വീട് തന്നെ ഒന്നു ശ്രദ്ധിച്ചാൽ നമുക്ക് ബ്യൂട്ടി പാർലറാക്കാം. അടുക്കളയിൽ എപ്പോഴും ലഭിക്കുന്ന വസ്‌തുക്കൾ ഇതിന് ഉപയോഗിക്കാം. അങ്ങനെയുള്ള സൗന്ദര്യക്കൂട്ടുകൾ എങ്ങനെ ഉണ്ടാക്കുന്നുവെന്ന് നോക്കാം.
ഔഷധ ഫേസ്‌പാക്ക്
രണ്ട് ടീ സ്‌പൂൺ തുളസി പൊടി, 2 ടീ സ്‌പൂൺ വേപ്പ് പൊടി, ഒരു ടീ സ്‌പൂൺ മുൾട്ടാണി മിട്ടി , ഏതാനും തുള്ളി നാരങ്ങ നീര്, റോസ് വാട്ടർ, ഒലീവ് എണ്ണ എന്നിവയാണ് ചേരുവകൾ. ഇവ ചേർത്തിളക്കി കുഴമ്പ് രൂപത്തിലാക്കുക. ഫേസ് വാഷ് ഉപയോഗിച്ച് മുഖം കഴുകി വൃത്തിയാക്കിയ ശേഷം മൂന്ന് മിനുട്ട് ആവിപിടിക്കുക. ഇത് ചർമ്മത്തിലെ സുഷിരങ്ങൾ തുറക്കാനും ചേരുവകൾ ചർമ്മത്തിലേക്ക് ഇറങ്ങി ചെല്ലാനും സഹായിക്കും. ശേഷം തയ്യാറാക്കി വച്ച ഫേസ് പാക്ക് വിരലു കൊണ്ടോ ബ്രഷുകൊണ്ടോ മുഖത്തും കഴുത്തിലും പുരട്ടുക. 20 മിനുട്ടിന് ശേഷം വിരലുകൾ നനച്ച് അഞ്ച് മിനുട്ട് നേരം വൃത്താകൃതിയിൽ മസാജ് ചെയ്യുക. ഇനി തണുത്ത വെള്ളം കൊണ്ട് മുഖം കഴുകാം.
ചന്ദനം - റോസ് വാട്ടർ ഫേസ്‌പാക്ക്
ചർമ്മ സംരക്ഷണത്തിൽ അത്ഭുതങ്ങൾ സൃഷ്ടിക്കുന്ന ചേരുവയാണ് ചന്ദനം. ആന്റി ഓക്‌സിഡന്റുകൾ അടങ്ങിയിട്ടുള്ള ചന്ദനം ചർമ്മത്തിൽ കുരുക്കൾ വരുന്നത് തടയും രക്തയോട്ടം മെച്ചപ്പെടുത്തും. മുഖക്കുരു, വരണ്ട ചർമ്മം തുടങ്ങിയ പ്രശ്‌നങ്ങൾക്ക് പരിഹാരം നൽകും. തിളങ്ങുന്ന ചർമ്മം ലഭിക്കുന്നതിന് ചന്ദന ഫേസ്‌പാക്ക് തയ്യാറാക്കാം. ചന്ദനപ്പൊടി, മഞ്ഞൾ, റോസ് വാട്ടർ എന്നിവ ചേർത്തിളക്കി മുഖത്ത് പുരട്ടാം. ഇതിനാവശ്യം. മഞ്ഞൾ വേണ്ട എന്നുണ്ടെങ്കിൽ മറ്റ് രണ്ട് ചേരുവകൾ മാത്രം ചേർത്തിളക്കുക. ഇത് ചർമ്മത്തിന്റെ മങ്ങിയ നിറം അകറ്റുകയും അണുനാശിനിയായി പ്രവർത്തിക്കുകയും ചെയ്യും. വേപ്പ് തേൻ ഫേസ്‌പാക്ക് ഫംഗസ്, ബാക്ടീരിയ തുടങ്ങിയ സൂഷ്‌മജീവികളെ ചെറുക്കാനുള്ള ശേഷി വേപ്പിനുണ്ട്. മുഖക്കുരു അകറ്റാൻ ഇത് വളരെ നല്ലതാണ്. മുഖക്കുരു ഇല്ലാത്ത ചർമ്മത്തിനായി വേപ്പില, തേൻ, മഞ്ഞൾ എന്നിവ ചേർത്ത് കുഴമ്പ് രൂപത്തിലാക്കി ഫേസ് പാക്ക് തയ്യാറാക്കുക.
ചെണ്ടുമല്ലി - റോസ് ഫേസ്‌പാക്ക്
ചെണ്ടുമല്ലിപ്പൂവിന് ബാക്‌ടീരിയകളെയും അണുക്കളെയും അകറ്റാനുള്ള ശേഷി ഉണ്ട്. ഫേസ്പാക്ക് തയ്യാറാക്കുന്നതിന്, പുതിയ ഇതളുകളോ ഉണങ്ങിയ ഇതളുകളോ ഉപയോഗിക്കാം. റോസ് വാട്ടർ ചേർത്തിളക്കി ഇവ മുഖത്ത് പുരട്ടുക. ഇത് ചർമ്മത്തെ പുനരുജ്ജീവിപ്പിക്കുകയും കോശത്തെ പുനരുത്പാദിപ്പിക്കുകയും ചെയ്യും. ചെണ്ടുമല്ലിയും റോസാപ്പൂ ഇതളുകളും ചേർത്ത് ഫേസ് പാക്ക് ഉണ്ടാക്കാം. ആന്റി ഓക്‌സിഡന്റ്, ഫ്ളാവനോയിഡ് എന്നിവ അടങ്ങിയിട്ടുള്ള ചെണ്ട് മല്ലിപ്പൂവ് ചർമ്മം നശിക്കുന്നതിൽ നിന്നും സംരക്ഷിക്കും.