ഡൊണാൾഡ് ട്രംപിന്റെ പിടിപ്പുകേട് മൂലം പ്രതിസന്ധിയിലായ അമേരിക്കൻ സമ്പദ് വ്യവസ്ഥ പ്രസിഡന്റ് ജോ ബൈഡന്റെ വരവോടെ തിരിച്ചുവരവിന്റെ പാതയിലാകും.
കൊവിഡ് സൃഷ്ടിച്ച അരക്ഷിതാവസ്ഥ പരിഹരിക്കാൻ മികച്ച പാക്കേജാണ് ബൈഡൻ പ്രഖ്യാപിച്ചിട്ടുള്ളത്. ബൈഡൻ-കമലാ ഹാരിസ് നേതൃത്വം 2020 ലെ 4.3 ശതമാനത്തെ അപേക്ഷിച്ച് 6.8 ശതമാനം വളർച്ച കൈവരിക്കുമെന്നാണ് വാൾസ്ട്രീറ്റ് ജേണൽ പ്രവചിക്കുന്നത്
കൊവിഡ് സൃഷ്ടിച്ച തൊഴിലില്ലായ്മ പരിഹരിക്കാനാണ് ബൈഡൻ മുൻതൂക്കം നൽകുന്നത്. അതോടൊപ്പം മറ്റു വികസിത, വികസ്വരരാജ്യങ്ങളിലെ അഭ്യസ്തവിദ്യരായ യുവതീയുവാക്കൾക്ക് മികച്ച തൊഴിലവസരങ്ങൾ ഉറപ്പുവരുത്താനുള്ള നടപടി ക്രമങ്ങളും ആരംഭിച്ചു കഴിഞ്ഞു. അഭ്യസ്തവിദ്യരായ പ്രൊഫഷണലുകൾക്കുള്ള എച്ച്‌വൺ ബി വിസ അനുവദിക്കുന്നതിലുള്ള അമിത നിയന്ത്രണം എടുത്തുമാറ്റിയത് ഏഷ്യൻ രാജ്യങ്ങളിൽ പ്രത്യേകിച്ച് ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് ഏറെ ഗുണകരമാകും. J1 എക്സ്‌ചേഞ്ച്
വിസ F1, L1 എന്നിവയിലുള്ള ഇളവുകൾ വിദ്യാർത്ഥികൾ, ഗവേഷകർ എന്നിവർക്ക് പ്രയോജനപ്പെടും. എച്ച്‌വൺ ബി വിസയുള്ളവരുടെ കുടുംബാംഗങ്ങൾക്ക് എച്ച്4 വിസയിലുള്ള നിയന്ത്രണത്തിലും ഇളവ് ഏർപ്പെടുത്തിയിട്ടുണ്ട്.
സയൻസ്, ടെക്‌നോളജി, എഞ്ചിനീയറിംഗ്, മാത്തമാറ്റിക്സ് എന്നിവയിലുള്ള ബിരുദം, ബിരുദാനന്തര പഠനം, ഗവേഷണം എന്നിവ പൂർത്തിയാക്കിയവർക്ക് ഏറെ അവസരങ്ങൾ അമേരിക്കയിലുണ്ട്. അമേരിക്കൻ സർവകലാശാലകളിൽ നിന്ന് അഡ്വാൻസ്ഡ് ബിരുദം നേടിയവർക്ക് പഠനശേഷമുള്ള പോസ്റ്റ് സ്റ്റഡി വർക്ക് വിസയിലൂടെ തൊഴിൽ ലഭിക്കാൻ ഏറെ അവസരങ്ങളുണ്ട്. തൊഴിൽ നഷ്ടപ്പെട്ട ഐ.ടി., ഹോസ്പിറ്റാലിറ്റി, നിർമ്മാണം, സേവന മേഖലകളിൽ വളർച്ച കൈവരിക്കാനും മാന്ദ്യം പ്രതിരോധിക്കാനുമുള്ള നടപടികൾ ഏറെ ഊർജ്ജിതമായി നടന്നുവരുന്നു. ജീവശാസ്ത്രം, ബയോമെഡിക്കൽ, ഭക്ഷ്യസംസ്‌കരണം, ഭക്ഷ്യറീട്ടെയിൽ, എൻജിനീയറിംഗ്, ആരോഗ്യം, ഇക്കണോമിക്സ്, എനർജി, ബയോ എൻജിനീയറിംഗ്, സിന്തറ്റിക് ബയോളജി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, അഡ്വാൻസ്ഡ് വയർലെസ് ടെക്‌നോളജി, ക്വാന്റം ഇൻഫർമേഷൻ സർവീസ്, ഗവേഷണം എന്നിവയിൽ അമേരിക്കയിൽ 2021-ൽ കൂടുതൽ തൊഴിലവസരങ്ങൾ രൂപപ്പെടും.
ബൈഡന്റെ ഉന്നത വിദ്യാഭ്യാസ, തൊഴിൽ പരിഷ്‌കാരങ്ങൾക്ക് ഡെമോക്രാറ്റിക്ക് പാർട്ടി പൂർണ പിന്തുണ നൽകി വരുന്നു. സ്റ്റുഡന്റ് വിസ, L1 വിസ എന്നിവയിൽ വൻ വളർച്ച കൈവരിക്കും. അമേരിക്കയിലെത്തുന്ന ഇന്ത്യൻ വിദ്യാർത്ഥികളിൽ 80ശതമാനവും ബിരുദാനന്തര പഠനത്തിനാണെത്തുന്നത്. അണ്ടർഗ്രാഡുവേറ്റ് പഠനത്തിനെത്തുന്നവരുടെ എണ്ണം 15-20ശതമാനം വരും. മൂന്ന് ലക്ഷത്തോളം ഇന്ത്യൻ വിദ്യാർത്ഥികളിൽ നിന്നും 17.8 ബില്ല്യൻ ഡോളറാണ് അമേരിക്കൻ സമ്പദ് വ്യവസ്ഥയ്ക്ക് ലഭിക്കുന്നത്. അടുത്തകാലത്തായി അമേരിക്കയിൽ ഉപരിപഠനത്തിന് 40 ശതമാനത്തോളം വിദ്യാർത്ഥികളാണ് താത്‌പര്യപ്പെടുന്നത്. മുൻവർഷങ്ങളിൽ ഇത് 70ശതമാനമായിരുന്നു.
അമേരിക്കയിൽ ബൈഡൻ കുറഞ്ഞ കൂലി മണിക്കൂറിന് 15 ഡോളറായി ഉയർത്തിയിട്ടുണ്ട്. പാർട് ടൈം തൊഴിൽ ചെയ്യുന്ന വിദ്യാർത്ഥികൾക്ക് ഇത് ഏറെ ഗുണകരമാകും. വിദ്യാർത്ഥികൾക്ക് ആഴ്ചയിൽ 20 മണിക്കൂർ വരെ പാർട്ട് ടൈം തൊഴിൽ ചെയ്യാം. അതിനാൽ 10000 ഡോളറോളം പ്രതിമാസം വരുമാനമുണ്ടാക്കാൻ പാർട് ടൈം തൊഴിലിലൂടെ വിദ്യാർത്ഥികൾക്ക് സാധിക്കും.
വിദ്യാർത്ഥികൾക്ക് അസിസ്റ്റന്റ്ഷിപ്പ്, സ്‌കോളർഷിപ്പുകൾ, ഫെല്ലോഷിപ്പുകൾ, പാർട് ടൈം തൊഴിലുകൾ എന്നിവ 2021-ൽ കൂടുതലായി രൂപപ്പെടുന്നതാണ് ബൈഡന്റെ വിദ്യാർത്ഥി സൗഹൃദ നടപടികൾ സൂചിപ്പിക്കുന്നത്.