ഓസ്ലോ: യൂറോപ്യൻ രാജ്യമായ നോർവേയിൽ ഫൈസറിന്റെ കൊവിഡ് വാക്സിൻ സ്വീകരിച്ച 29 പേർ മരിച്ച റിപ്പോർട്ട് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. 80 ന് മുകളിൽ പ്രായമുള്ളവർ ഫൈസർ വാക്സിൻ സ്വീകരിച്ചാൽ ആരോഗ്യം അപകടത്തിലാകാൻ സാദ്ധ്യതയുണ്ടെന്നായിരുന്നു ആദ്യഘട്ടത്തിലെ വിലയിരുത്തൽ. മരിച്ചവരെല്ലാം 75 ന് മുകളിലുള്ളവരാണെന്നും ഇവർക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും അധികൃതർ പറയുന്നു. ഈ സാഹചര്യത്തിൽ വാക്സിൻ സ്വീകരിക്കുന്നതിന്റെ പ്രായപരിധി 75 ആയി താഴ്ത്തിയെന്ന് സർക്കാർ അറിയിച്ചു. കൂടാതെ ഏതൊക്കെ വിഭാഗക്കാർക്കാണ് വാക്സിൻ നൽകേണ്ടതെന്ന കാര്യത്തിലും സർക്കാർ പുനഃപരിശോധന നടത്തുന്നുണ്ട്. കിടപ്പുരോഗികളും പ്രായമായവരും വാക്സിൻ സ്വീകരിച്ചാൽ ആരോഗ്യസ്ഥിതി മോശമായേക്കാമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
രാജ്യത്ത് വാക്സിൻ സ്വീകരിച്ച മിക്കവർക്കും പ്രതീക്ഷിച്ചതു പോലുള്ള പാർശ്വഫലങ്ങൾ ഉണ്ടായിട്ടുണ്ടെന്നാണ് മെഡിസിൻസ് ഏജൻസി പറയുന്നത്. മരിച്ച 29 പേരിൽ 13 പേരുടെ മരണത്തിന് വാക്സിനുമായി നേരിട്ട് ബന്ധമുണ്ടെന്നും ശേഷിക്കുന്ന 16 കേസുകൾ പഠിച്ചു കൊണ്ടിരിക്കുകയാണെന്നും അവർ വ്യക്തമാക്കി. 2020 ഡിസംബർ 27ന് രാജ്യത്ത് തുടങ്ങിയ വാക്സിനേഷൻ യജ്ഞത്തിന്റെ ഭാഗമായി ഇതുവരെ 25,000ത്തിൽ അധികം പേർക്കാണ് നോർവേയിൽ വാക്സിനേഷൻ നൽകിയത്. അതേസമയം, ചെറുപ്പക്കാരും ആരോഗ്യമുള്ളവരും വാക്സിനെടുക്കുന്നതിൽ നിന്ന് വിട്ടു നിൽക്കരുതെന്ന് സർക്കാർ അഭ്യർത്ഥിച്ചിട്ടുണ്ട്.
ഛർദ്ദി, വയറിളക്കം, പനി, കുത്തിവയ്പ്പ് എടുത്തിടത്ത് വേദന തുടങ്ങിയവയാണ് പൊതുവെ ഫൈസർ വാക്സിന്റെ പാർശ്വഫലങ്ങൾ. കൂടാതെ മറ്റു രോഗങ്ങൾ ഉള്ളവരിൽ അവ വഷളാകുന്ന സാഹചര്യവും ഉണ്ടാകുന്നുണ്ട്.