ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ അട്ടിമറിക്കപ്പെട്ട ധനവർഷമാണ് കടന്നുപോകുന്ന 2020 -21; മഹാമാരി വർഷത്തിൽ മുന്നോട്ടുള്ള വളർച്ച നഷ്ടമായെന്ന് മാത്രമല്ല 7.5ശതമാനത്തിന്റെ സാമ്പത്തികച്ചോർച്ചയും (ഏകദേശം 20, 000 കോടി ഡോളർ ) സംഭവിച്ചു. അസാധാരണവും അഗാധവുമായ കെടുതികളുടെ പിന്നണിയിൽ, താൻ രൂപം കൊടുക്കാൻ ശ്രമിക്കുന്നത് മുൻപൊന്നും ഉണ്ടാകാത്ത തരത്തിലുള്ള ഒരു ബഡ്ജറ്റിനാണെന്നാണ് കേന്ദ്രധനമന്ത്രി പ്രസ്താവിച്ചിട്ടുള്ളത്. ദുരന്തങ്ങളുടെ സന്ദർഭങ്ങൾ മാറ്റങ്ങൾക്കും കൂടിയുള്ള അവസരമാണെന്ന നിർമ്മല സീതാരാമന്റെ കാഴ്ചപ്പാട് ശരിയായ ദിശയിലുള്ളതാണ്. അതുകൊണ്ടുതന്നെ പ്രക്ഷുബ്ധതകൾ തുറന്നു തരുന്ന സാദ്ധ്യതകൾ എത്രത്തോളം കോരിയെടുക്കാൻ ബഡ്ജറ്റിനാകുമെന്നതാണ് അതിന്റെ മഹിമയുടെ ഒരു പ്രധാന മാനദണ്ഡം.
കൊവിഡ് കാലത്തെ അനുഭവങ്ങൾ ചൊല്ലിത്തന്ന പാഠങ്ങളിൽ പ്രധാനമായ ഒന്ന് പൊതുഇടങ്ങളിലെ സർക്കാർസാന്നിദ്ധ്യം ശക്തിപ്പെടുത്തേണ്ടതുണ്ട് എന്നതാണ്.1981ൽ അമേരിക്കൻ പ്രസിഡന്റായ റൊണാൾഡ് റീഗൺ നടത്തിയ ഒരു നിരീക്ഷണം വൈറലായിരുന്നു: 'സർക്കാർ എന്നത് നമ്മുടെ പ്രശ്നങ്ങൾക്കുള്ള പരിഹാരം അല്ല, മറിച്ച് സർക്കാരാണ് പ്രശ്നം". ഗവൺമെന്റുകളുടെ പ്രവർത്തന വലിപ്പം എത്രത്തോളം കുറയ്ക്കാമോ അത്രത്തോളം നല്ലതെന്ന പ്രത്യയശാസ്ത്രവും അതിന്റെ പ്രയോഗവും ഇന്ത്യയടക്കമുള്ള പല രാജ്യങ്ങളിലും, കഴിഞ്ഞ 40 വർഷത്തിനിടയിൽ, വലിയ പ്രചാരം നേടിയിരുന്നു. എന്നാൽ മഹാമാരിയുടെ ദുരന്തമുഖത്ത് വച്ച് പല തുറകളിലുമുള്ള സർക്കാർ സംവിധാനങ്ങളുടെ അപര്യാപ്തത സൃഷ്ടിച്ച വിനാശം സമൂഹമാകെ അനുഭവിച്ചറിഞ്ഞു. തിരിച്ചറിവിന്റെ ഈ സമയത്ത് തയ്യാറാക്കുന്ന ബഡ്ജറ്റിൽ അതിനനുസരണമായ തിരുത്തെഴുത്തുകൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.
ആരോഗ്യമേഖല
കൊവിഡ് എന്നത് അടിസ്ഥാനപരമായി ഒരു ആരോഗ്യ പ്രതിസന്ധി ആയതിനാൽ ഈ വർഷത്തെ ബഡ്ജറ്റിന്റെ പ്രധാന ഫോക്കസ് ആരോഗ്യമേഖലയിലാകും. ഈ രംഗത്തെ പൊതുമണ്ഡലങ്ങളുടെ ഇപ്പോഴത്തെ വ്യാപ്തി തീരെ കുറവാണെന്നാണ് വിലയിരുത്തപ്പെട്ടിട്ടുള്ളത് .ഓക്സ്ഫോം എന്ന പ്രസ്ഥാനത്തിന്റെ റിപ്പോർട്ട് പ്രകാരം ആരോഗ്യരക്ഷാ കാര്യങ്ങളിൽ ലോകത്ത് ഏറ്റവും താഴ്ന്ന സംഖ്യ ചെലവിടുന്ന രാജ്യങ്ങളിൽ നാലാമതാണ് ഇന്ത്യയുടെ സ്ഥാനം. സർക്കാരിന്റെ മൊത്തം ചെലവിന്റെ 3.5ശതമാനം മാത്രം ആരോഗ്യ മേഖലയ്ക്കായി വിനിയോഗിച്ചു കൊണ്ട്, 206 രാജ്യങ്ങൾക്കിടയിൽ ഇന്ത്യയുടെ സ്ഥാനം 193 ആണെന്നാണ് ലോക ബാങ്കിന്റെ വിലയിരുത്തൽ. നിറംകെട്ട ഈ വസ്തുതകൾക്കൊപ്പം, 2020 എന്നത് മഹാമാര ി വർഷവും, 2021വാക്സിനേഷന്റെ മഹാവർഷവുമാണെന്നുള്ളതുകൊണ്ടുതന്നെ ആരോഗ്യ മേഖലയ്ക്കായി 2021-22ലെ ബഡ്ജറ്റിൽ വകയിരുത്തുന്നത് വലിയൊരു സംഖ്യ ആയിരിക്കും. കഴിഞ്ഞ വർഷത്തെ ബഡ്ജറ്റിൽ (കൊവിഡിന് മുൻപ്) നീക്കിവച്ചത് 67,000 കോടി രൂപയായിരുന്നു; ഈ വർഷമത് ഇരട്ടിക്കുമെന്ന് പ്രതീക്ഷിക്കാം.
ആരോഗ്യ സുരക്ഷാ രംഗത്ത് വലിയ പരിഗണന ലഭിക്കേണ്ടവരാണ് ആശാവർക്കർ എന്ന വിഭാഗം. ഗ്രാമീണ ആരോഗ്യ ദൗത്യ നിർവഹണത്തിന്റെ താഴെ തട്ടിൽ, അക്ഷരാർത്ഥത്തിൽ, ആക്ടിവിസ്റ്റുകളായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നവരാണ് ഈ വനിതകൾ. എന്നാൽ അവർ അനുഷ്ഠിച്ചു കൊണ്ടിരിക്കുന്ന സേവനങ്ങളുടെ സാമൂഹ്യ മൂല്യവും അവർക്ക് ലഭിക്കുന്ന പ്രതിഫലവും തമ്മിൽ വലിയ അന്തരമാണുള്ളത്. ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിൽ വലിയ മുന്നേറ്റമുണ്ടാക്കാൻ ശ്രമിക്കാനിടയുള്ള പുതിയ ബഡ്ജറ്റിൽ, ഇതുവരെ പരിഗണിക്കാതെ പോയ, പൊതുസ്വകാര്യ പങ്കാളിത്തത്തിന്റെ സാദ്ധ്യതകളും പ്രയോജനപ്പെടുത്താവുന്നതാണ്.
തൊഴിൽമേഖല
പുത്തൻ ബഡ്ജറ്റ് ഊന്നൽ നൽകുന്ന മറ്റൊരു പ്രധാന ഇടം തൊഴിൽമേഖല തന്നെയാകും. മഹാമാരിക്ക് മുൻപ് തന്നെ തൊഴിൽ തേടുന്നവരും ലഭിക്കുന്നവരും തമ്മിലുള്ള അന്തരം ചെറുതല്ലായിരുന്നു. പക്ഷേ തൊഴിൽ ഉണ്ടായിരുന്നവരിൽ പലരുടെയും പണി നഷ്ടപ്പെടുകയും കൂടി ചെയ്ത വർഷമാണ് കൊവിഡിന്റേത്. 2019 ഡിസംബറിനും 2020 ഡിസംബറിനുമിടയിൽ തൊഴിലെടുക്കുന്നവരുടെ എണ്ണത്തിൽ120 ലക്ഷത്തിന്റെ കുറവുണ്ടായി എന്നാണ് കണക്ക്. ഈ സാഹചര്യത്തിൽ തൊഴിൽ പ്രദാനം ചെയ്യുന്നതിൽ മുൻപെങ്ങുമുണ്ടാകാത്ത തരത്തിലുള്ള നീക്കങ്ങൾ ഈ ബഡ്ജറ്റിലുണ്ടാകുമെന്ന് കരുതാം. ചടുലമായ പ്രവർത്തനം ഒന്ന് കൊണ്ടു മാത്രം ശമനമേകാവുന്ന ഒരു മാർഗ്ഗംപറയാം.2020 ഫെബ്രുവരിയിൽ പാർലമെന്റിൽ നൽകിയ ഒരു മറുപടി അനുസരിച്ച് കേന്ദ്ര സർക്കാരിന്റെ വിവിധ വകുപ്പുകളിലായി 6.83 ലക്ഷം വേക്കൻസികൾ നികത്താതെ കിടക്കുന്നുണ്ടായിരുന്നു. ഈ ദുര്യോഗത്തിന് പ്രധാന കാരണം നിയമന പ്രക്രിയയിലെ കൊടിയ കാലവിളംബമാണ്. കൊവിഡിന്റെ പ്രതിസന്ധിഘട്ടം നിയമനങ്ങൾക്ക് വീണ്ടും തടസമുണ്ടാക്കിക്കാണും; അതിനിടയിൽ വേക്കൻസികൾ വീണ്ടുമുയർന്നു കാണും. ഈ സാഹചര്യത്തിൽ യുദ്ധകാല അടിസ്ഥാനത്തിൽ, നിലവിലുള്ള എല്ലാ ഒഴിവുകളിലേക്കും നിയമനം പൂർത്തീകരിക്കാനുള്ള ഒരു ഫാസ്റ്റ്ട്രാക്ക് സമ്പ്രദായം ബഡ്ജറ്റിലൂടെ പ്രഖ്യാപിക്കാവു ന്നതാണ്. ഈ പ്രയത്നം സഫലമായാൽ അത് തളർന്നുപോയ സമ്പദ് വ്യവസ്ഥയെ ത്രസിപ്പിക്കാനുള്ള ഔഷധമായും പ്രവർത്തിക്കും. ബഡ്ജറ്റിന്റെ മറുവശമായ ധനസമാഹരണ യജ്ഞം ഈ പ്രതിസന്ധി കാലത്ത് ഏറെ ക്ലേശകരമാകുമെന്നതിനാൽ ഇക്കാര്യത്തിലും ഇന്നേവരെ ഒരു ധനമന്ത്രിയും സഞ്ചരിച്ചിട്ടില്ലാത്ത മാർഗങ്ങൾ നിർമ്മലസീതാരാമൻ തേടുമെന്നും പ്രതീക്ഷിക്കാം. ഇന്ത്യയുടെ വിദേശ നാണ്യ ശേഖരം കോവിഡു കാലത്തും ഉയർന്നു പൊങ്ങുക യായിരുന്നു; അത് സർവകാല റെക്കാഡായ 586 ശതകോടി ഡോളർ എന്ന നിലയിലെത്തിയിരിക്കുന്നു. വിദേശനാണ്യശേഖര രംഗത്ത് ഇപ്പോൾ പ്രശ്നം ദൗർലഭ്യത്തിന്റേതല്ല, മറിച്ച് സമൃദ്ധിയുടേതായിരിക്കുന്നു. അതുകൊണ്ടുതന്നെ കൊവിഡാനന്തര ഭാരതത്തിന്റെ നിക്ഷേപാവശ്യങ്ങൾക്കുവേണ്ടി ഈ നിധിയുടെ ഒരു ഭാഗം വിനിയോഗിക്കുന്നത് ലോകത്തെ അഞ്ചാമത്തെ വലിയ സമ്പദ്ഘടനയ്ക്ക് പേറാവുന്ന ഭാരം മാത്രമാണ്.
വരുമാന നികുതി
ഇന്ത്യയിൽ ഒരു മാസം ഒരു ലക്ഷം രൂപയിൽ കൂടുതൽ വരുമാനം ലഭിക്കുന്നവരുടെ എണ്ണം 80 ലക്ഷമാണെങ്കിലും അവരിൽ മൂന്നിലൊന്നുപേർ മാത്രമേ വരുമാനനികുതി നൽകുന്നുള്ളൂ. നിർമ്മിതബുദ്ധി, ഡേറ്റ അനലിറ്റിക്സ് എന്നീ സങ്കേതങ്ങൾ ഉപയോഗിച്ച് നികുതിവെട്ടിപ്പ്കാരെ വലയിലാക്കാൻ ശ്രമിക്കാവുന്നതാണ്. വരുമാന വർദ്ധനവിന് മറ്റൊരു മാർഗം നികുതിയിതര സ്രോതസുകളിലൂടെ കൂടുതൽ സംഖ്യ സമാഹരിക്കുകയെന്നതാണ്.