dustin-higgs

വാഷിംഗ്​ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അധികാരമൊഴിയുന്നത് 13ാം വധശിക്ഷയും നടപ്പാക്കിയ ശേഷം. ഇന്ത്യാന ജയിലിൽ കഴിഞ്ഞിരുന്ന ഡസ്​റ്റിൻ ഹിഗ്​സിന്റെ (48) വധശിക്ഷയാണ്​ 13ാമത് നടപ്പാക്കിയത്​. 1996ൽ മൂന്നുസ്​ത്രീകളെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഹിഗ്സ്. 2001ലായിരുന്നു വധശിക്ഷ വിധിച്ചത്. കൊലപാതകത്തിന്​ കൂട്ടുനിന്ന വില്ലിസ്​ ഹെയ്​നസ്​ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയാണ്​.

വെള്ളിയാഴ്​ച പുലർച്ചയാണ്​​ ശിക്ഷ നടപ്പാക്കിയത്​. കഴിഞ്ഞ ആഴ്​ച ലിസ മോണ്ട്ഗോമറി എന്ന വനിതയുടെയും വധശിക്ഷ നടപ്പാക്കിയിരുന്നു. തിരക്കുപിടിച്ച്​ അടുത്തടുത്തായി രണ്ട്​ വധശിക്ഷകൾ നടപ്പാക്കാൻ ഉത്തരവിട്ട ട്രംപിനെതിരെ കടുത്ത വിമർശനമാണുയരുന്നത്. നിയുക്ത പ്രസിഡൻറ്​ ജോ ബൈഡൻ വധശിക്ഷക്ക്​ എതിരാണ്​. 17 വർഷമായി രാജ്യത്ത്​ നിറുത്തിവച്ചിരുന്ന വധശിക്ഷ ട്രംപ്​ അധികാരമേറ്റതോടെ പുനഃരാരംഭിക്കുകയായിരുന്നു.