തിരുവനന്തപുരം: കെ സ്വിഫ്‌റ്റ് പദ്ധതി നടപ്പാക്കാൻ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് കെഎസ് ആർടിസിയിലെ തൊഴിലാളി സംഘടനയായ ടിഡിഎഫ്. സിഎംഡി ബിജു പ്രഭാകറുമായുള്ള ചർച്ചയ‌്ക്ക് ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കവെയാണ് യൂണിയൻ നേതാക്കൾ ഇക്കാര്യം വ്യക്തമാക്കിയത്.
അടിസ്ഥാനപരമായി തങ്ങൾക്ക് യോജിക്കാൻ കഴിയാത്ത ചില നിർദേശം സർക്കാരിന്റേതാണെന്ന് പറഞ്ഞ് സിഎംഡി മുന്നോട്ടുവച്ചിരിക്കുകയാണെന്ന് യൂണിയൻ പ്രതിനിധികൾ പ്രതികരിച്ചു. കെഎസ്ആർടിസിയെ നശിപ്പിക്കുന്ന കമ്പനി രൂപീകരണമാണ് അതിൽ ഒന്ന്. കിഫ്‌ബിയിൽ നിന്ന് കെഎസ്ആർടിസിയ‌്ക്ക് പണം നൽകില്ലെന്നാണ് ബിജുപ്രഭാകർ പറഞ്ഞത്. എന്നാൽ കെയുആർടിസിയ‌്ക്ക് പണം നൽകാമെന്നും, അതിനുവേണ്ടി സ്വിഫ്‌റ്റ് എന്ന കമ്പനി രൂപീകരിക്കേണ്ട ആവശ്യമില്ലെന്നും യൂണിയൻ പ്രതിനിധികൾ അഭിപ്രായപ്പെട്ടു. സർക്കാരിന്റെ കാലാവധി ശേഷിക്കുന്ന മൂന്ന് മാസത്തിനിടയ‌്ക്ക് കെഎസ്ആർടിസി ലാഭത്തിലാകാൻ പോകുന്നില്ലെന്നും, കമ്പനി രൂപകരിക്കുന്നതിന്റെ ലക്ഷ്യം കുറച്ചാളുകളെ ജോലിയിൽ തിരികി കയറ്റുക എന്നതാണെന്നും യൂണിയൻ നേതാക്കൾ ആരോപിച്ചു.
കെഎസ്ആർടിസിയുടെ സ്ഥലങ്ങൾ വാടകയക്ക് കൊടുക്കുക്കാനുള്ള ആലോചനയും യൂണിയൻ എതിർത്തു. സ്ഥാപനത്തെ തകർക്കാനും നശിപ്പിക്കാനുമാണ് അതുകൊണ്ട് ഉദ്ദേശമെന്ന് അവർ പ്രതികരിച്ചു. ചർച്ച സൗഹൃദപരമായിരുന്നില്ലെങ്കിലും പിണക്കത്തിൽ അല്ല അവസാനിച്ചതെന്ന് യൂണിയൻ നേതാക്കൾ പറഞ്ഞു.