arnab-goswami

മുംബയ്: റിപ്പബ്ളിക് ടി.വി ചീഫ് എഡിറ്റർ അർണബ് ഗോസാമിയും ടെലിവിഷൻ റേറ്റിംഗ് കമ്പനിയായ ബാർക് മുൻ സി.ഇ.ഒ പാർത്തോ ദാസ് ഗുപ്തയുമായുള്ള വാട്സാപ്പ് ചാറ്റുകൾ വൈറലായതോടെ അർണബിനെതിരെ വ്യാപക പ്രതിഷേധം.

പുൽവാമ ഭീകരാക്രമണത്തിൽ 40 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ച സംഭവത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച ദേശദ്രോഹിയായ അർണബിനെ അറസ്റ്റ് ചെയ്യണമെന്നാണ് ആവശ്യം. 'ആന്റി നാഷനൽ ബി.ജെ.പി അർണബ്' എന്ന ഹാഷ്‌ടാഗ് ട്വിറ്ററിൽ ട്രെൻഡിംഗായി.

500 പേജ്‌ വരുന്ന ചാറ്റുകളാണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസുമായും കേന്ദ്ര മന്ത്രിമാർ ഉൾപ്പടെയുള്ള ബി.ജെ.പി നേതാക്കളുമായുള്ള അർണബിന്റെ ബന്ധവും ചാറ്റിലൂടെ പുറത്തുവന്നു. ടി.ആർ.പി റേറ്റിംഗ് തന്റെ ചാനലിന് അനുകൂലമാക്കാനുള്ള ഗൂഢാലോചനയും ചാറ്റുകളിലുണ്ട്. പുൽവാമ ഭീകരാക്രമണത്തെകുറിച്ച് 'വലിയ വിജയം' എന്നാണ് പാർത്തോ ദാസ് ഗുപ്തയോട് അർണബ് പറയുന്നത്. നമ്മൾ ഇത്തവണ വിജയിക്കു' മെന്നും അർണബ് ആവേശത്തോടെ പറയുന്നു.

പുൽവാമയ്ക്ക് തിരിച്ചടിയായി ഇന്ത്യൻ സൈന്യം രഹസ്യമായി നടത്തിയ ബാലാക്കോട്ട് ആക്രമണം മൂന്ന് ദിവസം മുമ്പേ അർണബ് അറിഞ്ഞിരുന്നതായും ചാറ്റുകൾ സൂചിപ്പിക്കുന്നു. 'സാധാരണ ഉള്ളതിനേക്കാൾ വലുത് സംഭവിക്കും' എന്നാണ് അർണബ് പാർത്തോദാസിനോട് പറയുന്നത്.

തന്റെ ചാനലിന്റെ റേറ്റിംഗ് വർദ്ധിപ്പിക്കാനായാൽ പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള സഹായം ലഭ്യമാക്കാമെന്നാണ് അർണബ് ബാർക് മുൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പാർത്തോ ദാസ് ഗുപ്തയോട് പറയുന്നത്. അങ്ങനെയെങ്കിൽ പ്രധാനമന്ത്രിയുടെ മാദ്ധ്യമ ഉപദേഷ്ടാവിന്റെ സ്ഥാനം തനിക്ക് വാങ്ങിനൽകണമെന്ന് പാർത്തോ ദാസ് ആവശ്യപ്പെടുന്നു.

കങ്കണയ്ക്ക് ലൈംഗികാസക്തി

ബോളിവുഡ്​ നടി കങ്കണ റണൗട്ടിന് ഋത്വിക് റോഷനോട് ലൈംഗികാസക്തിയാണെന്നും കങ്കണയ്ക്ക് 'ഇറോ​ട്ടോ മാനിയ' ആണെന്നും അർണബ്​ പറയുന്നു. ഋത്വികുമായുള്ള കങ്കണയുടെ തർക്കങ്ങൾ നടക്കുന്ന സമയത്തെ ചാറ്റുകളിലാണിത്. 'കങ്കണ പരിധിവിടുകയാണെന്നും' 'ആളുകൾക്ക്​ അവളെ പേടിയാണെന്നും' അർണബ്​ പറയുന്നു.

ഒരു വ്യക്​തി തന്നെ ആരെങ്കിലും സ്​നേഹിക്കുന്നുണ്ടെന്ന്​ ഉറച്ച്​ വിശ്വസിക്കുകയും അയാൾ അത്​ അറിയാതിരിക്കുകയും ചെയ്യുന്ന അവസ്ഥയാണ്​ ഇറോ​ട്ടോ മാനിയ.