തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി മാനേജ്മെന്റിന്റെ മുകൾത്തട്ടിൽ സമ്പൂർണ അഴിച്ചുപണിക്ക് സി.എം.ഡി ബിജു പ്രഭാകർ തയ്യാറാക്കിയ റിപ്പോർട്ടിന് ഗതാഗത വകുപ്പ് അംഗീകാരം നൽകി. എക്സിക്യുട്ടീവ് ഡയറക്ടർമാർ ഉൾപ്പെടെയുള്ളവർക്ക് സ്വയം വിരമിക്കലിന് അവസരം നൽകും. തുടരാൻ ആഗ്രഹിക്കുന്നവർക്ക് വിദഗ്ദ്ധ പരിശീലനം നൽകും. കാര്യക്ഷമതയുള്ള വിദഗ്ദ്ധരെ നിയമിച്ച് പുതിയ ടോപ് മാനേജ്മെന്റ് ടീം രൂപീകരിക്കും. സുശീൽ ഖന്ന റിപ്പോർട്ടിന്റെ കൂടി അടിസ്ഥാനത്തിലുള്ള ശുപാർശകൾ അനുസരിച്ച് 'ശുദ്ധിക്രിയ' ഉടനുണ്ടാകും.
കെ.ടി.ഡി.എഫ്.സിയുമായുള്ള ഇടപാടിലെ നൂറു കോടിയുടെ ക്രമക്കേട് ഉൾപ്പെടെ കോർപറേഷൻ ജീവനക്കാരുടെ വമ്പൻ തട്ടിപ്പുകൾ ബിജു പ്രഭാകർ തന്നെ ശനിയാഴ്ച മാദ്ധ്യമങ്ങൾക്കു മുന്നിൽ വെളിപ്പെടുത്തിയതിനു പിന്നാലെയാണ് പരിഷ്കരണ നടപടികൾ തുടങ്ങാൻ സർക്കാർ ഡബിൾ ബെൽ നൽകിയത്. ജീവനക്കാർക്കിടയിൽ 'മുക്കൂട്ടു മുന്നണി' എന്നറിയപ്പെടുന്ന ത്രിമൂർത്തികളുടെ നിയന്ത്രണത്തിലായിരുന്നു കഴിഞ്ഞ പത്തു വർത്തോളമായി കെ.എസ്.ആർ.ടി.സി. ഇടയ്ക്കിടെ വരുന്ന മേധാവിമാരെ കൈയിലെടുത്തായിരുന്നു 'ഭരണം'. ഇവർക്കു വേണ്ട സഹായങ്ങൾ ചെയ്തിരുന്ന നാലാമനുമുണ്ട്. ഈ 'മുന്നണി'യെയാണ് ബിജു പ്രഭാകർ പൊളിച്ചടുക്കിയത്.
100 കോടി രൂപ ഒരു കണക്കിലും പെടാതെപോയതിന് വിജിലൻസ് അന്വേഷണം നേരിടാനിരിക്കുന്ന എക്സിക്യുട്ടീവ് ഡയറക്ടർ കെ.എം. ശ്രീകുമാറാണ് 'മുക്കൂട്ടു മുന്നണി'യിലെ പ്രധാനി. പോക്സോ കേസ് പ്രതിയെ തിരിച്ചെടുത്തതിന്റെ പേരിൽ നോട്ടീസ് ലഭിച്ച ഷറഫ് മുഹമ്മദാണ് മറ്റൊരാൾ. തൊഴിലാളി സംഘടനാ നേതാക്കൾക്കും കോർപറേഷൻ മേധാവിമാർക്കും ഇടയ്ക്കുള്ള പാലമായി പ്രവർത്തിക്കുന്നതും ചില എക്സിക്യൂട്ടീവ് ഡയറക്ടർമാരാണ്. സംഘടനാബലം നോക്കിയാണ് ശുപാർശങ്ങൾ വീതം വച്ച് നടപ്പിലാക്കുന്നത്. സ്ഥലംമാറ്റം ഉൾപ്പെടെ ശരിയായി നടക്കാത്തതിനു കാരണവും ഈ വീതംവയ്പ്പു തന്നെ.
പ്രതിഷേധത്തിനു പിന്നിൽ
കെ.എസ്.ആർ.ടി.സിയിൽ 2012-15 കാലഘട്ടത്തിൽ നടന്ന ക്രമക്കേടുകളെക്കുറിച്ചാണ് ഇപ്പോൾ അന്വേഷണം. വകുപ്പുതല അന്വേഷണം തുടുരും. വിജിലൻസ് അന്വേഷണം അന്ന് ഡയറക്ടർ ബോർഡിലുണ്ടായിരുന്നവർ ഉൾപ്പെടെയുള്ളവർക്കെതിരെ വരും. പ്രതിപക്ഷ ട്രേഡ് യൂണിയൻ നേതാക്കളായ രണ്ടു പേർ ഈ കാലയളവിൽ ഡയറക്ടർ ബോർഡ് അംഗങ്ങളായിരുന്നു. ഇതിൽ ഒരു നേതാവിന്റെ നേതൃത്വത്തിലായിരുന്നു ശനിയാഴ്ച ബിജു പ്രഭാകറിന്റെ വാർത്താ സമ്മേളനം കഴിഞ്ഞ ഉടൻ ചീഫ് ഓഫീസിലേക്കുള്ള മാർച്ച്.
ബിജു പ്രഭാകറിനെ മാറ്റില്ല
കെ.എസ്.ആർ.ടി.സിയിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പരിഷ്കാരങ്ങളുടെ പേരിൽ മേധാവി സ്ഥാനത്തു നിന്ന് സർക്കാർ ബിജു പ്രഭാകറിനെ മാറ്റില്ല. സ്വിഫ്ട് കമ്പനി രൂപീകരണത്തെക്കുറിച്ച് ഇന്ന് തൊഴിലാളി സംഘടനാ നേതാക്കളുമായി ചർച്ച നടത്തും. ജീവനക്കാരുമായി സി.എം.ഡി ഇന്നലെ ഫേസ്ബുക്ക് വഴി സംവദിച്ചിരുന്നു.
100 കോടിയുടെ ക്രമക്കേട് വിജിലൻസ് അന്വേഷിക്കും
വിരമിച്ചവരും കുടുങ്ങും
കെ.എസ്.ആർ.ടി.സിയിൽ 2012 മുതൽ 2015 വരെ നടന്ന സാമ്പത്തിക ഇടപാടുകൾ വിജിലൻസ് അന്വേഷിക്കും.
അന്വേഷണ നിർദ്ദേശം, കെ.എസ്.ആർ.ടി.സി ധനകാര്യ പരിശോധനാ വിഭാഗത്തിന്റേത്.
റിപ്പോർട്ട് ഒരു മാസത്തിനുള്ളിൽ സമർപ്പിക്കാൻ നിർദ്ദേശിക്കും.
പരിശോധനയ്ക്കു നേതൃത്വം നൽകിയത് അഡിഷണൽ സെക്രട്ടറി അനിൽകുമാർ.
സസ്പെൻസ് അക്കൗണ്ട് 100 കോടിയിലധികമെന്ന് (വരവിന്റെയും ചെലവിന്റെയും കണക്കില്ല) കണ്ടെത്തൽ.
ക്രമക്കേടുകൾ ബോദ്ധ്യപ്പെട്ടതായി ഭരണസമിതിക്ക് അനിൽകുമാറിന്റെ റിപ്പോർട്ട്.
പുറത്തു നിന്നുള്ള ഏജൻസി കണക്കുകൾ ഓഡിറ്റ് ചെയ്യണം.
കണക്കുകൾ കൃത്യമല്ലാതിരുന്നത് ഇപ്പോൾ സ്ഥലം മാറ്റപ്പെട്ട എക്സിക്യുട്ടീവ് ഡയറക്ടർ ശ്രീകുമാറിന് മേൽനോട്ട ചുമതല ഉണ്ടായിരുന്ന കാലയളവിൽ.
ഈ കാലയളവിൽ അക്കൗണ്ട് വിഭാഗത്തിൽ ജോലി ചെയ്യുകയും പിന്നീട് വിരമിക്കുകയും ചെയ്ത ശ്രീദേവി അമ്മ, ജെ.വിജയമോഹൻ, ആർ.സുധാകരൻ എന്നിവരുടെ പങ്കും അന്വേഷിക്കും.