തിരുവനന്തപുരം: കേന്ദ്ര, സംസ്ഥാന ജീവനക്കാർക്കും വിരമിച്ചവർക്കും ഇരട്ടി ഓഫറുമായി ബി.എസ്.എൻ.എൽ. ഫോൺബില്ലുകളിൽ നൽകിയിരുന്ന അഞ്ച് ശതമാനം ഇളവ് പത്തായി കമ്പനി വർദ്ധിപ്പിച്ചിരിക്കുകയാണ്. ലാൻഡ് ഫോണിലും ബ്രോഡ്‌ബാന്റ് കണക്ഷനിലും മാത്രമുണ്ടായിരുന്ന ആനുകൂല്യം ഇപ്പോൾ അതിവേഗ ഇന്റർനെറ്റ് കണക്ഷനായ എഫ്.ടി.ടി.എച്ചിനും ലഭിക്കും. നിലവിലുളള ഉദ്യോഗസ്ഥർക്കും പുതുതായി വരുന്നവർക്കും ഈ ആനുകൂല്യങ്ങളെല്ലാം ലഭിക്കും.
ആനുകൂല്യങ്ങൾ ലഭിക്കാത്ത സർക്കാർ ഉദ്യോഗസ്ഥർക്കും പെൻഷൻകാർക്കും അവർ ആനുകൂല്യത്തിന് അർഹരാണെന്നതിന് മതിയായ രേഖകൾ ബിഎസ്എൻഎലിൽ സമർപ്പിച്ചാൽ ഇളവുകൾ ലഭ്യമാകും. വിരമിച്ചവർക്ക് പെൻഷൻ ബുക്കിന്റെ പകർപ്പ് സമർപ്പിച്ച് ആനുകൂല്യത്തിന് അർഹത നേടാം. 2008ൽ ആരംഭിച്ച ബില്ലിലെ ഇളവ് സമ്പ്രദായം ആദ്യം 20 ശതമാനം ഇളവാണ് നൽകിയിരുന്നത്. 2013ൽ 10 ശതമാനമായും 2015ൽ 5 ശതമാനമായും കുറച്ചു. ഇത് ഇപ്പോൾ 10 ശതമാനമായി ഉയർത്തിയിരിക്കുകയാണ്.
അതേസമയം ബിഎസ്എൻഎലിൽ നിന്നും 4ജി സേവനം നൽകണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിയ്‌ക്ക് കത്ത് നൽകിയിരിക്കുകയാണ്. 4ജി സേവനം ആവശ്യപ്പെട്ട് രാജ്യത്തെ ഒരു മുഖ്യമന്ത്രി ആദ്യമായാണ് കത്ത് നൽകുന്നത്. കേരളത്തിലെ നോളഡ്‌ജ് ഇക്കോണമിയുടെ വളർച്ചയ്‌ക്ക് ബി.എസ്.എൻ.എൽ 4ജി ആവശ്യമാണെന്ന് കേന്ദ്രത്തെ മുഖ്യമന്ത്രി അറിയിച്ചു.
നിലവിൽ സംസ്ഥാനത്ത് 4ജി സേവനങ്ങൾക്കായി 700 ബേസ് ട്രാൻസീവർ സ്‌റ്റേഷനുകൾ സ്ഥാപിക്കാനാണ് ബി.എസ്.എൻ.എൽ ഒരുങ്ങുന്നത്. ഇത് സംസ്ഥാനത്ത് തീരെ പര്യപ്‌തമല്ലെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്.
അൺലിമിറ്റഡ് കോൾ ഓഫറുകളിൽ ഉണ്ടായിരുന്ന 250 മിനുട്ട് പരിധി ബി.എസ്.എൻ.എൽ എടുത്തുകളഞ്ഞത് കഴിഞ്ഞയാഴ്‌ചയാണ്. നിശ്ചിത സമയത്തിന് ശേഷം വരിക്കാരുടെ പ്ളാനിനനുസരിച്ച് കോൾ നിരക്ക് ഏർപ്പെടുത്തിയത് ഇതോടെ ഇല്ലാതെയായി. തികച്ചും സൗജന്യമായാണ് അൺലിമിറ്റഡ് കോൾ ഓഫർ.