splendor

'ഡ്യൂക്ക് വേഴ്‌സസ് സ്‌പ്ലെൻഡർ' വിഡിയോയുമായി തന്റെ യൂട്യൂബ് ചാനലിൽ വന്ന കുട്ടി വ്ലോഗർക്കെതിരെ ട്രോൾ പൂരം. വിഡിയോയിൽ സ്‌പ്ലെൻഡർ പ്ലസ് ബൈക്കിനെ ചവിട്ടി തള്ളിയിട്ടതിനാണ് സ്‌പ്ലെൻഡർ ആരാധകരുടെ രോഷമാണ് 'മനൂസ് വ്ലോഗ്' എന്ന യൂട്യൂബ് ചാനലിന്റെ ഉടമ മനുവിന് നേരിടേണ്ടി വന്നത്.

രണ്ട് മോട്ടോർ സൈക്കിളുകളെയും താരതമ്യം ചെയ്തുകൊണ്ടുള്ള വീഡിയോയുടെ അവസാനമാണ് മനു 'ഗയ്‌സ്, ഇതിനി വേണ്ട' എന്ന് പറഞ്ഞുകൊണ്ട് ബൈക്ക് തള്ളിയിടുന്നത്. മാത്രമല്ല വീഡിയോയിൽ ഉടനീളം സ്‌പ്ലെൻഡർ ബൈക്കിനെ മോശമാക്കി കാണിക്കുന്ന തരത്തിലുള്ള പ്രസ്താവനകളാണ് മനു നടത്തുന്നതെന്നതും വിമർശകരെ ചൊടിപ്പിച്ചിട്ടുണ്ട്.

ഡ്യൂക്കിനോട് മനുവിനുള്ള ഇഷ്ടക്കൂടുതലും വീഡിയോയിൽ വ്യക്തമാണ്. ഡ്യൂക്കിനെ പരിധിയിൽ കവിഞ്ഞ് പുകഴ്ത്തുന്ന മനു, അതേസമയം തന്നെ സ്‌പ്ലെൻഡറിനെ മോശമാക്കി കാണിക്കാനും മറക്കുന്നില്ല എന്നും കാണാം. ഏതായാലും മനു ആദ്യമായി തന്റെ ചാനലിൽ അപ്‌ലോഡ് ചെയ്ത വീഡിയോയ്ക്ക് കീഴിൽ ഇപ്പോൾ ഡിസ്‌ലൈക്കിന്റെ പൂരമാണ്.

ഡിസ്‌ലൈക്ക് അടിച്ച് മതിയാകാതെ നിരവധി പേർ തങ്ങളുടെ അനിഷ്ടം കമന്റുകളിലൂടെയും അറിയിച്ചിട്ടുണ്ട്. ഇതോടൊപ്പം മനുവിന്റെ വീഡിയോ അടിസ്ഥാനമാക്കി നിരവധി ട്രോളുകൾ വരുന്നുണ്ട്. 2021 ജനുവരി ഒന്നിനാണ് മനു വീഡിയോ അപ്‍ലോഡ് ചെയ്തത്. തന്റെ ആദ്യ വീഡിയോയ്ക്ക് വന്ന പ്രതികരണങ്ങൾ ശേഖരിച്ചുകൊണ്ട് മറ്റൊരു വീഡിയോയും മനു തയ്യാറാക്കിയിട്ടുണ്ട്.