nimisha

'അമ്മേ വെള്ളം'

'എടുത്തു കൊടുക്കടി'
'നീ അവിടെ ഇരിക്ക്, നിനക്കെന്താ വെള്ളം ഒറ്റയ്ക്ക് എടുത്തു കുടിച്ചാൽ ...!' ( ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ)


ഭൂരിഭാഗം സീനും അടുക്കളയിൽ , സംഭാഷണം കുറവ് , അസ്വസ്ഥതപ്പെടുത്തുന്ന ഫ്രെയിമുകൾ. അതേ ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചനിലെ നിമിഷ സജയൻ അവതരിപ്പിച്ച പേരില്ലാത്ത കഥാപാത്രം ആകർഷകമായിരിക്കുന്നു. നിമിഷ ..നിങ്ങളുടെ പക്വമായ സിനിമ കഥാപാത്ര തിരഞ്ഞെടുപ്പ് തന്നെയാണ് ഈ ചുരുങ്ങിയ കാലം കൊണ്ട് നിങ്ങളെ മലയാള സിനിമയുടെ മുൻനിരയിലേക്ക് എത്തിച്ചത്. മേക്കപ്പ് ഇടാതെ സ്വാഭാവിക അഭിനയ തികവുകൊണ്ട് നിമിഷ സജയൻ വീണ്ടും വീണ്ടും പ്രേക്ഷകനെ വിസ്മയിപ്പിക്കുകയാണ്.


തൊണ്ടിമുതലും ദൃക്‌സാക്ഷിയുമെന്ന എന്ന ദിലീഷ് പോത്തൻ ചിത്രത്തിലെ നായികാമുഖമായി സുരാജിനൊപ്പം നിമിഷ എത്തിയപ്പോൾ ആ നിലപാടുള്ള നായികയ്ക്ക് നിറഞ്ഞ കൈയ്യടി ലഭിച്ചിരുന്നു. ചെയ്തകഥാപാത്രങ്ങളിലെല്ലാം സ്വന്തം കൈയ്യൊപ്പ് പതിപ്പിക്കുക എന്നത് എല്ലാവർക്കും സാധിക്കുന്ന കാര്യമല്ല. നിമിഷ സജയന്റെ ഓരോ കഥാപാത്രങ്ങൾ എടുത്തു നോക്കിയാലും അത് നിമിഷയ്ക്ക് മാത്രം ചെയ്യാൻ സാധിക്കുന്ന കഥാപാത്രമാണെന്ന് പറയേണ്ടിവരും. ഈടയിലെ ഐശ്വര്യയും ഒരു കുപ്രസിദ്ധ പയ്യനിലെ ഹന്നാ എലിസബത്ത് എന്ന അഭിഭാഷകയും സ്റ്റാൻഡ് അപ്പിലെ റേപ്പ് സർവൈവറോടൊപ്പം നിൽക്കുന്ന കൂട്ടുകാരി കീർത്തിയും നിമിഷയുടെ ശ്രദ്ധേയ കഥാപാത്രങ്ങളാണ്. ചോലയിലെ ജാനു എന്ന പെൺകുട്ടിയുടെ അതി ഗംഭീര പ്രകടനത്തിന് നിമിഷ സംസഥാന സർക്കാരിന്റെ മികച്ച നടിക്കുള്ള അവാർഡ് നേടി.


വാനോളം ഉയരുന്ന നിമിഷയുടെ സിനിമ കരിയറിൽ ആദ്യ സിനിമ മുതൽ കുറിക്കു കൊള്ളുന്ന ചില ഡയലോഗുകൾ പാട്രിയാർക്കിയായ (നിലനിൽക്കുന്ന സാമൂഹിക വ്യവസ്ഥ ) സമൂഹത്തിന് നേരെ തുളഞ്ഞു കയറാറുണ്ട്. 'ചേട്ടാ.. നമ്മുടെ സ്‌നേഹത്തേക്കാളും വില ഒരു താലി മാലയ്കും ഞാൻ കൊടുത്തിട്ടില്ല.. '(ശ്രീജ.. തൊണ്ടിമുതലും ദൃക്‌സാക്ഷിയും ).വിപ്ലവമായി മാറിയ ഡയലോഗായിരുന്നു ഇത്. 'നിങ്ങൾക്കിവടെ കേറാൻ പറ്റുവോ.. ന്നെ കാണാൻ പറ്റുവോ.. തൊടാൻ പറ്റുവോ... ഇങ്ങക്ക് ഒന്നും പറ്റൂല.. ' (ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ) ഈ ഒറ്റ ഡയലോഗ് പരമ്പരാഗതമായി കൊണ്ട് നടക്കുന്ന ചില അയിത്ത കോമരങ്ങളുടെ നെറും തലയ്ക്കിട്ടായിരുന്നു .നിമിഷയെ മലയാള സിനിമ ഇനി പേരില്ലാത്ത ഈ കഥാപാത്രത്തിലൂടെയും അടയാളപ്പെടുത്തും.തുറമുഖം , നായാട്ട് , വൺ, മാലിക്ക് ,ജിന്ന് തുടങ്ങി ഈ വർഷം മലയാള സിനിമ പ്രതീക്ഷയോടെ കാണുന്ന പ്രോജക്ടുകളാണ് നിമിഷയുടേതായി റിലീസിനൊരുങ്ങാനുള്ള ചിത്രങ്ങൾ.