പ്രതികളെ അറസ്റ്റ് ചെയ്തു.