jose-k-mani

ന്യൂഡൽഹി: രാജ്യസഭാംഗത്വം രാജിവച്ചുകൊണ്ടുള‌ള ജോസ് കെ മാണിയുടെ രാജിക്കത്ത് രാജ്യസഭ ഉപാദ്ധ്യക്ഷൻ സ്വീകരിച്ചു. വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ പാലായിൽ നിന്നും ജോസ് കെ മാണി മത്സരിക്കും. ഇതിനുമുന്നോടിയായാണ് ഇപ്പോൾ രാജിക്കത്ത് നൽകിയത്. ജോസിന്റെ രാജിയെ തുടർന്ന് ഒഴിവുവരുന്ന സീ‌റ്റ് കേരളകോൺഗ്രസിന് തന്നെയാകും ലഭിക്കുക.

എൽ.ഡി.എഫിലെത്തിയ ശേഷവും യു.ഡി.എഫിലുണ്ടായിരുന്നപ്പോൾ നേടിയ രാജ്യസഭാംഗത്വം രാജിവയ്‌ക്കാത്തതിനെ കോൺഗ്രസ് മുൻപ് രൂക്ഷമായി വിമർശിച്ചിരുന്നു. എന്നാൽ ജോസഫ് വിഭാഗവുമായുള‌ള കേസിനെ തുടർന്ന് രാജി തീരുമാനം കുറച്ച്നാൾ നീണ്ടുപോയി. ഒടുവിൽ രാജി നൽകാൻ നിയമോപദേശം ലഭിച്ചതിന് ശേഷമാണ് ജനുവരി ഒൻപതിന് രാജ്യസഭാദ്ധ്യക്ഷൻ ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡുവിന് ജോസ്.കെ മാണി രാജി സമർ‌പ്പിച്ചത്.

നിലവിൽ പാലായിൽ നിന്നുള‌ള നിയമസഭാംഗമായ മാണി.സി .കാപ്പനും എൻസിപിയും ജോസിന് പാലാ സീ‌റ്റ് നൽകുന്നതിനെതിരെ പ്രതിഷേധിച്ചിരുന്നു. ജോസ്.കെ.മാണിയോ വഴിയേ പോകുന്നവരോ ചോദിച്ചാൽ സീ‌റ്റ് വിട്ടുതരില്ലെന്നായിരുന്നു എൻസിപി സംസ്ഥാന അദ്ധ്യക്ഷൻ ടി.പി പീതാംബരൻ മാസ്‌റ്റർ അറിയിച്ചത്.