ലണ്ടൻ: ജൂണിൽ നടക്കുന്ന ജി 7 ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ച് ബ്രിട്ടൻ. , കോൺവാൾ മേഖലയിലാണ് ഉച്ചകോടി നടക്കുന്നത്. ഇന്ത്യയ്ക്ക് പുറമെ ദക്ഷിണാഫ്രിക്ക, ആസ്‌ട്രേലിയ എന്നീ രാജ്യങ്ങളെയും ഉച്ചകോടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
കൊവിഡ്, കാലാവസ്ഥ വ്യതിയാനം, സ്വതന്ത്ര്യ വ്യാപാരം എന്നിവയെല്ലാമാണ് ഉച്ചകോടിയിലെ പ്രധാന ചർച്ചാ വിഷയങ്ങൾ. അതേസമയം, ഉച്ചകോടിക്ക് മുമ്പായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ ഇന്ത്യയിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. നേരത്തെ റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് ബോറിസ് ജോൺസൻ ഇന്ത്യയിൽ സന്ദർശനം നടത്തുമെന്ന് അറിയിച്ചിരുന്നുവെങ്കിലും പുതിയ കൊവിഡ് വകഭേദം കണ്ടെത്തിയതിനെ തുടർന്ന് യാത്ര റദ്ദാക്കുകയായിരുന്നു.
ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമായി വരികയാണ്. ഇന്ത്യയും ബ്രിട്ടനും കൊവിഡിനെ നേരിടാൻ ഒരുമിച്ച് പ്രവർത്തിച്ചു. ഇരു രാജ്യങ്ങളുടേയും പ്രധാനമന്ത്രിമാർ കൊവിഡിനെ കുറിച്ച് നിരന്തരമായി ചർച്ച നടത്തിയിരുന്നതായും ബ്രിട്ടൻ പ്രസ്താവനയിൽ പറഞ്ഞു.