കോലഞ്ചേരി: എൺപതിൽ ഇനി എന്തു വിവാഹം...? ചോദ്യം അമ്മൂമ്മമാരുടേതാണ്. അവിവാഹിതരെന്നുറപ്പിക്കാൻ എൺപത് കടന്ന വൃദ്ധകൾ വരെ നെട്ടോട്ടത്തിലാണ്. വിധവ, അവിവാഹിത പെൻഷൻ വാങ്ങുന്നവരാണ് ദുരിതത്തിലായത്. ഗസറ്റഡ് ഉദ്യോഗസ്ഥർ കനിഞ്ഞില്ലെങ്കിൽ ഉള്ള പെൻഷനും പോകും. അടുത്ത പെൻഷൻ ലഭിക്കും മുമ്പ് പുനർ വിവാഹം നടത്തിയിട്ടില്ലെന്ന് ഗസറ്റഡ് ഉദ്യോഗസ്ഥന്റെ സാക്ഷ്യപത്രം വേണം. പലരും വൃദ്ധകളെ നിഷ്കരുണം മടക്കി അയക്കുകയാണ്.
ചിലർ പഞ്ചായത്തംഗത്തിന്റെ കത്തുമായി വന്നാൽ സാക്ഷ്യ പത്രം നൽകും. അനർഹരെ കണ്ടെത്തുകയാണ് ലക്ഷ്യമെങ്കിലും നടപടി ഒരുപാടു പേരെ ദുരിതത്തിലാക്കി. ഗസറ്റഡ് ഉദ്യോഗസ്ഥന്റെ അടുത്തെത്തുമ്പോഴാണ് പലരും പഞ്ചായത്തംഗത്തിന്റെ ഒപ്പു വേണമെന്ന കാര്യമറിയുന്നത്. മെമ്പറെ കണ്ടെത്തുമ്പോൾ സീലുണ്ടാകില്ല. സീല് ഓഫീസിലോ വീട്ടിലോ ആകും. അത് ശരിയാക്കി എത്തുമ്പോഴേക്കും ഗസറ്റഡ് ഓഫീസർ സ്ഥലം വിട്ടിരിക്കും. തെക്കു വടക്കു നടന്ന് ദിവസങ്ങൾ കഴിഞ്ഞാണ് പലർക്കും സാക്ഷ്യ പത്രം ലഭിക്കുന്നത്. ഓരോ വാർഡിലും ഇത്തരത്തിൽ നൂറു പെൻഷൻകാരെങ്കിലും കാണും. ഇവർക്കായി സമയം ചെലവഴിച്ച് ഗസറ്റഡ് ഉദ്യോഗസ്ഥരും മടുത്തു.
വല്ല ഗതികേടിനെങ്ങാനും അനർഹരായ ഒരാൾ സാക്ഷ്യ പത്രം വാങ്ങിയാൽ ഉദ്യോഗസ്ഥൻ പെൻഷൻ വാങ്ങില്ല. അതുകൊണ്ട് കൃത്യമായി പരിശോധിച്ചുറപ്പ് വരുത്താതെ സാക്ഷ്യ പത്രം നൽകാനുമാകില്ലെന്ന് ഇവർ പറയുന്നു. ചില പഞ്ചായത്തംഗങ്ങൾ ഏല്ലാവരിൽ നിന്നും അപേക്ഷ വാങ്ങി പരിചയചമുള്ള ഗസറ്റഡ് ഉദ്യോഗസ്ഥർ വഴി ഒപ്പു വാങ്ങി അപേക്ഷ കൊടുക്കുന്നുണ്ട്.