മുംബയ്: വിഖ്യാത ഹിന്ദുസ്ഥാനി സംഗീതജ്ഞനും രാംപൂർ – സഹസ്വാൻ ഘരാനയിലെ അതികായരിൽ പ്രമുഖനുമായ ഉസ്താദ് ഗുലാം മുസ്തഫ ഖാൻ (89) വിടവാങ്ങി. മുംബയിലെ വസതിയിൽ ഇന്നലെ ഉച്ചയ്‌ക്ക് 12.37നായിരുന്നു അന്ത്യം.
1991ൽ പത്മശ്രീയും 2006ൽ പത്മഭൂഷണും 2018ൽ പത്മവിഭൂഷണും നല്കി രാജ്യം ആദരിച്ചിരുന്നു. 2003ൽ സംഗീത നാടക അക്കാഡമി അവാർഡും നേടിയിട്ടുണ്ട്.
പദ്മഭൂഷൺ മുസ്താഖ് ഹുസൈൻ ഖാന്റെ ചെറുമകൾ ആമിന ബീഗമാണ് ഭാര്യ. നാലു ആൺമക്കളുണ്ട്.
2019ൽ പക്ഷാഘാതത്തിൽ ശരീരത്തിന്റെ ഇടത് വശം തളർന്നിരുന്നു.ഇന്നലെ ഉച്ചയോടെ ഫിസിയോ തെറാപ്പിക്കിടെ ഛർദ്ദിക്കുകയും പൊടുന്നനെ അന്ത്യം സംഭവിക്കുകയുമായിരുന്നു. മരുമകൾ നമ്രത ഗുപ്ത ഖാനാണ് മരണ വിവരം അറിയിച്ചത്. സംസ്കാരം ഇന്നലെ വൈകിട്ട് സാന്താക്രൂസ് ഖബർസ്ഥാനിൽ നടന്നു.
ഹിന്ദി ചലച്ചിത്രലോകത്ത് ഗായകനായും സംഗീതസംവിധായകനായും പ്രവർത്തിച്ചിട്ടുണ്ട്. മൃണാൾസെന്നിന്റെ ഭുവൻഷോമിലും നിരവധി മറാത്തി, ഗുജറാത്തി സിനfമകൾക്കു വേണ്ടിയും പാടിയിട്ടുണ്ട്. ഇന്ത്യയിലും വിദേശത്തും നിരവധി സംഗീതക്കച്ചേരികൾ അവതരിപ്പിച്ചിട്ടുണ്ട്. ആശാ ഭോസ്‌ലെ, മന്നാ ഡേ, വഹീദാ റഹ്‌മാൻ, ഗീതാദത്ത്, എ. ആർ. റഹ്‌മാൻ, ഹരിഹരൻ, സോനു നിഗം, അലീഷാ ചിനായി തുടങ്ങി നിരവധി സംഗീത പ്രതിഭകളുടെ ഗുരു ആയിരുന്നു.
1931ൽ ഉത്തർപ്രദേശിലെ ബദൗനിൽ മഹാസംഗീതജ്ഞരുടെ കുടുംബത്തിലായിരുന്നു ജനനം. മുത്തച്ഛൻ ഉസ്താദ് മുറദ് ബക്‌ഷും പിതാവ് ഉസ്താദ് വാരിസ് ഹുസൈൻ ഖാനും പ്രഗൽഭ സംഗീതജ്ഞരായിരുന്നു. രാംപൂർ - സഹസ്വാൻ ഘരാനയുടെ ഉപജ്ഞാതാവ് ഉസ്താദ് ഇനായത്ത് ഹുസൈൻ ഖാന്റെ പുത്രി സാബ്രി ബീഗം ആണ് മാതാവ്. പിതാവാണ് ആദ്യഗുരു. പിന്നീട് ഉസ്താദ് ഫിദ ഹുസൈൻ, ഉസ്താദ് നിസാർ ഹുസൈൻ ഖാൻ എന്നിവരുടെ ശിഷ്യനായി. എട്ടാം വയസിലായിരുന്നു അരങ്ങേറ്റം. പിന്നീടങ്ങോട്ട് ശാസ്ത്രീയ സംഗീതത്തിലും സിനിമാ സംഗീതത്തിലും അഗ്രഗണ്യനായി.
രാഷ്‌ട്രപതി രാംനാഥ് കൊവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, ലതാമങ്കേഷ്‌കർ, എ.ആർ. റഹ്‌മാൻ, അംജദ് അലിഖാൻ തുടങ്ങി നിരവധി പേർ അനുശോചനം രേഖപ്പെടുത്തി.
പ്രധാനമന്ത്രി
ഉസ്താദ് ഗുലാം മുസ്തഫ ഖാൻ സാഹിബിന്റെ വേർപാട് നമ്മുടെ സാംസ്കാരിക ലോകത്തെ കൂടുതൽ ദരിദ്രമാക്കി. അദ്ദേഹത്തിന്റെ കുടുംബത്തെയും ആരാധകരെയും അനുശോചനം അറിയിക്കുന്നു.
നരേന്ദ്ര മോദി , പ്രധാനമന്ത്രി