ബ്രിസ്ബേൻ ടെസ്റ്റിൽ വിസ്മയമായി ശാർദ്ദൂൽ താക്കൂറിന്റെയും (67) വാഷിംഗ്ടൺ സുന്ദറിന്റെയും (62) ചെറുത്തുനിൽപ്പ്
ആസ്ട്രേലിയയ്ക്ക് ഒന്നാം ഇന്നിംഗ്സിൽ 33 റൺസ് ലീഡ് മാത്രം അനുവദിച്ച് ഇന്ത്യ
ഇന്ത്യ 336 റൺസിന് ആൾഔട്ട്,ആസ്ട്രേലിയ രണ്ടാം ഇന്നിംഗ്സിൽ 21/0
ബ്രിസ്ബേൻ : പരിക്കുമൂലം മുൻനിര താരങ്ങൾക്ക് മാറി നിൽക്കേണ്ടിവന്നപ്പോൾ ലഭിച്ച അവസരം ഭംഗിയാക്കിയ രണ്ടാം നിരക്കാർ ആസ്ട്രേലിയയ്ക്ക് എതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് അഭിമാനം പകർന്നു.ആസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 369 റൺസിനെതിരെ ഒരു ഘട്ടത്തിൽ 186/6 എന്ന നിലയിലായെങ്കിലും പതറാതെ അർദ്ധസെഞ്ച്വറികൾ നേടിയ അരങ്ങേറ്റക്കാരൻ വാഷിംഗ്ടൺ സുന്ദറും (62) രണ്ടാം ടെസ്റ്റുകളിക്കുന്ന ശാർദ്ദൂൽ താക്കൂറും (67) കൂട്ടിച്ചേർത്ത 123 റൺസ് ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് 336 റൺസുവരെയെത്തിച്ചു. വലിയ ലീഡ് പ്രതീക്ഷിച്ചുനിന്ന കംഗാരുക്കൾക്ക് ഇതോടെ 33 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡുകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.തുടർന്ന് രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ആതിഥേയർ മൂന്നാം ദിനത്തിൽ സ്റ്റംപെടുക്കുമ്പോൾ വിക്കറ്റ് നഷ്ടം കൂടാതെ 21 റൺസെടുത്തിട്ടുണ്ട്. ആകെ 54 റൺസ് ലീഡാണ് ഇപ്പോൾ ആസ്ട്രേലിയയ്ക്കുള്ളത്.
ഇന്നലെ 62/2 എന്ന നിലയിൽ ഒന്നാം ഇന്നിംഗ്സ് പുനരാരംഭിക്കാനെത്തിയ ഇന്ത്യയ്ക്കുവേണ്ടി ബാറ്റ്സ്മാന്മാരൊക്കെ കഴിയുംവിധം ചെറുത്തുനിൽപ്പ് നടത്തി. ചേതേശ്വർ പുജാര(25),അജിങ്ക്യ രഹാനെ (37),മായാങ്ക് അഗർവാൾ (38), റിഷഭ് പന്ത് (23) എന്നിവർ പുറത്തായതിന് ശേഷം ക്രീസിലൊരുമിച്ച ശാർദ്ദൂലും സുന്ദറും ചേർന്നാണ് മൂന്നാം ദിനം ഇന്ത്യയ്ക്ക് ആനന്ദകരമാക്കിമാറ്റിയത്. രാവിലെ പുജാരയും രഹാനെയും ചേർന്ന് ടീമിനെ 100 കടത്തിയിരുന്നു. ടീം സ്കോർ 105ൽ നിൽക്കവേ ഹേസൽവുഡിന്റെ പന്തിൽ കീപ്പർക്യാച്ച് നൽകി പുജാരയാണ് ആദ്യം പുറത്തായത്. തുടർന്ന് മായാങ്കും രഹാനെയും ചേർന്ന് 39 റൺസ് കൂട്ടിച്ചേർത്തു. ലഞ്ചിന് മുമ്പ് രഹാനെ പുറത്തായി. ലഞ്ചിന് ശേഷം മായാങ്കും. തുടർന്ന് റിഷഭ് പന്ത് വാഷിംഗ്ടൺ സുന്ദറിനാെപ്പം 25 റൺസ് കൂട്ടിച്ചേർത്തശേഷം മടങ്ങിയതോടെ ഇന്ത്യ 186/6 എന്ന നിലയിലായി.
ആസ്ട്രേലിയക്കാർ തീരെ പ്രതീക്ഷിക്കാത്ത ഒരു കടന്നാക്രമണമാണ് പിന്നീട് നടന്നത്. നേരിട്ട മൂന്നാമത്തെ പന്തിൽത്തന്നെ കമ്മിൻസിനെ ഹുക്ക് ചെയ്ത് സിക്സ് നേടിയ ശാർദ്ദൂൽ വാലറ്റക്കാരനെപ്പോലെയല്ല പിന്നീട് ബാറ്റുവീശിയത്. ആദ്യ ഇന്നിംഗ്സിൽ മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയ ഇരുവരും ബാറ്റിംഗിലും പിടിമുറുക്കിയപ്പോൾ ഇന്ത്യൻ ക്യാമ്പും ഉഷാറായി. ചായയ്ക്ക് പിരിയുമ്പോൾ ഇന്ത്യ 253/6 എന്ന സകോറിലെത്തിയിരുന്നു. നിരന്തരം ബൗൺസറുകളെറിഞ്ഞ് വിരട്ടാൻ ശ്രമിച്ച ഓസീസ് പേസർമാർക്കെതിരെ ഒട്ടും പേടിയില്ലാതെ ഇരുവരും ക്രീസിൽ കാലുറപ്പിച്ച് നിന്നതോടെ അവസാന സെഷനിലും കളി ഉഷാറായി.ഇരുവരും അർദ്ധസെഞ്ച്വറി തികച്ചതിന് പിന്നാലെയാണ് ഇന്ത്യ 300 കടന്നത്.
ടീം സ്കോർ 309 ലെത്തിച്ച ശേഷമാണ് താക്കൂർ പുറത്തായത്. 115 പന്തുകളിൽ ഒൻപത് ഫോറും രണ്ട് സിക്സുമടക്കം 67 റൺസ് നേടിയ താക്കൂർ കമ്മിൻസിന്റെ പന്തിൽ ബൗൾഡാവുകയായിരുന്നു. പിന്നാലെ സെയ്നിയും (5) കൂടാരം കയറി. 144 പന്തുകളിൽ ഏഴുഫോറും ഒരു സിക്സുമടക്കം 62 റൺസടിച്ച സുന്ദർ ടീം സ്കോർ 328ൽ വച്ച് പുറത്തായതോടെ ലീഡ് നേടാമെന്ന ഇന്ത്യൻ പ്രതീക്ഷ പൊലിഞ്ഞു.സിറാജിനെ(13) ഹേസൽവുഡ് ബൗൾഡാക്കിയതോടെയാണ് ഇന്ത്യൻ ഇന്നിംഗ്സിന് കർട്ടൻ വീണത്. ആസ്ട്രേലിയയ്ക്ക് വേണ്ടി ഹേസൽവുഡ് അഞ്ചുവിക്കറ്റ് വീഴ്ത്തി. സ്റ്റാർക്കും കമ്മിൻസും രണ്ട് വിക്കറ്റ് വീതം നേടി. 100-ാം ടെസ്റ്റുകളിക്കുന്ന ലിയോണിന് ഒരു വിക്കറ്റ് ലഭിച്ചു.
രണ്ടാം ഇന്നിംഗ്സിറങ്ങിയ ഓസീസിനായി കളി നിറുത്തുമ്പോൾ വാർണറും (20), മാർക്കസ് ഹാരിസുമാണ് (1) ക്രീസിൽ.
123
വാഷിംഗ്ടൺ സുന്ദറും ശാർദ്ദൂൽ താക്കൂറും കൂട്ടിച്ചേർത്ത 123 റൺസിന് ആസ്ട്രേലിയൻ മണ്ണിലെ ഏഴാം വിക്കറ്റിലെ ഇന്ത്യയുടെ ഏറ്റവും ഉയർന്ന മൂന്നാമത്തെ കൂട്ടുകെട്ടാണ്.2019ൽ സിഡ്നിയിൽ രവീന്ദ്ര ജഡേജയും റിഷഭ് പന്തും കൂട്ടിച്ചേർത്ത 204 റൺസിന്റേതാണ് ഏറ്റവും മികച്ചത്. 1948ൽ അഡ്ലെയ്ഡിൽ വിജയ് ഹസാരെയും ഹേമു അധികാരിയും കൂട്ടിച്ചേർത്ത 132 റൺസിനാണ് രണ്ടാം സ്ഥാനം.
62 &3-89
വാഷിംഗ്ടൺ സുന്ദറിന്റെ ആൾറൗണ്ട് അരങ്ങേറ്റം. 74 വർഷങ്ങൾക്ക് ശേഷമാണ് ആസ്ട്രേലിയൻ മണ്ണിൽ ഒരു വിദേശതാരം അരങ്ങേറ്റ ടെസ്റ്റിൽ അർദ്ധസെഞ്ച്വറിയും മൂന്ന് വിക്കറ്റുകളും നേടുന്നത്.1947/48 സീസണിൽ ഇന്ത്യക്കാരനായ ദത്തു ഭട്കറാണ് മുമ്പ് ഈ നേട്ടം കൈവരിച്ചത്.
വാഷിംഗ്ടൺ സുന്ദർ
തമിഴ്നാട്ടുകാരനായ സ്പിന്നർ ആർ.അശ്വിന് പരിക്കേറ്റതിനാലാണ് അതേനാട്ടുകാരനായ സുന്ദറിനെ കളിപ്പിച്ചത്. കൂടുതൽ മെച്ചപ്പെട്ട സ്പിന്നറായ കുൽദീപിനെ കളിപ്പിക്കാമായിരുന്നുവെങ്കിലും ബാറ്റിംഗ് മികവ് കണക്കിലെടുത്ത് സുന്ദറിന് അവസരം നൽകിയ ടീം മാനേജ്മെന്റിന്റെ പ്രതീക്ഷ തെറ്റിയില്ല.
144 പന്തുകൾ
7 ഫോർ
1 സിക്സ്
62 റൺസ്
ശാർദ്ദൂൽ താക്കൂർ
2018ൽ വിൻഡീസിനെതിരെ അരങ്ങേറ്റം കുറിച്ചെങ്കിലും പരിക്കേറ്റതിനാൽ ആ മത്സരത്തിൽ എറിയാനായത് 10 പന്തുകൾ മാത്രം. അന്ന് നാലു റൺസും നേടിയിരുന്നു. ബ്രിസ്ബേനിൽ ബുംറയ്ക്ക് പരിക്കേറ്റതിനാലാണ് അവസരം ലഭിച്ചത്.
115 പന്തുകൾ
9 ഫോർ
2 സിക്സ്
67 റൺസ്
ഞാൻ ബാറ്റിംഗിനിറങ്ങുമ്പോൾ സാഹചര്യം പ്രതികൂലമായിരുന്നു. കാണികൾ ആസ്ട്രേലിയൻ ബൗളർമാർക്ക് കയ്യടിക്കുകയായിരുന്നു. നമ്മൾ മികച്ച പ്രകടനം കാഴ്ചവച്ചാൽ ആസ്ട്രേലിയയിലെ കാണികൾ നമ്മളെയും അഭിനന്ദിക്കും എന്ന കോച്ച് രവി ശാസ്ത്രി പര്യടനത്തിന്റെ തുടക്കത്തിൽ പറഞ്ഞതാണ് അപ്പോൾ എനിക്ക് ഓർമ്മവന്നത്. ആസ്ട്രേലിയൻ കാണികളുടെ കയ്യടിയോടെ മടങ്ങാനായതിൽ അഭിമാനമുണ്ട്.
- ശാർദ്ദൂൽ താക്കൂർ