tkd-

മുൻമന്ത്രി ടി.​കെ.​ ​ദി​വാ​ക​രന്റെ 45 -ാം ചരമവാർഷികം ഇന്ന്

ശിവഗിരി ബ്രഹ്മവിദ്യാലയത്തിൽ 1968-ൽ വിദ്യാർത്ഥിയായിരിക്കുമ്പോൾ എനിക്ക് 18 വയസേയുണ്ടായിരുന്നുള്ളൂ. ഗുരുദേവ ദർശനങ്ങൾ മനസിലാക്കാൻ മനസിൽ അദമ്യമായ മോഹം നിറഞ്ഞു. മറ്റൊരു ചിന്തയുമുണ്ടായിരുന്നില്ല. പ്രത്യേകിച്ചും രാഷ്ട്രീയ കാര്യങ്ങൾ. അതുകൊണ്ടുതന്നെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്ന ടി.കെ. ദിവാകരനെ ഞാൻ കണ്ടിട്ടുണ്ടായിരുന്നില്ല. പിന്നീടദ്ദേഹത്തെക്കുറിച്ച് കൂടുതലറിയാനും കുടുംബവുമായി വളരെയടുത്ത് ബന്ധപ്പെടാനുമുള്ള അവസരമുണ്ടായി. ടി.കെ.യുടെ സ്യാലൻ മണിബെൻസനുമായുണ്ടായ ബന്ധമാണ് അതിനു കാരണമെങ്കിലും ഞാൻ മനസിലാക്കിയ സത്യം ടി.കെ.യുടെ കുടുംബവുമായി എന്നെ ബന്ധിപ്പിച്ച കണ്ണി ഗുരുദേവനാണെന്നതാണ്. ശിവഗിരിമഠത്തേയും ബന്ധപ്പെട്ട സ്ഥാപനങ്ങളേയും അകമഴിഞ്ഞ് സഹായിച്ചിരുന്ന ടി.കെ ദിവാകരൻ​ ഗുരുദേവ ദർശനങ്ങളിലും ഗുരുവിന്റെ ആദ്ധ്യാത്മികവും ഭൗതികവുമായ തത്വങ്ങളിലും അടിയുറച്ച് വിശ്വസിച്ചിരുന്ന പ്രഗത്ഭനും സംശുദ്ധനുമായ രാഷ്ട്രീയ നേതാവായിരുന്നു. ഗുരുദേവന്റെ പുണ്യസമാധിയാൽ പരമപവിത്രമായ ശിവഗിരിക്കുമേൽ വേതാളശക്തികൾ ചാടിവീണപ്പോൾ അവർക്കെതിരെയുള്ള പോരാട്ടത്തിൽ എനിക്ക് അഭയവും ആശ്രയവുമായത് കുമാരപുരത്തുള്ള ടി.കെ. ഭവനായിരുന്നു. അവിടെ താമസിച്ച് ടി.കെ.യുടെ പ്രിയ സഹധർമ്മിണി വച്ചുവിളമ്പിയിരുന്ന ആഹാരം കഴിച്ചായിരുന്നു എന്റെ പോരാട്ടം. തീർച്ചയായും അതൊരു ഗുരുദേവ നിശ്ചയമാണ് .

പതിനെട്ടാം വയസിൽ എസ്.എൻ.ഡി.പി.യുടെ കൊല്ലം പട്ടത്താനം ശാഖയുടെ സെക്രട്ടറിയായിട്ടാണ് ടി.കെ.ദിവാകരൻ പൊതുരംഗത്തെത്തിയത്. ടി.കെ.യുടെ രാഷ്ട്രീയ പ്രസംഗങ്ങളിലും നിറയുന്നത് ഗുരുവിന്റെ ദർശനമാണ്. ഗുരുദേവൻ തപസനുഷ്‌ഠിച്ച നെയ്യാറ്റിൻകരയിലെ കൊടിതൂക്കിമലയും ശിവപ്രതിഷ്ഠ നടത്തിയ അരുവിപ്പുറവും ശ്രീനാരായണീയർക്ക് തീർത്ഥാടന കേന്ദ്രമാണെങ്കിൽ അതിന് ടി.കെ. ദിവാകരൻ നൽകിയ സംഭാവന എന്നും സ്മരിക്കപ്പെടും. ഗുരുസാന്നിദ്ധ്യത്താൽ പുണ്യം നേടിയ അരുവിപ്പുറത്ത് തീർത്ഥാടകർക്ക് ചെന്നുപറ്റാൻ പ്രയാസമായിരുന്നു. നെയ്യാറിന് കുറുകെ പാലമുണ്ടാവുക മാത്രമായിരുന്നു പോംവഴി. പക്ഷേ ആരുമത് ചെവിക്കൊണ്ടില്ല. എന്നാൽ തനിക്ക് മുൻപ് പൊതുമരാമത്ത് വകുപ്പ് ഭരിച്ചവർക്കാർക്കും തോന്നാത്ത ആവശ്യകത ടി.കെ.യ്ക്ക് തോന്നി. പാലം പണിയാൻ ഉത്തരവും നൽകി.
തൊട്ടടുത്ത് തന്നെ മാമ്പഴക്കരപ്പാലമുള്ളപ്പോൾ എന്തിനാണ്
ഇങ്ങനെയൊരു പാലമെന്ന് ചോദിച്ച് ഉദ്യോഗസ്ഥർ ടി.കെയെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹത്തിന്റെ തീരുമാനം ദൃഢമായിരുന്നു.
അതോടെയാണ് അരുവിപ്പുറത്തേക്കുള്ള യാത്ര സുഗമമായതും അരുവിപ്പുറത്തിനും വികസനം വന്നതും. തീരുമാനമെടുക്കുന്നതിലും നടപ്പിലാക്കുന്നതിലും ഇച്ഛാശക്തിയും നിശ്ചയദാർഢ്യവും കൈമുതലായുണ്ടായിരുന്നു ടി.കെ.ദിവാകരന്. പാലം യാഥാർത്ഥ്യമാക്കിയ ടി.കെ.യോട് അവിടുത്തെ ജനങ്ങൾ കാട്ടിയ നന്ദി അദ്ദേഹത്തിന്റെ പൂർണകായ പ്രതിമ അരുവിപ്പുറത്ത് സ്ഥാപിച്ചുകൊണ്ടായിരുന്നു. എസ്.എൻ.ഡി.പി.യോഗത്തിനുവേണ്ടി അക്ഷീണം പ്രവർത്തിച്ച ആർ.ശങ്കറിനെ പോലുള്ളവർക്കുപോലും ഇങ്ങനെയൊരു സ്മാരകം കിട്ടിയിട്ടില്ല.
ശിവഗിരിയിലെ പഠനം കഴിഞ്ഞ് ഏറെക്കാലം വടക്കേഇന്ത്യയിലായിരുന്നു ഞാൻ. പിൽക്കാലത്ത് അരുവിപ്പുറത്ത് ടി.കെ.ദിവാകരന്റെ പ്രതിമ കാണുകയും പ്രതിമ സ്ഥാപിക്കപ്പെടാനുള്ള കാരണം ആരായുകയും ചെയ്‌തപ്പോഴാണ് ടി.കെ എന്ന വലിയ മനുഷ്യനെക്കുറിച്ചുള്ള എന്റെ അന്വേഷണമാരംഭിച്ചത്. അപ്പോഴാണ് ശിവഗിരിയിലും ആലുവ അദ്വൈതാശ്രമത്തിലും പൊതുമരാമത്ത് മന്ത്രിയായിരുന്ന ടി.കെ. ദിവാകരൻ ചട്ടങ്ങൾക്കുള്ളിൽ നിന്ന് പരമാവധി സഹായം ചെയ്തിട്ടുണ്ടെന്ന് മനസിലാക്കിയത്. ശിവഗിരിയുടെ പ്രാധാന്യം മനസിലാക്കി അവിടേക്കുള്ള റോഡുവികസനത്തിനും പ്രത്യേക ശ്രദ്ധ ചെലുത്തിയിരുന്നു. ഒരു മഴക്കാലത്ത് ആലുവാപ്പുഴയുടെ കരയിലുള്ള അദ്വൈതാശ്രമത്തിന്റെ മതിലുകളിടിഞ്ഞ് നാശനഷ്ടമുണ്ടായപ്പോൾ അന്നത്തെ മഠാധിപതി വാസുദേവൻ ജഡ്ജിയോട്
ടി.കെ.യെക്കണ്ട് പരിഹാരം കണ്ടെത്തണമെന്ന് പറഞ്ഞു. അദ്ദേഹം അന്നുതന്നെ തിരുവനന്തപുരത്തെത്തി ടി.കെ.യെ വിവരം ധരിപ്പിച്ചു. പിറ്റേദിവസം ആശ്രമത്തിലെത്തിയ ടി.കെ വേണ്ടത് ചെയ്തുകൊടുത്തു.
പല്ലനയിലെ കുമാരകോടിയിൽ കുമാരനാശാന് ഉചിതമായ സ്മാരകം
നിർമ്മിച്ചത് ടി.കെ.യുടെ പ്രത്യേക താത്‌പര്യത്തിലായിരുന്നു. അവിടേക്ക് റോഡില്ലായെന്നതായിരുന്നു നാട്ടുകാരുടെ പരിദേവനം. ബോട്ടുമാർഗമേ പോകാനാവൂ.
റോഡ് വരണമെങ്കിൽ നാട്ടുകാരനായ പ്രമാണിയുടെ വയൽ വിട്ടുകിട്ടണം. അദ്ദേഹമതിന് തയ്യാറല്ല. വിവരമറിഞ്ഞ ടി.കെ. ബോട്ടിൽ പല്ലനയിലെത്തി. അപ്പോൾ മാത്രമാണ് നാട്ടുകാർ വിവരമറിഞ്ഞത്. കാര്യം മനസിലാക്കിയ ടി.കെ. വയലിന്റെ ഉടമയെ കാര്യങ്ങൾ ബോദ്ധ്യപ്പെടുത്തി ആവശ്യത്തിന് സ്ഥലം ലഭ്യമാക്കി. തോട്ടപ്പള്ളി - കുമാരകോടി റോഡിന്റെ ഉത്ഭവം അങ്ങനെയാണ്.

ആഴമേറിയ വായനയിലൂടെ നേടിയ അറിവാണ് ടി.കെ.ദിവാകരനെ സദ്പ്രവൃത്തികൾക്ക് പ്രാപ്തനാക്കിയത്. സമുദായ പ്രവർത്തനത്തിൽ നിന്നും രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് ചുവടുമാറ്റി നാടിന്റെ വികസനത്തിന് കുതിപ്പേകിയ വ്യക്തിയാണ്. ടി.കെ. ദിവാകരൻ. സമുദായ ഉദ്ധാരണം വഴി അധ:സ്ഥിത ഉന്നമനം നടത്തിയ ആർ. ശങ്കർക്കും അശരണരായ തൊഴിലാളികൾക്കുവേണ്ടി പ്രവർത്തിച്ച് സാമൂഹിക ഉന്നമനം നടത്തിയ ടി.കെ.യ്ക്കും സമാനതകൾ പലതുണ്ട്. രാഷ്ട്രീയ കേരളത്തിന് മറക്കാൻ പറ്റാത്ത നാമം എന്നതുപോലെ ശിവഗിരി മഠത്തിനും മറക്കാൻ പറ്റാത്ത നാമമാണ് ടി.കെ. ദിവാകരന്റേത്.