ബംഗളൂരു: മുൻ ഇന്ത്യൻ താരവും സ്‌പിൻ ഇതിഹാസവുമായ ബി എസ് ചന്ദ്രശേഖറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പക്ഷാഘാതത്തെ തുടർന്നാണ് അദ്ദേഹത്തെ ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ അദ്ദേഹം ഐ സി യുവിൽ നിരീക്ഷണത്തിലാണ്.
സംസാരിക്കാൻ ബുദ്ധിമുട്ടും തളർച്ചയും അനുഭവപ്പെട്ടതിനെ തുടർന്ന് ചന്ദ്രശേഖറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി കർണാടക ക്രിക്കറ്റ് അസോസിയേഷൻ വ്യക്തമാക്കി. 75 വയസുളള അദ്ദേഹത്തിന്റെ നിലവിലെ ആരോഗ്യ സ്ഥിതി തൃപ്‌തികരമാണെന്നും രണ്ട് ദിവസത്തിനകം അദ്ദേഹത്തെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യുമെന്നും അസോസിയേഷൻ വ്യക്തമാക്കി.
58 ടെസ്റ്റുകളിൽ നിന്നായി 242 വിക്കറ്റുകൾ നേടിയ ചന്ദ്രശേഖർ 15 വർഷം ഇന്ത്യക്കായി കളത്തിലിറങ്ങിയ താരമാണ്. ഒരേയൊരു ഏകദിന മത്സരം മാത്രമാണ് അദ്ദേഹം ഇന്ത്യക്കായി കളിച്ചത്. ന്യൂസ്‌ലാൻഡിനെതിരായ പോരാട്ടത്തിൽ അദ്ദേഹം മൂന്ന് വിക്കറ്റുകളും വീഴ്‌ത്തി.