തിരുവനന്തപുരം: മുൻ എം പി എ സമ്പത്തിനെ നിയമസഭ തിരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്ഥാനാർത്ഥിയാക്കിയേക്കുമെന്ന് വിവരം. തിരുവനന്തപുരം സീറ്റ് പിടിച്ചെടുക്കാനാകും സമ്പത്തിനെ സി പി എം നിയോഗിക്കുക എന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന. എൽ ഡി എഫിൽ സ്ഥിരമായി കേരള കോൺഗ്രസ് മത്സരിക്കുന്ന സീറ്റാണിത്. എന്നാൽ ഇത്തവണ കേരള കോൺഗ്രസ് സ്ഥാനാർത്ഥിയെ നിർത്തിയാൽ വിജയിക്കില്ലെന്നും സീറ്റ് സി പി എം ഏറ്റെടുക്കണമെന്നുമാണ് പാർട്ടിക്കകത്തെ ആവശ്യം.
2006ൽ വി സുരേന്ദ്രൻപ്പിളള ഇവിടെ നിന്ന് വിജയിച്ച് അച്ചുതാനന്ദൻ മന്ത്രിസഭയുടെ അവസാനകാലയളവിൽ തുറമുഖ വകുപ്പ് മന്ത്രിയായിരുന്നു. 2011ൽ സുരേന്ദ്രൻപ്പിളളയെ തോൽപ്പിച്ച് വി എസ് ശിവകുമാർ മണ്ഡലത്തിൽ നിന്ന് വിജയിക്കുകയും ഉമ്മൻചാണ്ടി മന്ത്രിസഭയിൽ മന്ത്രിയാവുകയും ചെയ്‌തു. 2016 എത്തിയതോടെ സുരേന്ദ്രൻപ്പിളളയ്‌ക്ക് എൽ ഡി എഫ് സീറ്റ് നിഷേധിച്ച് മാണി കോൺഗ്രസ് പിളർത്തി ജനാധിപത്യ കേരള കോൺഗ്രസ് രൂപവത്‌ക്കരിച്ച് മുന്നണിയിലേക്ക് വന്ന ആന്റണി രാജുവിന് സീറ്റ് കൊടുക്കുകയായിരുന്നു. ഇതോടെ സുരേന്ദ്രൻപ്പിളള സോഷ്യലിസ്‌റ്റ് ജനതാ ഡെമോക്രാറ്റിക്ക് വഴി യു ഡി എഫിലേക്ക് ചേക്കേറുകയും നേമത്ത് സ്ഥാനാർത്ഥിയാവുകയും ചെയ്‌തു. ആന്റണിരാജുവിനെ തോൽപ്പിച്ച ശിവകുമാർ മണ്ഡലത്തിൽ രണ്ടാമതും വിജയിക്കുകയായിരുന്നു.
തിരുവനന്തപുരം മണ്ഡലം പിടിക്കാൻ പാർട്ടി സ്ഥാനാർത്ഥിയെ തന്നെ കളത്തിലിറക്കണമെന്ന് സി പി എം നേതാക്കൾ വാദിക്കുന്നു. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിൽ ആറ്റിങ്ങൽ മണ്ഡലത്തിൽ സമ്പത്ത് വീണ്ടും ജനവിധി തേടിയെങ്കിലും പരാജയപ്പെടുകയായിരുന്നു. അതിനെ തുടർന്ന് സർക്കാർ പ്രതിനിധിയായി ഡൽഹിയിൽ സമ്പത്തിനെ നിയോഗിച്ചിരുന്നു. ഏറെ രാഷ്ട്രീയ വിവാദം ഉണ്ടാക്കിയ നിയമനമായിരുന്നു ഇത്. വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പിൽ വി കെ പ്രശാന്തിനും വി കെ മധുവിനും ഒപ്പം സമ്പത്തിന്റെ പേരും പരിഗണിച്ചിരുന്നെങ്കിലും അവസാനം നറുക്ക് വീണത് പ്രശാന്തിനായിരുന്നു.
അതേസമയം, താൻ സ്ഥാനാർത്ഥിയാകുമെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകളെപ്പറ്റി യാതൊരു അറിവുമില്ലെന്ന് സമ്പത്ത് കേരളകൗമുദി ഓൺലൈനിനോട് പ്രതികരിച്ചു. മുന്നണിയ്‌ക്കകത്ത് സീറ്റ് വിഭജനം നടന്നശേഷം മാത്രമേ സി പി എം സ്ഥാനാർത്ഥികളെ തീരുമാനിക്കുകയുളളൂ. അപ്പോൾ മാത്രമേ കൃത്യമായ ചിത്രം ലഭിക്കുകയുളളൂവെന്നും അദ്ദേഹം പറഞ്ഞു.
സമ്പത്തിനൊപ്പം മുൻ എം പിമാരായ പി കെ ബിജുവും എം ബി രാജേഷും ഈ തിരഞ്ഞെടുപ്പിൽ മത്സരത്തിനുണ്ടാവുമെന്നാണ് സൂചന. കോങ്ങാടോ തരൂരോ പി കെ ബിജു മത്സരിച്ചേക്കും. നിലവിൽ തൃശൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പി കെ ബിജുവിന് അവിടേയും സാദ്ധ്യതയുണ്ട്. സി പി എം ശക്തികേന്ദ്രമായ ആലത്തൂരിൽ നിന്നും രണ്ട് തവണ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പൈട്ട പി കെ ബിജു ഇത്തവണ രമ്യാ ഹരിദാസിനോട് പരാജയപ്പെടുകയായിരുന്നു.
എം ബി രാജേഷ് ഇത്തവണ മലമ്പുഴയിൽ നിന്നോ തൃത്താലയിൽ നിന്നോ മത്സരിച്ചേക്കും. 2009ലും 2014ലും പാലക്കാട് നിന്നും വിജയിച്ച എം ബി രാജേഷ് 2019ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ വി കെ ശ്രീകണ്‌ഠനോട് പരാജയപ്പെടുകയായിരുന്നു.