കൊവിഡിനെ നിസാരമായി കാണരുതെന്ന് നടി സാനിയ ഇയ്യപ്പൻ. തനിക്ക് രോഗം ബാധിച്ചപ്പോഴുണ്ടായ പേടിപ്പെടുത്തുന്ന അനുഭവങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ് നടിയിപ്പോൾ. ഉറക്കത്തിൽ ശ്വാസമെടുക്കാൻ ബുദ്ധിമുട്ടിയതിനെപ്പറ്റിയും, കണ്ണിലെ കാഴ്ച മങ്ങിയതിനെക്കുറിച്ചുമൊക്കെയാണ് താരം പറയുന്നത്.
ഞാൻ എന്റെ ക്വാറന്റീൻ അനുഭവങ്ങൾ പറയാം. ഇത്രയും നാൾ ടെസ്റ്റ് റിസൽട്ട് നെഗറ്റീവ് ആകാൻ കാത്തിരിക്കുകയായിരുന്നു. ആറ് തവണയാണ് കൊവിഡ് ടെസ്റ്റിന് വിധേയയായത്. കഴിഞ്ഞ തവണ പോസിറ്റീവ് ആയിരുന്നു. അപ്പോൾ എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥയിലായിരുന്നു. അങ്ങനെ കേൾക്കാൻ ഞാൻ തയാറായിരുന്നില്ല എന്ന് മാത്രം എനിക്കറിയാം.
കുടുംബവും കൂട്ടുകാരുമുൾപ്പടെ സമീപ ദിവസങ്ങളിൽ കണ്ടുമുട്ടിയ വ്യക്തികളെപ്പറ്റിയുള്ള ആശങ്കയായിരുന്നു മനസിൽ.ഒരേസമയം ക്ഷീണിതയും ദുഃഖിതയുമായി. വീട്ടിൽ ചെന്ന് ദിവസങ്ങൾ എണ്ണാൻ തുടങ്ങി. നെറ്റ്ഫ്‌ളിക്‌സിൽ സമയം ചിലവിടാൻ എന്ന് കരുതിയെങ്കിലും തലവേദന ഒരു തടസമായി. കണ്ണുകൾ തുറക്കാൻ പോലും കഴിയാത്ത അവസ്ഥയായിരുന്നു.
രണ്ടാമത്തെ ദിവസം ഇടതു കണ്ണിലെ കാഴ്ച മങ്ങാൻ തുടങ്ങി. ശരീരം തിണർത്തു പൊങ്ങാൻ ആരംഭിച്ചു. കൂടാതെ, ഉറക്കത്തിൽ ശ്വാസമെടുക്കാൻ ബുദ്ധിമുട്ടി. മുൻപൊരിക്കലും അത്തരത്തിലൊരും അനുഭവം ഉണ്ടായിട്ടില്ല. ജനിച്ച നാൾ മുതൽ സുഖമായി ശ്വസിക്കാൻ കഴിഞ്ഞിരുന്ന ഞാൻ അതിന്റെ വില എന്താണെന്ന് തിരിച്ചറിഞ്ഞിരുന്നില്ല-നടി പറഞ്ഞു.