കഴിഞ്ഞദിവസം കേരളകൗമുദിയിൽ വന്ന ഒരു വാർത്തയുടെ തലക്കെട്ട് ഇങ്ങനെയായിരുന്നു. " സുപ്രീംകോടതി ജഡ്ജി ചമഞ്ഞ് പന്ത്രണ്ടുലക്ഷം തട്ടിയ പ്രതി പിടിയിൽ,,,," പല രൂപങ്ങളിലും ഭാവങ്ങളിലും എത്രയെത്ര തട്ടിപ്പുകൾ നടന്നാലും മനുഷ്യർ വീണ്ടുംവീണ്ടും തട്ടിപ്പിനിരയാകുന്നു. ഇവിടെ പറയുന്നത് വിചിത്രമായ ഒരു തട്ടിപ്പിനെക്കുറിച്ചാണ്. ഇരയായത് എൻ.ഡി.ടി.വിയിലെ അവതാരകയും ചാനലിന്റെ എക്സിക്യൂട്ടീവ് എഡിറ്ററുമായ മാദ്ധ്യമ പ്രവർത്തക നിധി റസ്ദാനാണ് . ഡൽഹിയിലെ പ്രശസ്തമായ ലേഡി ശ്രീറാം കോളേജിന്റെയും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷന്റെയും പ്രോഡക്ടായ നിധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. വാർത്താ അവതാരകയ്‌ക്ക് പുറമേ ചാനലിലെ ശ്രദ്ധേയമായ പരിപാടി ബിഗ് ഫൈറ്റിന്റെയും ആങ്കറായിരുന്നു.
കഴിഞ്ഞവർഷം ജൂണിലാണ് ഇരുപത്തിയൊന്നു വർഷത്തെ ചാനൽ മാദ്ധ്യമ പ്രവർത്തനം ഉപേക്ഷിച്ച് താൻ ഹാർവാഡ് സർവകലാശാലയിലെ ജേർണലിസം വിഭാഗത്തിൽ അസോഷ്യേറ്റ് പ്രൊഫസറായി പോവുകയാണെന്ന് നിധി ട്വിറ്ററിലൂടെ പുറം ലോകത്തെ അറിയിച്ചത്. എന്നാൽ ഇപ്പോൾ നിധി പറയുന്നു.
" ഞാൻ നിധി റസ്ദാൻ, എന്നാൽ ഹാർവാഡിലെ പ്രൊഫസറല്ല.."
ഹാർവാഡ് കെന്നഡി സ്കൂളിൽ ഒരു പ്രഭാഷണത്തിനായി നിധിയെ വിളിക്കുന്നതോടെയാണ് എല്ലാത്തിന്റെയും തുടക്കം. കഴിഞ്ഞവർഷം ആദ്യമായിരുന്നു ഇത്. പരിപാടിയുടെ സംഘാടകർ പിന്നീട് നിധിയെ പ്രത്യേകം ബന്ധപ്പെടുകയും അദ്ധ്യാപന ജോലിയിൽ ഒരൊഴിവുണ്ടെന്നും താത്പര്യമുണ്ടെങ്കിൽ അപേക്ഷ നൽകാനും പറഞ്ഞു. ശ്രമിക്കുന്നതിൽ തെറ്റില്ലെന്ന് തോന്നിയതിനാൽ ബയോഡേറ്റയും അപേക്ഷയും നൽകി. പ്രതീക്ഷയില്ലായിരുന്നെങ്കിലും ഒരാഴ്ച കഴിഞ്ഞപ്പോൾ ഓൺലൈൻ അഭിമുഖത്തിന് ക്ഷണിച്ചു. 90 മിനിറ്റ് നീണ്ടുനിന്ന ആ അഭിമുഖം തികച്ചും പ്രൊഫഷണലായിരുന്നു. ഗൂഗിളിൽ തിരഞ്ഞപ്പോൾ ഹാർവാഡ് എക്സ്റ്റൻഷൻ സ്കൂളിൽ ജേർണലിസം കോഴ്സുണ്ടെന്നും കണ്ടെത്തി. മാസ്റ്റർ ഓഫ് ലിബറൽ ആർട്സ് ,ജേർണലിസം ഡിഗ്രി എന്നായിരുന്നു അതിന്റെ പേര്. എക്സ്റ്റൻഷൻ സ്കൂളിലെ 500 അംഗ ഫാക്കൽറ്റിയിൽ 17 പേർ ജേർണലിസത്തിന്റേതാണെന്നും വ്യക്തമായി. അവരിൽ പലരും വർക്കിംഗ് ജേർണലിസ്റ്റുകളായിരുന്നതിനാൽ തനിക്കു പറ്റിയ പ്രൊഫഷനാണെന്ന് നിധി ഉറപ്പിച്ചു.
കഴിഞ്ഞവർഷം ജനുവരി ആദ്യം ഹാർവാഡിന്റെ ഒഫീഷ്യൽ മെയിലിൽ നിന്നെന്നോണം എച്ച്.ആർ വിഭാഗം അയച്ച ഓഫർ ലെറ്റർ ലഭിച്ചു. എഗ്രിമെന്റും ഒപ്പമുണ്ടായിരുന്നു. ഹാർവാഡ് സർവകലാശാലയുടെ ലോഗോ അടങ്ങുന്ന ലെറ്റർഹെഡിൽ ഇപ്പോഴും സർവകലാശാലയുടെ പ്രധാന പദവി വഹിക്കുന്നവരുടെ ഒപ്പും ഉണ്ടായിരുന്നു. അതിനാൽ ഒരു സംശയവും തോന്നിയില്ല. തുടർന്നുള്ള മാസങ്ങളിൽ ഒൗദ്യോഗികമായെന്നോണം നിരവധി മെയിലുകൾ വന്നുകൊണ്ടിരുന്നു. മാർച്ചിൽ ഒരു ഓറിയന്റേഷൻ പരിപാടിയിൽ പങ്കെടുക്കാൻ ക്ഷണിച്ചെങ്കിലും കൊവിഡ് വന്നതോടെ അത് റദ്ദാക്കിയെന്ന അറിയിപ്പ് ലഭിച്ചു. വർക്ക് വിസയ്‌ക്കു വേണ്ടി ബാങ്ക് വിവരങ്ങൾ അടക്കം വ്യക്തിഗത വിശദാംശങ്ങളാവശ്യപ്പെട്ടു. നിധി അത് കൈമാറുകയും ചെയ്തു. വൈകാതെ തന്നെ ക്ളാസ് ഷെഡ്യൂളുകളും പഠിപ്പിക്കേണ്ട വിഷയങ്ങളെക്കുറിച്ചുമെല്ലാം വ്യക്തമായ നിർദ്ദേശങ്ങൾ ലഭിച്ചു. അതോടെ ജോലി ഉറപ്പായെന്ന ധാരണയിൽ ചാനൽ വിടാനുള്ള തീരുമാനം നിധി പ്രഖ്യാപിക്കുകയായിരുന്നു.
കൊവിഡായതിനാൽ ക്ളാസുകൾ ഓൺലൈനായി സെപ്‌തംബറിൽ ആരംഭിക്കുമെന്ന് അറിയിപ്പു വന്നു. പിന്നീട് അത് ജനുവരിയിലേക്ക് മാറ്റിവച്ചു. അമേരിക്കയിലേക്ക് യാത്രതിരിക്കേണ്ട സമയത്ത് വർക്ക് വിസ കൈമാറുമെന്നായിരുന്നു ഒടുവിൽ അറിയിച്ചത്. ജോലിയുമായി ബന്ധപ്പെട്ട നടപടികൾ നീണ്ടതോടെ നിധി സമ്മർദ്ദത്തിലായി. കൈയിലുള്ള ജോലിയും നഷ്ടമായി. സെപ്‌തംബർ മുതൽ ശമ്പളം അയയ്‌ക്കുമെന്ന് പറഞ്ഞെങ്കിലും നാളിതുവരെ അഞ്ചുപൈസ ലഭിച്ചതുമില്ല. ചോദിച്ചപ്പോൾ കൊവിഡിന്റെയും ഐ.ടി.പ്രശ്നങ്ങളുടെയും പേരിലാണ് വൈകുന്നതെന്നായിരുന്നു മറുപടി. ഇതിനിടെ ബാങ്ക് ട്രാൻസ്‌ഫറിന്റെ ഒരു സ്ളിപ്പ് ലഭിച്ചു. പക്ഷേ പണം കിട്ടിയില്ല. ജോലി വൈകുന്നതിനാൽ നിധി എച്ച്.ആറിന് എഴുതി. മറുപടി ലഭിച്ചില്ല. തുടർന്ന് ഡീനിനെ ബന്ധപ്പെട്ടപ്പോൾ ഞെട്ടിക്കുന്ന വിവരമാണ് അറിഞ്ഞത്. അങ്ങനെ ഒരു നിയമനവും നടന്നിട്ടില്ലെന്നും എച്ച്.ആറിൽ നിന്ന് കത്തയച്ചവർ ആരുംതന്നെ അവിടെ ജോലി ചെയ്യുന്നില്ലെന്നുമായിരുന്നു ഡീൻ അറിയിച്ചത്. സൈബർ തട്ടിപ്പായിരുന്നു എല്ലാം. താൻ വെറുമൊരു വിഡ്ഢിയായിപ്പോയല്ലോയെന്ന ചിന്തയാണ് ഇപ്പോൾ തോന്നുന്നതെന്ന് നിധി പറയുന്നു. പൈസ പോയില്ലെങ്കിലും ആരെയും വിടില്ലെന്ന് നിധി പറയുന്നു. നിയമനടപടിയുമായി മുന്നോട്ടു പോവുകയാണ് നിധി.
ഇത്തരം തട്ടിപ്പുകൾ വ്യാപകമാണെന്നാണ് വിദ്യാഭ്യാസ വിചക്ഷണനായ ടി.പി.സേതുമാധവൻ പറയുന്നത്. അമേരിക്കയിലും ലണ്ടനിലുമൊക്കെ തട്ടിപ്പുകൾ അരങ്ങേറുന്നു. വിസയ്ക്കായി പണം ചോദിക്കും. ബാങ്കിലിട്ടും കൊടുക്കും. പിന്നെ മറുപടി കിട്ടില്ല. കാലിഫോർണിയയിൽ ട്രൈവാലി സർവകലാശാലയെന്ന പേരിലും അടുത്തിടെ വൻ തട്ടിപ്പ് അരങ്ങേറിയിരുന്നു. എംബസി മുഖേന അന്വേഷിച്ച് വ്യക്തമായ വിവരങ്ങൾ തേടിയെ ഇത്തരം സ്ഥാപനങ്ങളുമായി ബന്ധപ്പെടാവുവെന്ന് സേതുമാധവൻ പറയുന്നു. യുണൈറ്റഡ് സ്റ്റേറ്റ്സ് ഇന്ത്യ എജ്യൂക്കേഷൻ ഫൗണ്ടേഷൻ എന്ന പേരിൽ ചെന്നൈയിലടക്കം ഇന്ത്യയിൽ ആറുകേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. അവരുടെ വെബ്സൈറ്റിൽ ബന്ധപ്പെട്ടാൽ നിജസ്ഥിതി അറിയാനാകും.
നിധി റസ്ദാൻ ഇതെഴുതുന്നയാളിനൊപ്പം ദക്ഷിണാഫ്രിക്കയിൽ ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുത്തിട്ടുണ്ട്. ബ്രില്യന്റ് ജേർണലിസ്റ്റാണ്. പക്ഷേ ഇത്രയും വലിയ തട്ടിപ്പിന് ഇരയായത് അവിശ്വസനീയം എന്നല്ലാതെ എന്തു പറയാൻ...