ron-klain

വാഷിംഗ്ടൺ: കാലാവസ്ഥാ വ്യതിയാനം തടയുന്നതിനുള്ള പാരിസ്​ ഉടമ്പടിയുടെ ഭാഗമാകുന്നതിനുള്ള നടപടികൾ ആരംഭിക്കുമെന്നും ചില ഭൂരിപക്ഷ മുസ്ലിം രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാർക്ക്​ ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയ നിയന്ത്രണം അവസാനിപ്പിക്കുമെന്നും​ നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ വൈറ്റ് ഹൗസ് ചീഫ് ഒഫ് സ്റ്റാഫ് റോൺ ക്ലെയ്ൻ അറിയിച്ചു. ട്രംപ്​ ഭരണകൂടം പാരിസ്​ ഉടമ്പടിയിൽ നിന്ന്​ പിൻമാറിയതായിരുന്നു. കൊവിഡ് മൂലമുണ്ടായ സാമ്പത്തിക പ്രശ്നങ്ങളിൽ നിന്ന് കരകയറുന്നതിനായി ബൈഡൻ പുതിയ സാമ്പത്തിക പാക്കേജുകളും പ്രഖ്യാപിച്ചിട്ടുണ്ട്​. മഹാമാരിയെ നേരിടുന്നതിനുള്ള ചിലവുകളിലേക്കും മറ്റു പ്രവർത്തനങ്ങളിലേക്കും തുക വകയിരുത്തി. പ്രതിസന്ധിയിലായ ജനങ്ങൾക്കും വ്യവസായങ്ങൾക്കുമായി സഹായ പാക്കേജിൽ തുക വകയിരുത്തിയിട്ടുണ്ട്​. രാജ്യത്തിന്റെ ആരോഗ്യ മേഖല വളരെ പരിതാപകരമാണെന്ന്​ റോൺ ക്ലെയ്ൻ ചൂണ്ടികാട്ടി. അതിൽ മാറ്റം വരുത്താൻ ഇടപെടലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ വായ്​പകളുടെ കാലാവധി നീട്ടികൊടുക്കുമെന്നും സാമ്പത്തിക ദുരിതം അനുഭവിക്കുന്നവരെ കുടിയൊഴിപ്പിക്കൽ നടപടികളിൽ നിന്ന്​ സംരക്ഷിക്കുമെന്നും റോൺ കൂട്ടിച്ചേർത്തു.