
വാക്കുകളിൽ ഒതുക്കാൻ കഴിയുന്നതല്ല, ആഢംബര ഹോട്ടലായ ക്രിറ്ററാറ്റിയിലെ വിശേഷങ്ങൾ. പട്ടുമെത്ത, സൗന്ദര്യ സംരക്ഷണത്തിനായി സ്പാ, 24 മണിക്കൂറും വൈദ്യസഹായം, കുടിക്കാൻ ബെൽജിയത്തിൽ നിന്ന് ഇറക്കുമതി ചെയ്ത ബിയർ, നീന്തിത്തുടിക്കാൻ വിശാലമായ നീന്തൽക്കുളം, സാധാരണ റൂം മൂതൽ സ്വീറ്റ് റൂമുകൾ വരെ, ട്രെയിനിംഗ് സെന്ററുകൾ, വിശാലമായ കളിസ്ഥലം തുടങ്ങി അത്യാഢംബരമായ എല്ലാ സജ്ജീകരണത്തോടും കൂടിയാണ് ഈ ഹോട്ടൽ നിർമ്മിച്ചിട്ടുള്ളത്.
ന്യൂഡൽഹിയിലെ ഗുരുഗ്രാമിലാണ് ഈ ഹോട്ടലുള്ളത്. എന്നാൽ, ഇതൊന്നുമല്ല ഹോട്ടലിന്റെ ഏറ്റവും വലിയ പ്രത്യേകത. ഇവിടെ മനുഷ്യർക്ക് പ്രവേശനമില്ല, പകരം നായകളാണ് റൂം ആവശ്യപ്പെട്ട് എത്തുന്നതെങ്കിൽ ഹോട്ടൽ ജീവനക്കാർ ഇരുകൈയും നീട്ടി സ്വീകരിക്കും.
സംഭവം സത്യമാണ്, ഇവിടെ നായ്ക്കൾക്ക് മാത്രമേ പ്രവേശനമുള്ളൂ. നായ്ക്കളോടുള്ള സ്‌നേഹമാണ് ദീപക് ചൗളയേയും ഭാര്യ ജാൻവിയേയും ഇങ്ങനെ ഒരു ഹോട്ടൽ നിർമ്മിക്കുക എന്ന ആശയത്തിലേയ്ക്ക് കൊണ്ടെത്തിച്ചത്. പിന്നെ ഒട്ടും താമസിച്ചില്ല,ആഢംബര ഹോട്ടലിന്റെ നിർമ്മാണം പൂർത്തിയാക്കുകയും ചെയ്തു. ഡേകെയർ സെന്ററായിട്ടാണ് ഹോട്ടൽ തുടങ്ങിയത്.
സാധാരണ റൂം മുതൽ ഫാമിലി റൂം, റോയൽ സ്വീറ്റ്, ക്രിറ്ററാറ്റി സ്‌പെഷ്യൽ റൂം എന്നിങ്ങനെ വിവിധ റൂമുകൾ അതിഥികൾക്ക് ലഭിക്കും. കൂടാതെ ആയുർവേദ മസാജുകളോടെയുള്ള സ്പാ, കളിസ്ഥലം, ഭക്ഷ്യശാല, ജിം, വൈദ്യ സഹായം, ലഹരി ഇല്ലാത്ത ബിയർ തുടങ്ങിയ എല്ലാ സൗകര്യങ്ങളും ഹോട്ടലിൽ ഒരുക്കിയിട്ടുണ്ട്. ഇവിടത്തെ അതിഥികളുടെയും ഡെകെയർ സെന്ററിലെ പട്ടികളുടെയും ദിവസം തുടങ്ങുന്നത് എക്‌സർസൈസോടെയാണ്. രാവിലെ ഏഴു മണിക്കാണ് എക്‌സർസൈസ് തുടങ്ങുന്നത്. പിന്നെ പ്രഭാത ഭക്ഷണം, അതുകഴിഞ്ഞാൽ വിശ്രമം, ഇടവേളയ്ക്കു ശേഷം വിവിധ കളികൾ, പിന്നീട് നീന്തൽ, വൈകുന്നേരം കഫേയിൽ സമയം ചെലവഴിക്കൽ. ഇങ്ങനെ വ്യത്യസ്ഥതയുള്ളതാണ് ഇവിടത്തെ രീതികൾ. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹോട്ടലിൽ ഒരു രാത്രിയിലെ താമസത്തിന് 4,600 രൂപയാണ് ചാർജ്.