ലണ്ടൻ: ശരീരമനങ്ങാതെ പണം സമ്പാദിക്കണമെന്ന് ആഗ്രഹിക്കുന്നവർക്ക് അത്യുഗ്രൻ ഓഫറുമായി എത്തിയിരിക്കുകയാണ് ബ്രിട്ടൻ ആസ്ഥാനമായുള്ള പാദരക്ഷാ കമ്പനിയായ ബെഡ്റൂം അത്ലറ്റിക്സ്. ഒരു ദിവസം വെറും 12 മണിക്കൂർ കമ്പനിയുടെ വിവിധ മോഡലുകളിലുള്ള ചെരുപ്പുകൾ അണിഞ്ഞു നിന്നാൽ മതി. ശമ്പളമായി മാസം നാല് ലക്ഷത്തിലധികം രൂപ ലഭിക്കും. കമ്പനിയുടെ ഏറ്റവും പുതിയ ചെരുപ്പുകളുടെ ഡിസൈനുകൾ പരിശോധിക്കുക, അവലോകനം ചെയ്യുക എന്നീ കർത്തവ്യങ്ങളാണ് ജോലി ലഭിക്കുന്നയാൾ ചെയ്യേണ്ടത്. അതിനായി, 12 മണിക്കൂർ ചെരുപ്പുകൾ ധരിക്കണം. ഒരു മാസം രണ്ട് ദിവസം ചെരുപ്പ് ധരിച്ചാൽ മതിയെന്നാണ് റിപ്പോർട്ടുകൾ. താത്പര്യമുള്ളവർക്ക് അപേക്ഷിക്കാൻ 31 വരെ സമയമുണ്ട്. ആകെ രണ്ട് പേർക്കുള്ള ഒഴിവാണുള്ളത്. എന്തായാലും പരസ്യം സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു.