rahul-gandhi-calender-

വയനാട്: വയനാടിന്റെ പൈതൃകം പരിചയപ്പെടുത്തി രാഹുൽഗാന്ധി എം പിയുടെ കലണ്ടർ. വയനാട് പാർലമെന്റ് മണ്ഡലത്തിൽ വിവിധ തുറകളിൽ മികവുതെളിയിച്ചവരെ കുറിച്ചുളള വിവരണവും എം പി പുറത്തിറക്കിയ 2021ലെ കലണ്ടറിനെ വ്യത്യസ്‌തമാക്കുകയാണ്. പ്രകൃതിഭംഗിയുടെ ഹൃദ്യത വിളിച്ചറിയിക്കുന്ന പെയിംന്റിംഗുകളും കലണ്ടറിലുണ്ട്.

ചെറുവയൽ നെൽപാടം, പനമരം കൊറ്റില്ലം, ബാണാസുരസാഗർ ഡാം, ചെമ്പ്രമല, മുത്തങ്ങ വന്യജീവിസങ്കേതം, ഫാന്റം റോക്ക്, താമരശേരി ചുരം, പഴശി സ്‌മാരകം, കനോലി തേക്ക് മ്യൂസിയം, ചാലിയാർപുഴ, വെളളരിമല, കേരളംകുണ്ട് വെളളച്ചാട്ടം എന്നിവയുടെ പെയിന്റിംഗാണ് കലണ്ടറിൽ ഉൾപ്പെടുത്തിയത്.

ശാരീരിക വൈകല്യങ്ങളെ അതിജീവിച്ച് ജൈവകൃഷി നടത്തിവരുന്ന വയനാട്ടുകാരി കുംഭയെ പരിചയപ്പെടുത്തിയാണ് കലണ്ടറിലെ ആദ്യമാസം ആരംഭിക്കുന്നത്. സ്‌പെഷ്യൽ സ്‌കൂൾ കലോത്സവങ്ങളിലൂടെ താരമായി മാറിയ മുഹമ്മദ് ആഷിഖ്, 90 കഴിഞ്ഞിട്ടും ചുറുചുറുക്കോടെ മണ്ണിൽ അധ്വാനിക്കുന്ന പുൽപളളി സുരഭിക്കവലയിലെ നിരപ്പുതൊട്ടിയിൽ മാത്യു-മേരി ദമ്പതികൾ, ഉൾക്കാട്ടിലും ഗുഹകളിലും ജീവിക്കുന്ന ചോലനായ്‌ക്ക വിഭാഗത്തിലെ ആദ്യ ബിരുദധാരിയും ഗവേഷകനുമായ വിനോദ്, അന്തർദേശീയ വോളിബോൾ താരം ജിംന അബ്രഹാം, ദേശീയ സ്‌കൂൾ ഗെയിംസ് ഫുട്‌ബോൾ മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ കേരള ടീമിന്റെ ക്യാപ‌്റ്റനായിരുന്ന എം എം വിശാഖ്, അദ്ധ്യാപനം പാട്ടിലൂടെ രസകരമാക്കി മാറ്റി ശ്രദ്ധേയനായ നിയാസ് ചോല, കേരള സ്‌കൂൾ കായികമേളയിൽ രണ്ട് സ്വർണവും ഒരു വെളളിയും നേടിയ പണിയ വിഭാഗത്തിൽപ്പെട്ട വിഷ്‌ണു, സ്വയം വികസിപ്പിച്ചെടുത്ത മെഷീനുകൾ കൊണ്ട് അത്ഭുതബാലനെന്ന് പേരുകേട്ട റ്റൈലൻ സജി, ആഗ്രയിൽ നടന്ന വ്യോമസേന പാരാജംപിംഗ് ക്യാമ്പിൽ പങ്കെടുത്ത കെ ഫർസാന റഫീഖ്, ചിത്രകലയിൽ മികവു തെളിയിച്ച എം ദിലീഫ്, കാഴ്ച നഷ്‌ടമായ മീനങ്ങാടി സ്വദേശിനിയായ കവി പി എസ് നിഷ എന്നിവരെക്കുറിച്ചുളള ലഘുവിവരണവും കലണ്ടറിലുണ്ട്.