പ്രേക്ഷകരെ ത്രസിപ്പിക്കാൻ ഒരുങ്ങുന്നത് 20 ത്രില്ലർ ചിത്രങ്ങൾ
ഇനി ത്രില്ലർ ചിത്രങ്ങളിലേക്ക് കാമറ തിരിയും. മലയാളത്തിൽ 20 ത്രില്ലർ ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. ഇവയിൽ ഭൂരിഭാഗം ചിത്രങ്ങളും നവാഗത സംവിധായകരാണ് ഒരുക്കുന്നത്. പോയ വർഷാദ്യം തിയേറ്ററിൽ എത്തിയ അഞ്ചാം പാതിര എന്ന കുറ്റാന്വേഷണ ത്രില്ലർ ചിത്രം വലിയ വിജയമാണ് കൈവരിച്ചത്.പിന്നാലെ എത്തിയ അയ്യപ്പനും കോശിയും രണ്ടു വ്യക്തികളും അവരുടെ നിയമപ്രശ്നങ്ങളും പ്രതിപാദിച്ച ആക്ഷൻ ത്രില്ലർ ചിത്രമായിരുന്നു. അഞ്ചാം പാതിര ടീം വീണ്ടും ഒന്നിക്കുന്ന ആറാം പാതിരയും കുറ്റാന്വേഷണ ത്രില്ലർ ചിത്രമായിരിക്കുമെന്ന് നിർമാതാവ് ആഷിഖ് ഉസ്മാൻ പറയുന്നു. ഈ വർഷം ആദ്യം ഒടിടി പ്ളാറ്റ്ഫോമിലൂടെ എത്തിയ ഗാർഡിയൻ കുറ്റാന്വേഷണ ത്രില്ലറാണ്. സൈജുകുറുപ്പ്,മിയ ജോർജ്, സിജോയ് വർഗീസ്, നയന എത്സ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചെയ്ത കുറ്റം മറയ്ക്കാൻ ശ്രമിക്കുന്ന ഒരാൾ ,അത് അന്വേഷിക്കാൻ എത്തുന്ന സമർത്ഥരായ ഉദ്യോഗസ്ഥർ. പിന്നെ കുറ്റവാളിയും അന്വേഷകരും തമ്മിലുള്ള സംഘർഷം എല്ലാം സന്നിവേശിപ്പിച്ചു ഗാർഡിയൻ. കുറ്റാന്വേഷണ കഥയോടാണ് എന്നും താത്പര്യം. സിനിമ കണ്ടു ഒരാൾ കുറ്റം ചെയ്തു എന്നു പറയുന്നത് അടിസ്ഥാനമില്ലാത്ത ന്യായവാദമാണ്.ഗാർഡിയന്റെ സംവിധായകൻ സതീഷ് പോൾ പറയുന്നു.
സതീഷ് പോൾ ആദ്യം സംവിധാനം ചെയ്ത ഫിംഗർ പ്രിന്റും കുറ്റാന്വേഷണ പശ്ചാത്തലത്തിലാണ് ഒരുങ്ങിയത്. ഈ വർഷം ആദ്യം തിയേറ്രറിൽ എത്തുന്ന മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റ് മിസ്റ്ററി ത്രില്ലറാണെന്ന് സംവിധായകൻ ജോഫിൻ ടി.ചാക്കോ പറയുന്നു.
മലയാള സിനിമയിൽ തന്നെ ഇൗ ഗണത്തിൽ പെടുന്ന സിനിമകളുടെ എണ്ണം വളരെ കുറവാണ്. ദുൽഖർ സൽമാനെ നായകനാക്കി ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന കുറുപ്പ് കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ഒരുങ്ങുന്നത്. കുറ്റാന്വേഷണത്തിലൂടെ സഞ്ചരിക്കുന്ന കുറുപ്പിന് 105 ദിവസങ്ങൾ ചിത്രീകരണത്തിന് വേണ്ടി വന്നു. ദൃശ്യത്തിന്റെ രണ്ടാം ഭാഗമായ ദൃശ്യം 2 പൂർണമായും കുടുംബ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ത്രില്ലർ ചിത്രമായിരിക്കും.
ജോർജുകുട്ടിയുടെ കുടുംബത്തിന് എന്ത് സംഭവിച്ചു, സംഭവിക്കുന്നു എന്നതിന്റെ ഉത്തരം തേടലാണ് ദൃശ്യം2 എന്ന് സംവിധായകൻ ജീത്തു ജോസഫ് പറയുന്നു. കുഞ്ചാക്കോ ബോബന്റെ നായികയായി നയൻതാര എത്തുന്ന നിഴൽ പൂർണമായും ത്രില്ലർ ചിത്രമാണ്. അഞ്ചാം പാതിരയ്ക്കുശേഷം കുഞ്ചാക്കോ ബോബൻ അഭിനയിക്കുന്ന മറ്റൊരു ത്രില്ലർ. നവാഗതനായ അപ്പു എൻ. ഭട്ടതിരിയാണ് സംവിധായകൻ.ചതുർമുഖം പൂർണമായും ഹൊറർ ത്രില്ലർ ചിത്രമായിരിക്കുമെന്ന് സംവിധായകരായ കമലശങ്കറും സലിൽ വിയും ഉറപ്പ് തരുന്നു. ഇരുവരും നവാഗതരാണ് . മഞ്ജു വാര്യരും സണ്ണിവയ്നുമാണ് പ്രധാന താരങ്ങൾ. ആദ്യമായി ഒരു ഹൊറർ ചിത്രത്തിൽ അഭിനയിച്ചതിന്റെ സന്തോഷത്തിലാണ് താനെന്ന് മഞ്ജു വാര്യർ. വി. കെ പ്രകാശ് സംവിധാനം ചെയ്യുന്ന എരിഡ യവന മിത്തോളജിയുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ത്രില്ലർ ചിത്രമാണ്. സംയുക്ത മേനോൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു.കൊല്ലും എന്ന വാക്ക്. കാക്കും എന്ന പ്രതിഞ്ജ. പൃഥ്വിരാജിന്റെ ഏറ്റവും പുതിയ ചിത്രമായ കുരുതിയുടെ ടാഗ് ലൈനാണിത്.
നവാഗതനായ മനു വാര്യർ സംവിധാനം ചെയ്യുന്ന ചിത്രം ത്രില്ലർ ഗണത്തിൽപ്പെടുന്നു. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോനാണ് കുരുതി നിർമിക്കുന്നത്. പൃഥ്വിരാജിന്റെ മറ്റൊരു ചിത്രമായ കോൾഡ് കേസ് ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ്.
നവാഗതനായ തനു ബാലക് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പൃഥ്വിരാജിന് പൊലീസ് വേഷമാണ്.നാദിർഷ സംവിധാനം ചെയ്യുന്ന ആദ്യ ത്രില്ലർ ചിത്രമാണ് പ്രതിനായകൻ. ജയസൂര്യയും നമിത പ്രമോദും ജാഫർ ഇടുക്കിയും പ്രധാന വേഷത്തിൽ എത്തുന്ന പ്രതിനായകന്റെ ചിത്രീകരണം കുട്ടിക്കാനത്ത് പുരോഗമിക്കുന്നു. പക്കാ ഡാർക്ക് ത്രില്ലറാണ് കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ഉടുമ്പ്. ശെന്തിൽ കൃഷ്ണ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ അലൻസിയർ, ഹരീഷ് പേരടി, ധർമ്മജൻ ബോൾഗാട്ടി എന്നിവരാണ് മറ്റു താരങ്ങൾ.ഏറെ നിഗൂഢതകൾ ഒളിപ്പിക്കുന്ന ചിത്രമാണ് പേര് സൂചിപ്പിക്കുന്നതുപോലെ അനുരാധ ക്രൈം നമ്പർ 59- 2019. പീതാംബരൻ എന്ന ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥന്റെ വേഷമാണ് ഇന്ദ്രജിത്തിന്. നവാഗതനായ ഷാൻ തുളസീധരനാണ് ഒരുക്കുന്നത്. രാജീവ് രവിയും ആസിഫ് അലിയും ആദ്യമായി ഒന്നിക്കുന്ന കുറ്റവും ശിക്ഷയും പൊലീസ് ത്രില്ലർ ചിത്രമാണ്. അഭിനേതാവും പൊലീസ് ഉദ്യോഗസ്ഥനുമായ സിബി തോമസും മാദ്ധ്യമ പ്രവർത്തകൻ ശ്രീജിത് ദിവാകരനും ചേർന്നാണ് രചന. സണ്ണിവയ് ൻ, അലൻസിയർ, ഷറഫുദ്ദീൻ, സെന്തിൽ കൃഷ്ണ എന്നിവരാണ് മറ്റു താരങ്ങൾ. ചിത്രീകരണത്തിന് ഒരുങ്ങുന്ന എം. പദ്മകുമാർ, ആസിഫ് അലി ചിത്രവും ഫാമിലി ത്രില്ലറാണ്.വിനായകൻ, ഷൈൻ ടോം ചാക്കോ എന്നിവവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഓപ്പറേഷൻ ജാവ റോ ഇൻവെസ്റ്റിഷൻ ത്രില്ലർ ചിത്രമാണ്. ഫെബ്രുവരി 12ന് തിയേറ്ററുകളിൽ എത്തുന്ന ചിത്രം നവാഗതനായ തരുൺ മൂർത്തി രചനയും സംവിധാനവും നിർവഹിക്കുന്നു.
കേരള പൊലീസിന്റെ കുറ്റാന്വേഷണ രീതികളും കുറ്റവാളികളെ ഫ്രെയിം ചെയ്യുന്ന നടപടികളും സത്യസന്ധമായി ആവിഷ്കരിക്കാൻ പരമാവധി ശ്രമിച്ചിട്ടുണ്ടെന്ന് സംവിധായകൻ തരുൺ മൂർത്തി പറഞ്ഞു.മലയാള സിനിമ കണ്ട ഏറ്റവും മികച്ച കുറ്റാനേഷകനായ മമ്മൂട്ടിയുടെ സി.ബി. െഎ ഒാഫീസർ സേതുരാമയ്യർ കേസന്വേഷണത്തിനായി വീണ്ടുമെത്തുന്നതും ഈ വർഷമാണ്. കെ. മധു - എസ്.എൻ. സ്വാമി ടീമൊരുക്കുന്ന സി.ബി. െഎ അഞ്ചാം ഭാഗം നിർമ്മിക്കുന്നത് സ്വർഗചിത്രയുടെ ബാനറിൽ അപ്പച്ചനാണ്.ഷൂട്ടിംഗ് മേയിൽ തുടങ്ങും.