കൊച്ചി: കൊവിഡിനെ തുടർന്നുളള സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന സാധാരണക്കാർക്ക് ഇരുട്ടടിയുമായി രാജ്യത്ത് വീണ്ടും പെട്രോളിനും ഡീസലിനും വില കൂടി. പെട്രോൾ ലിറ്ററിന് 25 പൈസ കൂടിയപ്പോൾ ഡീസലിന് 26 പൈസയാണ് കൂടിയത്. അന്താരാഷ്ട്രവിപണിയിൽ എണ്ണവില കുറഞ്ഞിരിക്കുന്ന സാഹചര്യത്തിലാണ് വീണ്ടും രാജ്യത്ത് എണ്ണക്കമ്പനികൾ വില കൂട്ടിയിരിക്കുന്നത്. കൊച്ചിയിലെ ഇന്നത്തെ പെട്രോൾ വില 85.11 രൂപയാണ്. ഡീസൽ വില 79.24 രൂപയായി.
പെട്രോളിന്റെയും ഡീസലിന്റെയും ഇറക്കുമതിച്ചുങ്കവും ക്രൂഡ് ഓയിൽ വിലയും അടിസ്ഥാനപ്പെടുത്തിയാണ് ഇന്ധനവില നിർണയിക്കുന്നത്. കഴിഞ്ഞയാഴ്ചയും രാജ്യത്ത് ഇന്ധനവില കൂട്ടിയിരുന്നു. അടിക്കടി വിലകൂടുന്നത് അവശ്യസാധനങ്ങൾ ഉളളവയുടെ വിലക്കയറ്റത്തിന് ഇടയാക്കും. അതിനാൽ വില നിയന്ത്രിക്കാൻ കേന്ദ്രം ഇടപെടണമെന്ന് ആവശ്യമുയർന്നെങ്കിലും ഒന്നുമുണ്ടായില്ല. കൊവിഡ് കാലത്ത് മറ്റു നികുതിവരുമാന മാർഗങ്ങളെല്ലാം അടഞ്ഞപ്പോൾ കേന്ദ്രം ആയുധമാക്കിയത് ഇന്ധന എക്സൈസ് നികുതിയാണ്. ലോക്ക്ഡൗണിൽ ഇന്ധന വില്പന ഇടിഞ്ഞെങ്കിലും എണ്ണവിതരണ കമ്പനികളുടെ പർച്ചേസിലൂടെ നികുതി വരുമാനംഉറപ്പാക്കാൻ കേന്ദ്രത്തിന് കഴിഞ്ഞു. മറ്റ് നികുതി വരുമാനമെല്ലാം ഇടിഞ്ഞെങ്കിലും ഇന്ധനത്തിൽ നിന്നുള്ളതിന്റെ വർദ്ധന 48 ശതമാനമാണ്. ലോക്ക്ഡൗണിൽ എക്സൈസ് നികുതി കുത്തനെ കൂട്ടിയതാണ് കേന്ദ്രത്തിന് നേട്ടമായത്.
നടപ്പുവർഷം ഏപ്രിൽ-നവംബറിൽ 1.96 ലക്ഷം കോടി രൂപയാണ് എക്സൈസ് നികുതിയിലൂടെ കേന്ദ്ര ഖജനാവിലെത്തിയത്. 2019ലെ സമാനകാലത്ത് വരുമാനം 1.32 ലക്ഷം കോടി രൂപയായിരുന്നു. കൊവിഡ് കാലത്ത് ഇന്ധന ഉപഭോഗം മുൻവർഷത്തേക്കാൾ കുത്തനെ കുറഞ്ഞിട്ടും നികുതിവരുമാനം വൻതോതിൽ കൂടാൻ കേന്ദ്രത്തെ സഹായിച്ചതും ഉയർന്ന നികുതിയാണ്.