ന്യൂഡൽഹി: പുതുതായി നടപ്പാക്കിയ സ്വകാര്യതാനയം തിരിച്ചടിയായതിന് പിന്നാലെ കൂടുതൽ വിശദീകരണവുമായി വാട്‌സാപ്പ്. ഉപഭോക്താക്കളുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്നില്ലെന്ന് വിശദീകരിച്ച് വാട്സ്ആപ്പ് സ്വന്തം സ്റ്റാറ്റസ് പുറത്തിറക്കി. ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ചോർത്തുന്നു എന്ന വിവിധ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ലക്ഷക്കണക്കിന് ഉപഭോക്താക്കളാണ് വാട്‌സാപ്പ് ഉപേക്ഷിച്ചത്. സിഗ്നൽ, ടെലിഗ്രാം പോലുള്ള ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നവരുടെ എണ്ണവും വർദ്ധിച്ചു. ഈ പശ്ചാത്തലത്തിലാണ് ഉപഭോക്താക്കളുടെ വിശ്വാസ്യത വീണ്ടെടുക്കാൻ സ്റ്റാറ്റസുമായി വാട്‌സാപ്പ് രംഗത്തുവന്നത്.
അടുത്തിടെ പ്രഖ്യാപിച്ച സ്വകാര്യത നയമാണ് വാട്സ്ആപ്പിന് വിനയായത്. സ്വകാര്യ വിവരങ്ങൾ ഫേസ്ബുക്കിന് കൈമാറുന്നു എന്നതടക്കമുള്ള ആരോപണങ്ങളാണ് തിരിച്ചടിയായത്. ഇതിനെ പ്രതിരോധിക്കാനാണ് സ്വന്തം സ്റ്റാറ്റസിലൂടെ അവർ ലക്ഷ്യമിടുന്നത്.
സ്റ്റാറ്റസിലൂടെ നാലു സന്ദേശങ്ങളാണ് വാട്സ്ആപ്പ് കൈമാറിയത്. ഉപഭോക്താക്കളുടെ സ്വകാര്യതയിൽ ഒരു വീട്ടുവീഴ്ചയും വരുത്തില്ല എന്നതാണ് ആദ്യ സന്ദേശം. സന്ദേശങ്ങൾ എൻഡ് ടു എൻഡ് ഇൻക്രിപ്ഷൻ സംവിധാനത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. അതിനാൽ സ്വകാര്യ സംഭാഷണങ്ങൾ വാട്സ്ആപ്പ് വായിക്കുകയോ ശ്രദ്ധിക്കുകയോ ചെയ്യുന്നില്ല എ്ന്നതാണ് രണ്ടാമത്തെ സന്ദേശം. കോൺടാക്ട്സും ലൊക്കേഷനും പങ്കുവെയ്ക്കുന്നില്ല എന്നതാണ് അടുത്ത സന്ദേശങ്ങളിൽ പറയുന്നത്. കോൺടാക്ടസ് ഫേസ്‌ബുക്കുമായി വാട്സ്ആപ്പ് പങ്കുവെയ്ക്കുന്നു എന്നതായിരുന്നു ആരോപണം.