kerala-cricket

മുംബയ് : ആദ്യ മൂന്ന് മത്സരങ്ങളിലും അത്യുജ്വല വിജയം നേടിയിരുന്ന കേരളത്തിന് സെയ്ദ് മുഷ്താഖ് അലി ട്രോഫി ട്വന്റി-20 ക്രിക്കറ്റ് ടൂർണമെന്റിലെ നാലാം മത്സരത്തിൽ തോൽവി. ഇന്നലെ ആന്ധ്രയ്ക്ക് എതിരെ ആറുവിക്കറ്റിനായിരുന്നു തോൽവി.

ആദ്യ മൂന്ന് മത്സരങ്ങളിലും ചേസ് ചെയ്ത് ജയിച്ചിരുന്ന കേരളം ഇന്നലെ ബാന്ദ്രയിലെ നനവുമാറാത്ത പിച്ചിൽ ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിംഗിനിറങ്ങിയപ്പോൾ തകരുകയായിരുന്നു. നിശ്ചിത 20 ഓവറിൽ നാലുവിക്കറ്റ് നഷ്ടത്തിൽ 112 റൺസേ കേരളത്തിന് നേടാനായുള്ളൂ.കഴിഞ്ഞ മത്സരങ്ങളിൽ തിളങ്ങിയ റോബിൻ ഉത്തപ്പയും (8),മുഹമ്മദ് അസ്ഹറുദ്ദീനും (12),വിഷ്ണുവിനോദും(4), നായകൻ സഞ്ജു സാംസണും (7) പുറത്തായതോടെ 9.4ഓവറിൽ 38/4 എന്നനിലയിലായ കേരളത്തെ അർദ്ധസെഞ്ച്വറി (51*) നേടിയ സച്ചിൻ ബേബിയും 27 റൺസെടുത്ത ജലജ് സക്സേനയും ചേർന്നാണ് 112ലെത്തിച്ചത്.

മറുപടിക്കിറങ്ങിയ ആന്ധ്ര അശ്വിൻ ഹെബ്ബാറിന്റെയും (48)ക്യാപ്ടൻ അമ്പാട്ടി റായ്ഡുവിന്റെയും (38*)മികവിൽ 17.1ഓവറിൽ ലക്ഷ്യം കണ്ടു. ടൂർണമെന്റിലെ ആന്ധ്രയുടെ ആദ്യ വിജയവും കേരളത്തിന്റെ ആദ്യ തോൽവിയുമാണിത്. ഗ്രൂപ്പ് ഇയിൽ 12 പോയിന്റുള്ള കേരളത്തെ രണ്ടാമതാക്കി ഹരിയാന മുന്നിലെത്തി. നാളെ ഹരിയാനയ്ക്ക് എതിരെയാണ് കേരളത്തിന്റെ അടുത്തമത്സരം.ഈ മത്സരത്തിൽ ജയിച്ചാൽ മാത്രമേ കേരളത്തിന് ക്വാർട്ടറിൽ കടക്കാൻ കഴിയൂ.